Categories

പ്രിയപ്പെട്ട ഒബാമ, ഞങ്ങളുടെ നാടിന്റെ ഐശ്വര്യം

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

ഇത്തരമൊരു അനുഗ്രഹപരസ്യം നമ്മുടെ വീടുകളിലും ഭരണകേന്ദ്രങ്ങളിലും സ്ഥാപിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. നമ്മളെ ആരും രക്ഷിക്കാനില്ലാത്ത കാലത്ത് ഏകരക്ഷകനായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ മാത്രമേയുള്ളൂ. എല്ലാ കാര്യത്തിലും, നമ്മള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലും നമുക്കിനി ആകെ ആശ്രയിക്കാനുള്ളത് ഒബാമയെ മാത്രമാണ്.

ആര് പറഞ്ഞാലും തമിഴ്‌നാട് വഴങ്ങില്ല. അതിനുള്ള കാരങ്ങള്‍ വേറൊരു കുറിപ്പില്‍ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. തമിഴ്‌നാടിനെ അനുസരിപ്പിക്കാന്‍ തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രിയ്ക്കും കഴിയില്ല. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെത്തന്നെ അനുസരിപ്പിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് പറഞ്ഞുകേള്‍ക്കുന്നു. അതും വെറും പറച്ചിലാവാം. പ്രധാനമന്ത്രി പറയുന്നത് തന്നെയായിരിക്കും മന്ത്രിമാര്‍ ചെയ്യുന്നത്.

മന്‍മോഹന്‍ ഇങ്ങിനെ കൈ നനയാതെ പിടിയ്ക്കുന്ന മീനുകളൊക്കെ പൊരിയുന്ന അടുക്കള ഏതാണെന്നാണ് നമ്മളറിയേണ്ടത്. ആ അടുക്കുള്ള ആരുടെ നിയന്ത്രണത്തിലാണെന്നും.മന്‍മോഹന്‍ സിംഗിന്റെ ‘കീ’ ആരുടെ കയ്യിലാണെന്നും ആ ചാവി തിരിയ്ക്കുന്നത് ആരാണെന്നും അറിയുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഒബാമയുടെ മുന്‍പില്‍ ഈ നിവേദനം സമര്‍പ്പിക്കേണ്ടിവരുന്നത്.

ഞങ്ങളെ ഭരിക്കുന്നതില്‍ മന്‍മോഹന്‍ സിംഗിന് അങ്ങ് നല്‍കുന്ന നിര്‍ലോപമായ സഹായം ഞങ്ങളെ കോരിത്തരിപ്പിക്കുന്നു. അങ്ങയുടെ സഹായമില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എവിടെയെത്തുമായിരുന്നെന്ന് ഞങ്ങള്‍ ആശങ്കിക്കാറുമുണ്ട്.

ലോകത്തിലെ മുഴുവന്‍ മനുഷ്യാവകാശ കുത്തക അമേരിക്കയ്ക്കാണ്. അമേരിക്കയുടെ നാഥന്‍ എന്ന നിലയില്‍ ഈ മനുഷ്യാവകാശ ധ്വംസനത്തില്‍ അങ്ങയ്ക്ക് ഇടപെടാതിരിക്കാനും വയ്യ

ജെയ്താപൂരം കൂടംകുളവും പോലുള്ള ആറ്റോമിക് റിയാക്ടറുകള്‍ അങ്ങയുടെ കൃപാകടാക്ഷം കൊണ്ടാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ദൈവം തമ്പുരാനെപ്പോലെ അങ്ങ് ‘ ഉണ്ടാവട്ടെ’ എന്ന് കല്പിക്കുകയും അതുണ്ടാവുകയും ചെയ്യുന്നു. അതില്ലാതെയാക്കാന്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്ത് കോലാഹലം കൂട്ടിയാലും നടക്കില്ല. അതുപോലെ ഇന്ത്യയില്‍ വാള്‍മാര്‍ട്ട് പോലുള്ള കുത്തകകളെ കൊണ്ടുവരുന്നതിന്റെ ക്രഡിറ്റും അങ്ങയ്ക്കാണ്. അങ്ങ് കല്പിക്കുകയും ഞങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ക്കുവേണ്ടി ഇത്രയൊക്കെ ചെയ്യാന്‍ കഴിവുള്ള താങ്കള്‍ക്ക് മുല്ലപ്പെരിയാറിന്റെ കാര്യത്തിലും ഞങ്ങളെ സഹായിക്കാന്‍ പറ്റും. ഇന്ത്യയുടെ തെക്കെയറ്റത്ത് കേരളം എന്നൊരു സ്ഥലമുണ്ടെന്ന കാര്യം അങ്ങേയ്ക്ക് അറിയുമായിരിക്കും. അതറിയാതിരിക്കാന്‍ വഴിയില്ല. അത്രയ്ക്ക് പ്രസിദ്ധമാണാസ്ഥലം. തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം അധികാരത്തിലെത്തിയ സ്ഥലമാണത്. അവരെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ അങ്ങയുടെ പൂര്‍വികനായ ഒരു അമേരിക്കന്‍ പ്രസിഡന്റ് സഹിച്ച ത്യാഗത്തെപ്പറ്റിയും അറിയാം. ഈ പഴയ ചരിത്രമൊക്കെ അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ അങ്ങ് അറിയുന്നുണ്ടാവും.

എന്നാല്‍ മുല്ലപ്പെരിയാര്‍ എന്നൊരു അണക്കെട്ടിനെക്കുറിച്ച് അങ്ങ് കേട്ടിട്ടുണ്ടാവില്ല. അതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് അങ്ങയെ ആരും ധരിപ്പിച്ചിട്ടുണ്ടാവില്ല. ആ ഡാം തകര്‍ന്നാല്‍ 35 ലക്ഷം പേരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന കാര്യവും അറിഞ്ഞിട്ടുണ്ടാവില്ല. ആ പ്രദേശത്തെ ജനങ്ങളെല്ലാം ഭീതിയുടെ മുള്‍മുനയിലാണ് കഴിയുന്നതെന്ന കാര്യവും അറിഞ്ഞിരിക്കില്ല. ജീവിയ്ക്കാനുള്ള അവരുടെ മനുഷ്യാവകാശമാണ് ഹനിക്കപ്പെടുന്നത്. ഒരു പുതിയ അണക്കെട്ടുണ്ടാക്കി പഴയത് പൊളിച്ചുമാറ്റുകയാണ്. ജനങ്ങളുടെ ഭീതിയകറ്റാനുള്ള ഏക വഴി. മന്‍മോഹന്‍ സിംഗ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട മൗനത്തിലാണ്. ആ മൗനത്തിന് അറുതി വരുത്താന്‍ അങ്ങേയ്ക്ക് കഴിയും.

അതുകൊണ്ട് ദയവുചെയ്ത് അങ്ങ് ഇക്കാര്യത്തില്‍ ഇടപെടണമെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മന്‍മോഹനോടു ആജ്ഞാപിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ലോകത്തിലെ മുഴുവന്‍ മനുഷ്യാവകാശ കുത്തക അമേരിക്കയ്ക്കാണ്. അമേരിക്കയുടെ നാഥന്‍ എന്ന നിലയില്‍ ഈ മനുഷ്യാവകാശ ധ്വംസനത്തില്‍ അങ്ങയ്ക്ക് ഇടപെടാതിരിക്കാനും വയ്യ. അതുകൊണ്ടു ഈ നാടിന്റെ ഐശ്വര്യമായ അങ്ങ് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ‘മുട്ടിപ്പായി’ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അതാണ് ന്യായവും വിധിയും. അങ്ങാണ് എല്ലാമെല്ലാം.

4 Responses to “പ്രിയപ്പെട്ട ഒബാമ, ഞങ്ങളുടെ നാടിന്റെ ഐശ്വര്യം”

 1. MANJU MANOJ.

  ശ്രീ ബാബു,
  താങ്കളിലെ കമ്യുനിസ്ട്ടു കാരന്‍ ഇടക്കിടെ പുറത്തേക്കു വരുന്നു എന്ന് ഈ ലേഖനത്തില്‍ നിന്നും മനസ്സിലായി….

  ഒരു പത്ര പ്രധിനിധി എന്നാ നിലയില്‍ താങ്കള്‍ ഒരിക്കലും ഒറ്റ ബുദ്ധിക്കാരന്‍ ആകരുതയിരുന്നു.

  എന്തിനും, ഏതിനുമ് അമേരിക്കയെ കുറ്റം പറയുന്ന നിലവാരം ഇല്ലാത്ത ഒരു സഖാവായി മാറരുത് താങ്കള്‍…

  ഇപ്പോള്‍ സഖാക്കന്മാര്‍ ടൂരിസ്ടയും, ജോലിക്കയും, വിദ്യബ്യസതിനയും ആശ്രയിക്കുന്നത് അമേരിക്കയെ ആണ് എന്നാ സത്യം താങ്കളുടെ അച്ജത ആയി ഞാന്‍ കരുതുന്നു…
  വാള്‍ മാര്‍ട്ട് അമേരിക്കന്‍ ആയതു കൊണ്ട് താങ്കളും മറ്റും എതിര്‍ക്കുന്നു…
  റിലയന്‍സ്,വര്‍ക്കിസ്,കെ അര ഗ്രൂപ്പ്‌, ബിംബിസ് ഗ്രൂപ്പ്‌, ഇവരെ ഒന്നും താങ്കള്‍ ഈ ബിമന്‍ മാരുടെ കൂട്ടത്തില്‍ കൂട്ടാത്തത് എന്ത് കൊണ്ട്???

  അമേരിക്കന്‍ ബിമാന്മാര്‍ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവധിക്കാത്തവര്‍ ആദ്യം ചെയ്യേണ്ടത് അമേരിക്കയില്‍ ബിസ്നസ് നടത്തുന്ന ഇന്ത്യന്‍ ഗ്രൂപ്പ്‌ കളെ തിരിച്ചു വിളിക്കുകയാണ്‌ വേണ്ടത്…..

  ആദ്യ കമ്യുനിസ്റ്റു ഗവര്‍മെന്റിനെ പുറത്താക്കാന്‍ അമേരിക്ക നടത്തിയ ത്യാഗം….
  തലയിലെ പേന്‍ കളയാന്‍ തല വെട്ടികളയുന്ന പാരമ്പര്യം നമ്മള്‍ മലയാളികള്‍ക്കാണ് ഉള്ളത്…
  അത്രമാത്രം ശുംബന്‍ മരാണോ അമേരിക്ക കാര്‍?????
  അതിനായി നമുക്കൊരു ബനാന ടോക്ക് വരെ യുണ്ട്……

  മൊബൈലിലെ സൈലന്റ് മോഡിലുള്ള (ശബ്ദം ഉണ്ടാക്കാതെ വിറയ്ക്കുന്ന)മലയാളികളായ കേന്ദ്ര മന്ത്രിമാര്‍ക്ക് നല്ല ബുദ്ധി ഉണ്ടായി മുല്ലപെരിയരിനും,കേരളത്തിലെ ജനങളുടെ ജീവനും സംരക്ഷണം കൊടുക്കാന്‍ ഒരു ചെറു വിരല്‍ അനക്കാനുള്ള, അവരുടെ നാവ് ചലിക്കാനുള്ള ഒരു ലേഖനം ആയിരുന്നു താങ്കള്‍ എഴുതേണ്ടിയിരുന്നത്…..

  അമേരിക്കയും,യൂറോപ്പും,ഗള്‍ഫും ഇല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള് പണ്ടേ ‍ പട്ടിണി കിടന്നു മരിച്ചേനെ……

 2. kaleel

  1970 കാലഘടത്തില്‍ അമേരിക്ക യുടെ പാല്‍ ആയിരുന്നു നാം എല്‍പി സ്കൂളി ല്‍ നിന്നും കുടിച്ചു തുടങ്ങിയത് . ഇപ്പോള്‍ ആണല്ലോ പുതിയ കമ്പനിയുടെ പാല്‍ നാം കാണുന്നത് . ലക്ഷം മാനുഷര്‍ കൂടുപോള്‍ അതില്‍ ലക്ഷ നം ഉള്ളവര്‍ ഒന്നോ രണ്ടോ . എന്ന് കവി പാടിയതു എത്ര ശരിയാണ് .

 3. shiyas

  മുല്ലപ്പെരിയാര്‍ .
  **************

  യു ഡി എഫിന്റെ വാട്ടര്‍ലൂ ആയ പിറവം ഉപ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഇറക്കി ക്കളിച്ച ഒരു ട്രോജന്‍ ഹോഴ്സ് ആയിരുന്നു
  മുല്ല പെരിയാര്‍വിഷയം എന്ന് ശക്തമായി സംശയിക്കേണ്ടി യിരിക്കുന്നു , പക്ഷെ കാര്യങ്ങള്‍ അവരുടെ കൈ വിട്ടു പോയിരിക്കുന്നു ഇപ്പോള്‍ . വര്‍ഷങ്ങളായി പികയുന്ന മുല്ലപ്പെരിയാര്‍ എന്ന വിഷയം ഇത്ര ശക്തമായി ഇപ്പോള്‍ പൊട്ടി പ്പുറപ്പെടാന്‍ മറ്റൊരു കാരണവുമില്ല ,ഡാമിന്റ്റെകാലപ്പഴക്കം കണക്കിലെടുത്ത്പുനര്‍നിര്‍മ്മിക്കെണ്ടാതാണെന്നതിനും ശാശ്വത പരിഹാരം ആവശ്യമാണ് എന്നതിനും തര്‍ക്കമില്ല .

  പക്ഷെ വളരെ നയതന്ത്ര പരമായി പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ശ്രീ പി ജെ ജോസഫിന്റെ അതിവൈകാരികമായ ഭീതി വിതക്കലിലൂടെ വിപരീത ഫല മാണ് ഉണ്ടാക്കിയിരിക്കുന്നത് ,മാത്രമല്ല കേരള തമിഴ് ജനതയുടെ പരസ്പരമുള്ള എട്ടുമുട്ടലിലേക്കും കലാപങ്ങളിലെക്കും വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

  പ്രശ്ന പരിഹാരത്തിന് തടസ്സം മറ്റൊന്നുമല്ല ,ഒരു സുപ്രീം കോടതി വിധിയാണ് .നിലനില്‍ക്കുന്ന ഈ വിധിക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടുണ്ടോ ? യഥാര്‍ത്ഥ പ്രശ്ന പരിഹാരമാണ് ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത് ഡാമിന്റെ ദുരവസ്ഥ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക എന്നതാണ് ,അത് ചെയ്യാതെ
  നിരാഹാര നാടകം നടത്തി സമരോല്‍സവം നടത്തുകയാണ് ഈ സര്‍ക്കാര്‍ .ഏതു നിമിഷവും പൊട്ടുന്ന അവസ്ഥയിലാണ് ഡാമെങ്കില്‍ ഇപ്പറയുന്ന ഏതെങ്കിലും നേതാക്കള്‍ അവിടെ നിരാഹാരം കിടക്കുമോ ?

  അല്ലെങ്കില്‍ തന്നെ വിദേശ ഭീമന്‍മാരെ ഇന്ത്യയിലേക്കാനയിക്കാന്‍ കാത്തിരിക്കുന്ന ഇന്നത്തെ കൊണ്ഗ്രസ്സിന്
  ഗാന്ധിയന്‍ സമര രീതികള്‍ നടത്താന്‍ എന്തവകാശം .

  പ്രദേശ വാസികളായ ജനങ്ങളും ,കേരളത്തിലെ ജന പ്രതിനിധികളും ,സാമൂഹ്യ പ്രവര്‍ത്തകരും മുഴുവന്‍ ഒന്ന്
  ചേര്‍ന്ന് ഒപ്പിട്ട ഒരു അതി ഭീമ ഹര്‍ജി സുപ്രീം കോടതിയില്‍
  സമര്‍പ്പിച്ചാല്‍ ,ആ നിമിഷം കോടതി യുദ്ധ കാല അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് ഡാമിന്റെ
  അവസ്ഥ പരിശോധിക്കുo ഇതുവഴി കോടതിയെ ഡാമിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്യ)o ,ഇതില്‍ നമ്മള്‍ വിജയിച്ചാല്‍ പ്രശ്നം
  പരിഹരിക്കപ്പെടും .സമരോല്‍സവം നിര്‍ത്തി ചെയ്യേണ്ടത് ചെയ്യൂ സര്‍ക്കാരെ !!! കലാപങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദി ആരാണ് ,നിരുത്തരവാദ പരമായി നടത്തപ്പെട്ട ആ വാര്‍ത്താ സമ്മേളന മല്ലെ ?

 4. shiyas

  ബാബു സര്‍ ,പുതിയൊരു വിഷയം എഴുതൂ ,വര്‍ഷങ്ങളായി നടക്കുന്ന മുല്ലപ്പെരിയാര്‍ സമരം പിറവം ഉപതെരെഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഊതിക്കതിച്ച യു ഡി എഫിന്റെ കൊലച്ചതി തന്നെ യാകട്ടെ വിഷയം – ഭാവുകങ്ങള്‍ ……..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.