”സ്വാതന്ത്ര്യം, നീതി, നിര്‍ഭയത” എന്ന അതിന്റെ മുദ്രാവാക്യം കൃത്യമായും സത്യമാണെന്ന് നമ്മളൊക്കെ കരുതിയിരുന്നു. ആ മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നിര്‍ഭയമായി സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് എന്ന് അതിന്റെ ദിവ്യനായ പത്രാധിപകന്‍ സംശയലേശമില്ലാതെ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.


tarun-tejpal-1.


എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

babu-baradwajനമ്മുടെ രാഷ്ട്രീയത്തിലെ ഒരുപാട് കൊള്ളരുതായ്മകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമമാണ് തെഹല്‍ക. അഴിമതിയുടെ കൂടാരങ്ങളില്‍ പടയോട്ടം നടത്തി നമ്മുടെ പൊതുബോധങ്ങളെ അതിശയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്ത ഈ മാധ്യമപ്രവര്‍ത്തനത്തെ ധീരമെന്നാണ് വാഴ്ത്തപ്പെട്ടിരുന്നത്.

ഗുജറാത്തിലെ നരഹത്യയും അതിലെ ഭരണകൂടത്തിന്റെ പങ്കാളിത്തവും ആയുധ ഇടപാടിലെ കുംഭകോണങ്ങളും പാര്‍ട്ടി നേതാക്കളുടെ വഴിപിഴച്ച പണ സമ്പാദനവും ഒക്കെ വലിച്ച് പുറത്തിട്ട” തെഹല്‍ക്ക”യും അതിന്റെ പ്രവര്‍ത്തകരും അപകടകരമായി മാധ്യമ പ്രവര്‍ത്തനം കയ്യാളിയവരാണ്.

അതുകൊണ്ടുതന്നെയാണ് അവരെ ധീരരായി നമ്മുടെയൊക്കെ നിഷ്‌കളങ്കബോധം വാഴ്ത്തിയത്. എന്നും രക്ഷകരെ  കാത്തിരിക്കുന്ന പൊതുജനങ്ങള്‍ ആ മാധ്യമപ്രസ്ഥാനത്തേയും അതിന്റെ പ്രവര്‍ത്തകരേയും രക്ഷകരായി കരുതി.

ആ രക്ഷക സമൂഹത്തിന്റെ അപ്പോസ്തലനായിരുന്നു അതിന്റെ പത്രാധിപരായ തരുണ്‍ തേജ്പാല്‍. ആരും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന മണിപ്പൂരിലെ സായുധസേനാ പ്രത്യേകാധികാര നിയമം എന്ന കാടന്‍ നിയമത്തിന്റെ അത്യന്തവും ക്രൂരവും നിന്ദ്യവുമായ ഉള്ളുകളികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തെഹല്‍ക്ക കാണിച്ച ധൈര്യവും ജനങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചു.

tehelka1”സ്വാതന്ത്ര്യം, നീതി, നിര്‍ഭയത” എന്ന അതിന്റെ മുദ്രാവാക്യം കൃത്യമായും സത്യമാണെന്ന് നമ്മളൊക്കെ കരുതിയിരുന്നു. ആ മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നിര്‍ഭയമായി സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് എന്ന് അതിന്റെ ദിവ്യനായ പത്രാധിപകന്‍ സംശയലേശമില്ലാതെ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.

പത്രാധിപന്റെ ഈ അതിരുവിട്ട കളികളെ മൂടിവെയ്ക്കാനുള്ള വിഫലശ്രമമാണ് തെഹല്‍ക്കയും അതിന്റെ നടത്തിപ്പുകാരും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. അതാണ് പ്രശ്‌നം.

അവിടെയാണ് ഞങ്ങളുടെ വിയോജിപ്പ്. ഇവിടെ ലൈംഗികതയോ സദാചാരമോ മൂല്യങ്ങളോ പെരുമാറ്റമോ ഒന്നുമല്ല തര്‍ക്കവിഷയം. അത്തരത്തില്‍ ഈ വര്‍ഗീകരണം നടത്തി ആണിനേയും പെണ്ണിനേയും നിതാന്തവൈരികളാക്കുന്നതിനോടും ഞങ്ങള്‍ക്ക് യോജിപ്പില്ല.

ഇതെല്ലായിടത്തും നടക്കുന്നതാണെന്നും മാധ്യമങ്ങള്‍ അതില്‍ നിന്നൊഴിവല്ല എന്നാണിത് കാണിക്കുന്നതെന്നും വാദിച്ച് തരുണ്‍ തേജ്പാലിന്റെ നീചവൃത്തിയെ നാട്ടുനടപ്പായോ അനുഷ്ഠാനമായോ ആചാരമായോ മാറ്റുന്നതിനോടും ഞങ്ങള്‍ വിയോജിക്കുന്നു.

തരുണ്‍ തേജ്പാല്‍ സമ്മതിച്ചതുപോലെ ”അറിയാതെ പറ്റിയ തെറ്റായോ ” ”പരിതസ്ഥിതികള്‍ വിലയിരുത്തുന്നതില്‍ പറ്റിയ അബദ്ധമായോ ” സമൂഹത്തിനെ ബാധിച്ച ”എഴുത്തായോ” ”കാറ്റുവീഴ്ചയായോ ” ” അര്‍ബുദമായോ” സിദ്ധാന്തവല്ക്കരിക്കുന്നതിനോടും ഞങ്ങള്‍ വിയോജിക്കുന്നു.

ഇതൊരു വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അതാണേറ്റവും പ്രധാനം. ഇതുവരെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും രാഷ്ട്രവ്യവഹാരങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും മാനവികവും സാമൂഹികപരമായ മറ്റെല്ലാ അവസ്ഥകളിലും തരുണ്‍ തേജ്പാലും തെഹല്‍ക്കയും പുലര്‍ത്തിയെന്നു പറയുന്ന വിശ്വാസ്യതയുടെ തകര്‍ച്ചയാണിത്.

അതാകട്ടെ ഇനിയൊരിക്കലും പുന:സ്ഥാപിക്കാന്‍ പറ്റുകയുമില്ല. അതത്ര നിസ്സാരവുമല്ല. എല്ലാം നഷ്ടപ്പെടുന്ന ഒരു ജനതക്ക് വിശ്വാസം കൂടി നഷ്ടപ്പെടുന്നത് ”ഭീകരമാണ്”. അതുകൊണ്ടാണ് ഈ സംഭവം തന്നെ അമ്പരപ്പിക്കുന്നില്ലെന്നും പകരം ഹൃദയം തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും അരുന്ധതി റോയ് പ്രസ്താവിക്കുന്നത്.

ഈ സംഭവത്തിനുശേഷം അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തരുണ്‍ തേജ്പാല്‍ നടത്തുന്നതും ആരോപണങ്ങള്‍ പിന്‍വലിപ്പിക്കാന്‍ തരുണ്‍ തേജ്പാലിന്റെ ബന്ധുക്കള്‍ നടത്തുന്നതും ആയ കുത്സിത ശ്രമങ്ങള്‍ കൂടി കാണുമ്പോള്‍ നമ്മുടെയൊക്കെ പൊട്ടിത്തകര്‍ന്ന ഹൃദയങ്ങള്‍ വിറങ്ങലിക്കുകയും ചെയ്യുന്നു.

‘തെഹല്‍ക്ക’ ഇപ്പോള്‍ ചരിത്രത്തില്‍ നിന്നും തന്നെ നിഷ്‌കാസിതമാവുന്നതിനാണ് നമ്മളിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സ്വതന്ത്രവും നിര്‍ഭയവും നീതിയിലധിഷ്ഠിതവുമായ ഒരു മാധ്യമത്തിന്റെ അപ്രത്യക്ഷമാവല്‍ മാത്രമല്ലിത്, അതിന്റെ ചരിത്രം കൂടിയാണ് ഇല്ലാതാവുന്നത്.

അടുത്ത പേജില്‍ തുടരുന്നു