എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

നീതി ഒരിക്കലും ഉറങ്ങില്ലെന്നും അതിനൊരിക്കലും ഉറങ്ങാനാവില്ലെന്നും വി.എസ് അച്ച്യുതാന്ദന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കൂടെ നില്‍ക്കേണ്ടവര്‍ ചുറ്റുംകിടന്ന് കൂര്‍ക്കം വലിച്ചപ്പോള്‍ അല്ലെങ്കില്‍ ഉറക്കം നടിച്ചുകിടക്കുമ്പോള്‍ ഈ എണ്‍പത്തിയാറാം വയസ്സിലും അച്ച്യുതാനന്ദന്‍ കണ്ണുകള്‍ തുറന്നിരിക്കുന്നു. നീതി നിഷേധങ്ങള്‍ കാണുന്നു. അതിനെതിരേ പ്രതികരിക്കുന്നു. ആരും കൂട്ടില്ലെന്നറിഞ്ഞിട്ടും തളരാതെ തന്റെ ഒറ്റയാള്‍പ്പോരാട്ടം തുടരുന്നു.

അച്ച്യുതാനന്ദന്‍ ‘സ്‌കോര്‍’ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷമാധ്യമങ്ങള്‍. എല്ലാ സ്വപ്‌നങ്ങളും ക്രിക്കറ്റ് ബാറ്റിലും പന്തിലും പിച്ചിലും സ്‌റ്റേഡിയത്തിലും ഒതുക്കി ആവേശംകൊള്ളുന്ന ഇവരൊക്കെ അച്ച്യുതാനന്ദന്‍ ട്രിപ്പിള്‍ സെഞ്വറി അടിച്ചില്ലെന്ന് പറയാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. അങ്ങിനെ പറഞ്ഞാല്‍ ആ കളിക്കാരനെ വാഴ്‌ത്തേണ്ടിവരുമല്ലോ. അവരും പ്രതിപക്ഷനേതാവും ചേര്‍ന്നാണ് അച്ച്യുതാനന്ദനെ ‘കളിക്കാരന്‍ ‘ എന്ന് വിളിക്കുന്നത്.

എന്നാല്‍ അവര്‍തന്നെ പറയുന്ന ഈ കളി മികവിനെ പ്രശംസിക്കാന്‍ അവര്‍ക്കാവുന്നില്ല. അവരെന്നും അനുശീലിച്ച കള്ളക്കളിയുടെ കളത്തിലായിരിക്കും അച്ച്യുതാനന്ദന്റെ കളിയും വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ കണ്ടുകൊണ്ടിരിക്കുന്നത് ‘കീചകവധം’ തന്നെയാണ്. ദുഷ്ടന്‍മാരെ നിഗ്രഹിച്ച് അരങ്ങിലാടിത്തിമിര്‍ക്കുന്ന ഭീമനെയാണ് അവര്‍ ആരാധനയോടെ നോക്കുന്നത്.

ഇതുവരെ അച്ച്യുതാന്ദനെ കളിയരങ്ങില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പലരും അത് ‘ഞമ്മളാണ്’ എന്ന് പറഞ്ഞ് രംഗം കൈയ്യടക്കിയത് കാണുമ്പോള്‍ തലതല്ലി ചിരിക്കാന്‍ തോന്നുന്നു. ഇനി എന്തൊക്കെ കാണാനിരിക്കുന്നുവെന്ന് അടക്കം പറയുന്നു. ഇടമലയാര്‍കേസില്‍ അച്ച്യുതാനന്ദനൊപ്പം ഇവരാരുമുണ്ടായിരുന്നില്ല.

അച്യുതാനന്ദന്‍ വൈരനിര്യാതന ബുദ്ധി കാണിക്കുന്നുവെന്ന് ദൃഢമായി വിശ്വസിച്ചവരാണ് അവരെല്ലാം. ഹൈക്കോടതി ബാലകൃഷ്ണപ്പിള്ളക്കെതിരെ കേസ് തള്ളിക്കളഞ്ഞപ്പോള്‍ ആ കേസുമായി മുന്നോട്ട് പോകാന്‍ കേരളത്തിലെ പാര്‍ട്ടി അച്ച്യുതാനന്ദനൊപ്പമുണ്ടായിരുന്നില്ല. ഭരണം കയ്യടിക്കിയപ്പോഴും അവര്‍ നിസ്സംഗത പാലിച്ചു. അച്ച്യുതാനന്ദന്‍ ഈ കേസ് ജയിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല. ആഗ്രഹിച്ചിരുന്നില്ല. ജനങ്ങളുടെ അവസാനം വരെ പൊരുതുന്ന ഇച്ഛാശക്തിയുടെ ആള്‍രൂപമാണ് വി.എസ് അച്ച്യുതാനന്ദനെന്ന് അവര്‍ മനസ്സിലാക്കിയില്ല.

അടുത്ത പേജില്‍ തുടരുന്നു