എഡിറ്റര്‍
എഡിറ്റര്‍
തൊഗാഡിയ കടല്‍ക്കൊള്ളക്കാരുടെ ചങ്ങാതി
എഡിറ്റര്‍
Saturday 3rd November 2012 9:12am

ചൂഷണത്തിന്റെ പേര് പറഞ്ഞ് ഭിന്നതയുണ്ടാക്കാനുള്ള ശ്രമം പാഴായതോടെയാണ് കടലിന്റെ അവകാശതര്‍ക്കവുമായി തൊഗാഡിയ ഇപ്പോള്‍ എത്തുന്നത്. കടല്‍ ഹിന്ദുവിന്റേതാണെന്ന് സമര്‍ത്ഥിക്കുന്നതിലൂടെ കടപ്പുറവും തീരദേശവും മുഴുവനും ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞ് ഉറപ്പിക്കുകയാണ്. മുസ്‌ലീങ്ങളേയും മറ്റ് മതസ്ഥരേയും തീരദേശത്ത് നിന്ന് ആട്ടിയകറ്റാനുള്ള ആഹ്വാനമാണത്.


എസ്സേയ്‌സ് /ബാബു ഭരദ്വാജ്


കടല്‍ ഹിന്ദുക്കളുടേതാണെന്ന് പറയാനാണ് തൊഗാഡിയ കേരളത്തിലെത്തിയത്. അപ്പോള്‍ കരയോ? അത് ഹിന്ദുക്കളുടേതാണെന്ന് തൊഗാഡിയയും കൂട്ടരും നേരത്തെ പറഞ്ഞ് ഉറപ്പിച്ചുകഴിഞ്ഞതാണ്. ഇങ്ങനെ ഭാഗം വെച്ച് പോവുമ്പോള്‍ ജനങ്ങള്‍ക്ക് എന്താണ് കിട്ടുക. ഇവിടെ ഇപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഉള്ളത്.

ഇവിടെ ഇപ്പോള്‍ തീവ്രവാദികള്‍ തമ്മിലുള്ള ഭാഗംവെപ്പും ഒത്തതീര്‍പ്പുമാണ് നടക്കുന്നത്. അവര്‍ തമ്മിലുള്ള വിലപേശലിലാണ് പൊതുസമൂഹം കുടങ്ങിക്കിടക്കുന്നത്. അതുകൊണ്ടായിരിക്കണം കേരളത്തിലെ ഇടത് വലത് പക്ഷം പ്രസംഗം കേട്ട് മിണ്ടാതിരിക്കുന്നത്. ഒരുപക്ഷേ അവര്‍ രഹസ്യമായി കൈകൊട്ടുന്നുമുണ്ടാവണം. ഒരു പുതിയ അജണ്ട വീണുകിട്ടിയിരിക്കുന്നു. അത് എങ്ങനെ വിറ്റഴിക്കും എന്ന ആലോചനയിലായിരിക്കും തത്പരകക്ഷികളെല്ലാം. വിദ്വേഷത്തിന്റെ വിത്തുകള്‍ വീഴുന്നതും മുളയ്ക്കുന്നതും അവര്‍ക്ക് ഏറെ ഹിതകരമായിരിക്കും.

Ads By Google

തൊഗാഡിയയ്ക്ക് പെട്ടെന്നുണ്ടായ ഒരു ഉള്‍വിളിയല്ലിത്. അതിന് ചരിത്രവും കാലവുമുണ്ട്. 1960 കളില്‍ സംഘപരിവാറിലെ ബുദ്ധിപാഠശാലയായ രാഷ്ട്രീയ സ്വയം സേവക് കേരളത്തില്‍ കാലെടുത്ത് വെയ്ക്കുന്നത് അമ്പലമുറ്റങ്ങളിലെ ചന്ദനസുഗന്ധത്തിലേക്കായിരുന്നില്ല. കടപ്പുറത്തെ മീന്‍നാറ്റങ്ങളിലേക്കായിരുന്നു. ആര്‍.എസ്.എസിന്റെ ശാഖകള്‍ ആദ്യമായി മുളച്ച് പൊന്തിയതും നമ്മുടെ കടല്‍ത്തീരങ്ങളില്‍ ആയിരുന്നു.

നമ്മുടെ രാഷ്ട്രീയചരിത്രകാരന്‍മാര്‍ അതറിഞ്ഞുകാണില്ല. അതറിഞ്ഞിട്ടും അറിഞ്ഞതായി നടിച്ചിട്ടുണ്ടാവില്ല. ഈ രാഷ്ട്രീയ നീക്കത്തിന് ഒരുപാട് സവിശേഷതകളുണ്ടായിരുന്നു. ഇത്രയും കാലം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ താത്പര്യം കാണിക്കാത്ത ഒരു മേഖലയായിരുന്നു അത്. ചുരുക്കത്തില്‍ ആരും കൈയേറാന്‍ താത്പര്യപ്പെടാതെ പൊളിഞ്ഞുകിടന്നിരുന്ന ഒരിടം. ഇപ്പോഴാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കടപ്പുറത്തിനോട് കമ്പം.

കടലില്‍ വലവീശി മീന്‍കൊയ്ത്ത് നടത്താന്‍ മാത്രമല്ല കരകൂടി കൈക്കലാക്കാനും കൊള്ളയടിക്കാനും മീന്‍പിടിക്കാനും റിസോര്‍ട്ടുകള്‍ നടത്താം ആയുര്‍വേദ തിരുമ്മ് സുഖചികിത്സ നടത്താം ടൂറിസം നടത്താം. മണല്‍ ഊറ്റാം. ഇക്കാലത്ത് നെയ്യപ്പം തിന്നാല്‍ രണ്ടല്ല ഒരുപാട് കാര്യങ്ങളുണ്ട്. തൊഗാഡിയയുടെ കടല്‍സ്‌നേഹത്തിനും ഇതൊക്കെ കെട്ടുപിണഞ്ഞ് കിടക്കുന്നുണ്ട്.

തൊഗാഡിയയുടെ ഈ കടല്‍ സിന്‍ട്രോം ഒരുതരം കടല്‍ചൊരുക്കാണ്. മനംപിരട്ടല്‍. അതിന്റെ കാരണം മുക്കുവരോടുള്ള സ്‌നേഹമല്ല. ഹിന്ദുമതത്തിന്റെ രക്ഷയ്ക്കുമല്ല, ഭൂമാഫിയയ്ക്ക് വേണ്ടിയാണ്. കടല്‍ക്കൊള്ളയേക്കാള്‍ അതിന്റെ ഉന്നം കരക്കൊള്ളയാണ്.

തൊഗാഡിയയുടെ മുന്‍കാലനേതാക്കള്‍ കടപ്പുറത്തിറങ്ങിയപ്പോള്‍ ഇതിത്ര വലിയ പെരുങ്കടലാണെന്ന് മനസിലാക്കിയിരുന്നില്ല. മതസ്പര്‍ദ്ദ വളര്‍ത്താന്‍ പറ്റിയ ഒരിടമായിട്ട് മാത്രമേ അവര്‍ കടപ്പുറത്തെ കണ്ടിരുന്നുള്ളു. ഇടതുപക്ഷ പാര്‍ട്ടികള്‍ പോലും കടന്നുചെല്ലാത്ത ‘ഒരു രാഷ്ട്രീയ കന്യാഭൂമി’

‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാക്കാന്‍’ ഓടിനടന്ന കാലത്ത്, അധ്വാനിക്കുന്ന ജനവിഭാഗം പാടത്തും പറമ്പിലും ഫാക്ടറിയിലും മാത്രമാണുള്ളതെന്ന വികലമായ തൊഴിലാളി വര്‍ഗ ചിന്താഗതിയുണ്ടായിരുന്ന കാലത്ത് കടലിനേയും കടലിലെ തൊഴിലാളികളേയും അവര്‍ കണ്ടില്ല. ചിലതൊക്കെ കാണാനും ചിലതൊക്കെ കാണാതിരിക്കാനും അവര്‍ വിദഗ്ധന്‍മാരായിരുന്നു. മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ത്ഥ കര്‍ഷകനായ കര്‍ഷകത്തൊഴിലാളിയെ കാണാതെ വരമ്പില്‍ കുടചൂടി നിന്ന പാട്ടക്കാരനെ കണ്ട പ്രസ്ഥാനമായിരുന്നല്ലോ അത്.

വരമ്പത്ത് നിന്ന പാട്ടക്കാരനെ നിയമനിര്‍മ്മാണത്തിലൂടെ ഭൂമി പതിച്ചുകൊടുത്തതിന് ശേഷമാണ് അവര്‍ കര്‍ഷകത്തൊഴിലാളിയേയും കൂലിയേയും കുറിച്ച് ആലോചിക്കുന്നത്. എസ്‌റ്റേറ്റ് ഉടമകള്‍ക്ക് വേണ്ടി മലകളും കാടും പതിച്ച് നല്‍കിയത് അവരാണ്. എസ്റ്റേറ്റ് ഉടമകളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയത് തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയാണെന്നാണ് അവര്‍ പറഞ്ഞ് നടന്നിരുന്നത്. ഇന്ന് ആ തോട്ടവും തൊഴിലാളികളും എവിടെയാണെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

ഞാന്‍ കടപ്പുറത്ത് നിന്ന് മലകയറിയത് ഒരു രസത്തിന് വേണ്ടിയല്ല. കടപ്പുറത്തെ പുതിയ രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ച് നമ്മള്‍ മല കൂടി കാണേണ്ടിവരും. മലയില്‍ ഭൂമിയുള്ളത് പോലെ കടലിലും ഭൂമിയും കരയുമൊക്കെയുണ്ട്. പുറംകടലിലെ മീന്‍പിടുത്തക്കാര്‍ ഒരു രാഷ്ട്രീയ ശക്തിയാവേണ്ടതായിരുന്നു. അസംഘടിതമായിരുന്നു. എന്നാല്‍ സംഘടിപ്പിക്കാന്‍ എളുപ്പമുള്ള ഒരു ജനതയുമായിരുന്നു. അവര്‍ കൂട്ടത്തോടെ കടലിനോട് തൊട്ടുള്ള കുടിലുകളില്‍ കഴിയുന്നവരായിരുന്നു. അവര്‍ കടലിലും കരയിലും സംഘശക്തിയായിരുന്നു.

അസംഘടിതമായ ഒരുപറ്റം ആളുകളെ സംഘടിപ്പിച്ച് കളയാം എന്ന് കരുതിയില്ല ആര്‍.എസ്.എസ് എത്തുന്നത്. കടല്‍കാറ്റില്‍ തീ ആളിപ്പിടിക്കാന്‍ എളുപ്പമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ്. കടപ്പുറത്ത് ദശാബ്ദങ്ങളായി നിലനിന്ന ഒരു തൊഴില്‍ വിഭജനവും സംസ്‌ക്കാരവും ഉണ്ടായിരുന്നു. മീന്‍ പിടിക്കുന്ന മുക്കുവരും മീന്‍ വിക്കുന്ന മുസ്‌ലീങ്ങളും ചേര്‍ന്ന പാരസ്പര്യമായിരുന്നു അത്.

അന്‍പതുകളിലും അറുപതുകളിലും ഇടപാടുകള്‍ പാവങ്ങളായ മുക്കുവരും പാവങ്ങളായ മുസ്‌ലീങ്ങളുമായിരുന്നു. യഥാര്‍ത്ഥത്തില്‍ അതൊരു ചൂഷണമായിരുന്നില്ല. പാരസ്പര്യമായിരുന്നു. രണ്ട് കൂട്ടര്‍ക്കും ജീവസന്താരണത്തിന് മാത്രം ഉതകുന്ന തൊഴില്‍വിഭജനം.

കടലില്‍ മീന്‍പിടിക്കുന്ന മുക്കുവര്‍ കച്ചവടത്തിനിറങ്ങാറില്ല. കടലിലെ മീന്‍ നാടുതോറും നടന്ന് വില്‍ക്കുന്ന പണി മുസ്‌ലീങ്ങളുടേതായിരുന്നു. മീന്‍ വില്‍ക്കേണ്ട മാപ്പിളയുടെ കാലിന്റെ മൂളക്കവും കൂക്കുവിളിയും കാത്ത് ഇടവഴികളിലൂടെ പെരുവഴികളിലൂടെ ഓരത്തും വീട്ടുപറമ്പുകളിലും ആള്‍ക്കാര്‍ നിന്നിരുന്നു. ഇന്ന് പ്രധാനമായും മീന്‍ വില്‍പ്പനക്കാര്‍ മുസ് ലീങ്ങള്‍ തന്നെയാണ്. മീന്‍ ഒരു വന്‍കിട വ്യാപാരമായതോടെ മീനിന്റെ സംസ്‌ക്കരണവും ശീതീകരണവും കയറ്റുമതിയും ഒക്കെ വികസിച്ചതോടെയാണ് വന്‍കിടക്കാര്‍ കടപ്പുറം കയ്യടക്കുന്നത്.

അന്‍പതുകളിലും അറുപതുകളിലും ഇടപാടുകള്‍ പാവങ്ങളായ മുക്കുവരും പാവങ്ങളായ മുസ്‌ലീങ്ങളുമായിരുന്നു. യഥാര്‍ത്ഥത്തില്‍ അതൊരു ചൂഷണമായിരുന്നില്ല. പാരസ്പര്യമായിരുന്നു. രണ്ട് കൂട്ടര്‍ക്കും ജീവസന്താരണത്തിന് മാത്രം ഉതകുന്ന തൊഴില്‍വിഭജനം ഇതില്‍ വിള്ളലുകളുണ്ടാക്കുവാനും കടപ്പുറത്ത് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ഒരു സംഘടിത ശക്തിയെ സൃഷ്ടിച്ചെടുക്കാനുമുള്ള ഉദ്യമം മാത്രമായിരുന്നു ആര്‍.എസ്.എസിന്റെ രംഗപ്രവേശം. ചില സംഘര്‍ഷങ്ങളും ചെറിയ തോതിലുള്ള സാമൂഹ്യാസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കാന്‍ ഇതിന് കഴിഞ്ഞെങ്കിലും വര്‍ഗീയകലാപമാക്കി മാറ്റാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞില്ല. അതിനൊരു കാരണം ഇനിയും തീര്‍ത്തും വഷളായി മാറാത്ത കേരളത്തിന്റെ പൊതുജീവിതമണ്ഡലം തന്നെയായിരിക്കണം

ചൂഷണത്തിന്റെ പേര് പറഞ്ഞ് ഭിന്നതയുണ്ടാക്കാനുള്ള ശ്രമം പാഴായതോടെയാണ് കടലിന്റെ അവകാശതര്‍ക്കവുമായി തൊഗാഡിയ ഇപ്പോള്‍ എത്തുന്നത്. കടല്‍ ഹിന്ദുവിന്റേതാണെന്ന് സമര്‍ത്ഥിക്കുന്നതിലൂടെ കടപ്പുറവും തീരദേശവും മുഴുവനും ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞ് ഉറപ്പിക്കുകയാണ്. മുസ്‌ലീങ്ങളേയും മറ്റ് മതസ്ഥരേയും തീരദേശത്ത് നിന്ന് ആട്ടിയകറ്റാനുള്ള ആഹ്വാനമാണത്.

ഈ തീരദേശത്താണ് ഹിന്ദുക്കളും മുസ് ലീങ്ങളും ഇടതങ്ങിപ്പാര്‍ക്കുന്നത്. ഒരുപക്ഷേ ശതമാനക്കണക്കില്‍ മുസ്‌ലീം ജനസാമാന്യം ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നത് ഈ തീരദേശത്തായിരിക്കണം. അവരുടെ ജീവസന്താരണം തീര്‍ത്തും കടലുമായി ബന്ധപ്പെട്ടതാണ്. തലമുറകളായി അവര്‍ പുലര്‍ന്ന് വന്നത് മത്സ്യബന്ധനത്തേയും വിതരണത്തേയും ആശ്രയിച്ചാണ്.

തൊഗാഡിയയുടെ ഈ കടല്‍ സിന്‍ട്രോം ഒരുതരം കടല്‍ചൊരുക്കാണ്. മനംപിരട്ടല്‍. അതിന്റെ കാരണം മുക്കുവരോടുള്ള സ്‌നേഹമല്ല. ഹിന്ദുമതത്തിന്റെ രക്ഷയ്ക്കുമല്ല, ഭൂമാഫിയയ്ക്ക് വേണ്ടിയാണ്. കടല്‍ക്കൊള്ളയേക്കാള്‍ അതിന്റെ ഉന്നം കരക്കൊള്ളയാണ്.

Advertisement