adaminte-makan-abu the best film 2011

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

പതിനാറു ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ മലയാള സിനിമയെയും സിനിമാപ്രവര്‍ത്തകരെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇതില്‍ ചില അവാര്‍ഡുകള്‍ മലയാള സിനിമാപ്രവര്‍ത്തനത്തിനും ചിലതൊക്കെ അന്യഭാഷാ ചിത്രങ്ങളിലെ മികവിനും ലഭിച്ച പുരസ്‌കാരങ്ങളാണ്. എങ്കിലും ഇവരെല്ലാം ഇന്നും മലയാളസിനിമയിലെ നിറസാന്നിധ്യങ്ങളാണ്.

ഏറ്റവും മികച്ച ചലച്ചിത്രമായി ‘ആദാമിന്റെ മകന്‍ അബു’ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു. ആ സിനിമയുടെ സംവിധായകന്‍ സലിം അഹമ്മ്ദിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു, ഒപ്പം അതിന്റെ നിര്‍മ്മാതാവായ കാസര്‍കോട്ടുകാരനായ അഷ്‌റഫ് ബെഡിയെയും. മറ്റെല്ലാ പത്രങ്ങളും നിര്‍മ്മാതാവിന്റെ പേരു മറന്നുപോയപ്പോള്‍ ‘തേജസ്’ ദിനപ്പത്രം മാത്രമാണ് അഷ്‌റഫ് ബെഡിയുടെ പേരോര്‍മിച്ചതും ഫോട്ടോ കാണിക്കാന്‍ കനിവു കാണിച്ചതും.

ഏറ്റവും നല്ല മലയാളസിനിമയായി ‘വീട്ടിലേക്കുള്ള വഴി’ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ഡോ:ബിജുവിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു, ഒപ്പം നിര്‍മാതാവായ ബി.സി ജോഷിയെയും.’തേജസ്്’ മാത്രമാണ് ബി.സി ജോഷിയെ ഓര്‍ത്തതെന്നും ഞങ്ങളോര്‍ക്കുന്നു. ‘മാടമ്പി’യും ‘പ്രമാണി’യുംപോലുള്ള തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിനുശേഷമാണ് ഒരു നല്ല സിനിമ നിര്‍മിക്കാന്‍ ബി.സി ജോഷി ഒരുമ്പെട്ടതെന്ന കാര്യം ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല.

ഇത്തരം ചലച്ചിത്ര പരിശ്രമങ്ങളെ അഭിനന്ദിക്കുകയെന്നത് പരമപ്രധാനമാണ്. കാരണം ജനങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നുമുള്ള അഭിനന്ദനങ്ങള്‍ ഇത്തരം നിര്‍മാതാക്കള്‍ക്ക് നല്ല സിനിമ നിര്‍മിക്കാനുള്ള പ്രചോദനം ഉണ്ടാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട സലിംകുമാറിനെ ഞങ്ങള്‍ ഹൃദയപൂര്‍വം ആശ്ലേഷിക്കുന്നു.

നല്ല സിനിമകള്‍ക്കും നല്ല സിനിമാപ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം നല്‍കാന്‍ ആര്‍ജവം കാണിച്ച ജൂറിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. അവര്‍ ഇന്ത്യയിലെ നല്ല സിനിമയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും പ്രയോക്താക്കള്‍ക്കും ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള പുതിയ പ്രത്യാശകള്‍ക്ക് വഴിയൊരുക്കുന്നു. സിനിമ ഇനി പഴയതുപോലെയാവില്ലെന്ന് ആശിക്കാന്‍ ഈ പുരസ്‌കാരനിര്‍ണയം ഒരു നിമിത്തമായി ഭവിക്കുന്നു. സിനിമാരംഗത്ത് നവീകരണത്തിന്റെ ഒരു പുതിയ സന്ദേശമാണ് ഈ പുരസ്‌കാരനിര്‍ണയം നല്‍കുന്നത്.

എന്നാല്‍ നമ്മുടെ പത്രമാധ്യമങ്ങളും ദേശീയമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നില്ല എന്ന കാര്യത്തില്‍ ഞങ്ങള്‍ നിരാശരാണ്. ചലച്ചിത്രപുരസ്‌കാരവാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയ പത്രങ്ങള്‍ നടന്മാര്‍ക്കും നടികള്‍ക്കും പ്രാധാന്യംകൊടുക്കുകയും അവരെ പെരുപ്പിച്ചും പുകഴ്ത്തിയും വലുതാക്കുമ്പോള്‍ യഥാര്‍ത്ഥ സിനിമാ പ്രവര്‍ത്തകരായ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അവരര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല. അച്ചടിച്ചുവന്ന ഫോട്ടോകളുടെ വലുപ്പച്ചെറുപ്പം മാത്രമല്ല ഈ നിരീക്ഷണത്തിനാധാരം, വാര്‍ത്തകളുടെ ഊന്നലില്‍ നിറഞ്ഞുനില്‍ക്കുന്നത് സ്‌ക്രീനിന്റെ വെള്ളിവെളിച്ചത്തിലെ നടന്മാരും നടികളുമാണ്.

ഈ നടീനടന്മാരുടെ പ്രാധാന്യം ഞങ്ങള്‍ ഒട്ടും കുറച്ചു കാണുന്നില്ല. എന്നാല്‍ സംവിധായകനാണ് സിനിമയുടെ സ്രഷ്ടാവും ശില്പിയുമെന്ന് ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഒപ്പം സംവിധായകനൊപ്പംനിന്ന് ഇത്തരം സൃഷ്ടികള്‍ക്ക് നിമിത്തമായ നിര്‍മാതാക്കളും ഈ ചരിത്രദൗത്യങ്ങളുടെ അവകാശികളാണ്. ഒരു പക്ഷെ, സിനിമ കാണുന്നവര്‍ക്ക് വെള്ളിത്തിരയിലെ അഭിനേതാവിനോടായിരിക്കും കൂടുതല്‍ കൂറ്. എന്നാല്‍ ഒരു മാധ്യമം ഇത്തരം ആവേശക്കുരുക്കില്‍ വന്ന് ചാടരുത്.

ഒരുപാട് വര്‍ഷങ്ങളായി കച്ചവടസിനിമകളുടെ കരവലയത്തില്‍ അമര്‍ന്നു കിടന്നിരുന്ന പുരസ്‌കാരസമിതികള്‍, താരങ്ങളുടെ ജാഡകളിലും അധിനിവേശത്തിലും പെട്ടുകിടന്ന സിനിമാമൂല്യബോധം തുടങ്ങിയവയൊക്കെ ഇതോടെ മോചിതമായി എന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ അയഥാര്‍ത്ഥസിനിമയെ പ്രതിരോധിക്കാനായി ജീവിതം അര്‍പ്പിച്ച യഥാര്‍ത്ഥ സിനിമക്കാരെ ഊര്‍ജസ്വലരാക്കാന്‍ ഈ അവാര്‍ഡ് നിര്‍ണയത്തിനു കഴിഞ്ഞെന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.


ഇനി വരും കൊല്ലങ്ങളിലെ പുരസ്‌കാരസമിതികള്‍ക്ക് ഈ വര്‍ഷത്തെ പുരസ്‌കാരസമിതി സൃഷ്ടിച്ച മഹത്തായ പാരമ്പര്യത്തെ പൂര്‍ണമായി നിഷേധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ബോളിവുഡിനെയും കോളിവുഡിനെയും അവിടങ്ങളിലെ താരചക്രവര്‍ത്തിമാരെയും പൂര്‍ണമായി നിഷേധിച്ചുകൊണ്ട് നടന്ന ഈ പുരസ്‌കാരനിര്‍ണയം നമ്മുടെ കാലഘട്ടത്തില്‍ ചലച്ചിത്രമേഖലയില്‍ സംഭവിച്ച ഏറ്റവും വലിയ വിപ്ലവമാണ്.

ഈ പുരസ്‌കാരനിര്‍ണയം ഏറ്റവുംകൂടുതല്‍ അമ്പരപ്പിച്ചതും പ്രകോപിപ്പിച്ചതും താരചക്രവര്‍ത്തിമാരെയായിരിക്കണ്. പുരസ്‌കാരം ലഭിച്ച സലിംകുമാറിനെ അഭിനന്ദിക്കാന്‍ ആദ്യം എത്തേണ്ടിയിരുന്നവര്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു. അവരതിന് തയ്യാറായില്ല എന്നതുതന്നെ ഇതിന് തെളിവാണ്. മുമ്പൊരിക്കല്‍ കലാഭവന്‍മണി ഏറ്റവും നല്ലനടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുര്‍മുഖം കാണിക്കുകയും കലാഭവന്‍മണി മിമിക്രിക്കാരനാണെന്ന് സൂചിപ്പിച്ചതും ഇവരൊക്കെത്തന്നെയാണ്.

സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം കിട്ടുമെന്നുറപ്പിച്ച അവസരത്തില്‍ അയാള്‍ മിമിക്രിക്കാരനാണെന്ന് പറഞ്ഞവര്‍ ജൂറിയിലെ മലയാളികളാണ്. അതുകൊണ്ടുതന്നെ മലയാളസിനിമയ്ക്ക് ഇത്രയേറെ അവാര്‍ഡ് കിട്ടിയത് ജൂറിയില്‍ മലയാളികളായ ആരുമില്ലാത്തതാണെന്ന ദിലീപിന്റെയും ലാല്‍ജോസിന്റെയും നിരീക്ഷണം ശരിയുമാണ്. അവര്‍ രണ്ടുപേരും ജൂറിയിലെ മലയാളസാന്നിധ്യത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ്.

ഇത്തവണത്തെ പുരസ്‌കാരനിര്‍ണയസമിതിയില്‍ മലയാളികളാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഈ പുരസ്‌കാരനിര്‍ണയത്തില്‍ പങ്കാളികളായിരുന്നെങ്കില്‍ സംവാദങ്ങളില്‍ താരചക്രവര്‍ത്തിമാരുടെ ഏജന്റുമാരും മാധ്യമങ്ങളിലെ അവരുടെ അനുചരന്മാരും അവരെ വിമര്‍ശനങ്ങള്‍കൊണ്ട് എയ്തുവീഴ്ത്തിയേനെ. അവര്‍ സിനിമാരംഗത്ത്‌നിന്നും തീര്‍ത്തും തിരസ്‌കൃതരായേനെ.

അവാര്‍ഡുകള്‍കൊണ്ടൊന്നും താരാധിപത്യം അവസാനിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. നല്ല സിനിമകളെ പ്രോല്‍സാഹിപ്പിക്കാന്‍ മാധ്യമങ്ങളും കാണികളും ഓടിയൊന്നും വരില്ല. താരങ്ങള്‍ ഉണ്ടാക്കിയ സ്തുതിപാഠകസംഘങ്ങള്‍ നല്ല സിനിമയെ എതിര്‍ത്തുകൊണ്ടേയിരിക്കും. എന്നാല്‍ ഒന്ന് പൊരുതി നോക്കാനുള്ള ആത്മവിശ്വാസം ഈ പുരസ്‌കാരനിര്‍ണയം നല്ല സിനിമയുടെ വക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. അത്തരം ആത്മവിശ്വാസങ്ങള്‍ ഭാവിയില്‍ ഒരു പക്ഷേ കാണികളിലും മൂല്യബോധമുണ്ടാക്കിയെടുക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.

ഇനിവരും കാലങ്ങള്‍ യഥാര്‍ത്ഥ സിനിമയുടേതാകട്ടെ. പുതിയ സിനിമയുടെ പൂക്കാലത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.