Categories

സങ്കടലുകള്‍

KK Ramachandran Master

എഡിറ്റോ- റിയല്‍ / ബാബു ഭരദ്വാജ്

നാടക പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ജോയിമാത്യുവിന്റെ ഒരു നാടക പ്രയോഗമാണ് ‘സങ്കടലുകള്‍’. സങ്കടങ്ങളെയും കടലുകളെയും ചേര്‍ത്തപ്പോള്‍ ഉണ്ടായ പുതിയ വാക്ക്. ഉത്ക്കടമായ ഒരു വാക്കില്‍നിന്നും ജനിക്കുന്ന അതീവ ഉത്ക്കടമായ ഒരു മൂന്നാം വാക്ക്. സങ്കടക്കടലുകളില്‍ നിന്നുണ്ടായ സങ്കടല്‍.

ഞങ്ങള്‍ ഈ വാക്ക് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ക്യാമറയ്ക്ക് നേരെ നോക്കി നമ്മുടെ നേതാക്കള്‍ ഓരോരുത്തരായി പൊട്ടിക്കരയുന്ന കാഴ്ചകള്‍ കാണേണ്ടിവരുന്നതു കൊണ്ടാണ്. ദൃശ്യമാധ്യമങ്ങള്‍ മലയാളിയുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായതോടെ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും കേരളത്തിലേയും മറുനാടുകളിലേയും വേണ്ടപ്പെട്ട എല്ലാവരും കാണ്‍കെ കരയാനൊരു അസുലഭ സന്ദര്‍ഭം കിട്ടിയിരിക്കുകയാണ്.

ആവേശത്തോടെ ഞങ്ങള്‍ക്കും ഇങ്ങനെ വിളിച്ചുകൂവാന്‍ തോന്നുന്നു. തെരുവ് കച്ചവടക്കാര്‍ അസ്തമിച്ചുകൊണ്ടരിക്കുന്ന ഈ കാലത്ത് ഇങ്ങനെ വിളംബരപ്പെടുത്തലും മാധ്യമ ധര്‍മ്മമാണ്. ‘ആരുമാരും മടിച്ചു നില്‍ക്കരുത്. മുന്നോട്ടുവരിക.ധീരമായി കരഞ്ഞുതീര്‍ക്കുക’.

ഇനി നടക്കാന്‍ ഏറെ സാധ്യതയുള്ള ഒരു കൂട്ടക്കരച്ചിലിന്റെ ഡ്രസ്സ് റിഹേഴ്‌സല്‍ ആണോ ഈ ഒറ്റപ്പെട്ട കരച്ചിലുകള്‍.അല്ലങ്കില്‍ ആള്‍ക്കാര്‍ കരഞ്ഞു പഠിക്കുകയാണോ. കണ്ണാടി നോക്കി കരഞ്ഞു പഠിക്കുന്ന ഒരു കുട്ടിയെ ഓര്‍ത്തുപോകുന്നു. ടെലിവിഷന്‍ ക്യാമറ നോക്കി കരയുന്ന ഈ നേതാക്കള്‍ക്ക് കണ്ണാടി നോക്കി കരയുന്ന കുട്ടിയുടെ ഛായ അറിയാതെ വന്നിരിക്കുന്നു. എങ്ങിനെയാണ് താന്‍ കരയുന്നതെന്ന് കാണാന്‍ കുട്ടിക്ക് കൗതുകമുണ്ടാവും. ചുണ്ടുകള്‍ പലവിധത്തില്‍ കോട്ടിയും വായ പലവിധത്തില്‍ തുറന്നും കണ്ണാടി നോക്കി കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നു. കരയുന്ന താന്‍ എങ്ങിനെയായിരിക്കുമെന്ന് അറിയാന്‍ തന്നെയാണ്.

കരയുന്ന ഈ നേതാക്കള്‍ കരയുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിവെക്കാന്‍ ആള്‍ക്കാരെ ഏര്‍പ്പാടുചെയ്തിട്ടുണ്ടാവണം. ഇടയ്ക്കിടെ കണ്ടു രസിക്കുവാന്‍. അങ്ങിനെ പകര്‍ത്തിവെച്ചില്ലെങ്കിലും അവര്‍ക്ക് നിരന്തരം ദര്‍ശിക്കാന്‍ കഴിയും . ചാനലുകളില്‍ രാഷ്ടീയ കോമഡികള്‍ ഉണ്ടാക്കുന്നവര്‍ക്ക് അവശ്യം ആവശ്യമായ അസംസ്‌കൃത ദൃശ്യങ്ങളാണല്ലോ ഈ സങ്കടലുകള്‍.

Jaya Daliഈ തിരഞ്ഞെടുപ്പില്‍ കരച്ചില്‍ തുടങ്ങിവെച്ചത് രമേശ് ചെന്നിത്തലയാണ്. അതെന്തായാലും നന്നായി. നേതാവ് അണികള്‍ക്ക് ഒരു മാതൃക കാണിച്ചു കൊടുത്തല്ലോ. നേതാവിനൊപ്പം ശ്രോതാക്കളും കരഞ്ഞെന്നാണ് കേട്ടത്.

നമ്മുടെ നേതാക്കളൊക്കെ ചാനലുകളില്‍ നിരന്തരം വന്നുനിറയുന്ന കണ്ണീര്‍ പരമ്പരകളില്‍ അനുരാഗികളായിത്തീര്‍ന്നോ. കരച്ചില്‍ നല്ലൊരു രാഷ്ട്രീയ ആയുധമായി അവര്‍ കാണാന്‍ തുടങ്ങിയോ. അകത്തളങ്ങളില്‍ മാത്രമല്ല അരങ്ങത്തും കണ്ണീരൊഴുക്കാന്‍ ഒരു രാഷ്ട്രീയ തന്ത്രമായി മാറിക്കഴിഞ്ഞോ.

ചെന്നിത്തലയ്ക്ക് പിന്നാലെ പുതുപ്പള്ളിയില്‍ ദൈവത്തിന് സ്‌ത്രോത്രംചൊല്ലിക്കൊണ്ടു വിപ്ലവകേരളത്തിന്റെ ‘രക്തപുളകം’ സിന്ധുജോയിയും പുങ്കണ്ണീരൊഴുക്കിയെന്നാണ് പറഞ്ഞുകേട്ടത്.

ഒടുക്കം കേട്ട കരച്ചില്‍ രാമചന്ദ്രന്‍ മാസ്റ്ററുടേതാണ്. അത് കേള്‍ക്കാതിരിക്കാന്‍ വയ്യ. അത്രയ്ക്ക് ഹൃദയഭേദകമാണത്. കാണാതിരിക്കാന്‍ വയ്യ. അത്രയ്ക്ക് ഹൃദയദ്രവീകരണക്ഷമതയുള്ളതാണത്. അതാണ് കരച്ചില്‍. ആ കരച്ചിലിനു മുമ്പില്‍ ഏത് സീരിയല്‍ നായികയും തോറ്റ് തുന്നം പാടും.

കരച്ചിലിനിടയില്‍ ചിതറിവീണ ചിലവാക്കുകളില്‍ ചില രാഷ്ട്രീയ ധാര്‍മ്മിക പ്രശനങ്ങളുണ്ട്. രാമചന്ദ്രന്‍മാസ്റ്റര്‍ കോണ്‍ഗ്രസ്സിന്റെ ധര്‍മ്മച്യുതിയിലാണോ വാവിട്ടു കരഞ്ഞത്. അതല്ല സ്വന്തം രാഷ്ട്രീയ ദുര്യോഗത്തിന്റെ പേരിലാണോ എന്നാണിനി അറിയേണ്ടത്. രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞ കാര്യങ്ങളൊക്കെ മാസ്റ്റര്‍ പറയുന്നതിനു മുമ്പേ ജനങ്ങള്‍ക്കൊക്കെ അറിയാം. പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന മാഷേ എന്ന് ജനങ്ങള്‍ അറിയാതെ പാടിപ്പോയാല്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഇതിനിടയില്‍ കാട്ടാക്കടയില്‍ ഇടതുപക്ഷം ഇരന്നുവാങ്ങിയ ഡോളി എന്ന കോണ്‍ഗ്രസ്സുകാരിയും വടികള്‍ ഊന്നിനിന്നു കരഞ്ഞിരുന്നു. സീറ്റ് കിട്ടാത്ത ശോഭനാ ജോര്‍ജിനും കരച്ചില്‍ വന്നിരുന്നു.

അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തിനു മുമ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി മോഹികള്‍ക്കായി ഒരു കരച്ചില്‍ മത്സരം നടത്തുന്നത് നല്ലതായിരുന്നു. കണ്ണീര്‍ അളന്ന് തൂക്കിനോക്കി വേണം ഇനി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍. കള്ളക്കണ്ണീരാണോ നല്ല കണ്ണീരാണോ എന്ന് നിര്‍ണ്ണയിക്കാന്‍ അടിയന്തിരമായി ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സംസ്ഥാനകമ്മിറ്റിയില്‍ ഒരു നല്ല ലാബ് ടെക്‌നീഷ്യനെ നിയമിക്കണം.

തിരഞ്ഞെടുപ്പില്ലാത്ത കാലങ്ങളില്‍ ഇവര്‍ക്ക് പണിയുണ്ടാവതെ ഇരിക്കില്ല. അനേകം രോഗപീഢകളാലും അമിത ഭക്ഷണം ഉണ്ടാക്കുന്ന രോഗങ്ങളാലും വലയുന്ന നേതാക്കളുടെ രക്തവും മൂത്രവും പരിശോധിക്കാന്‍ ഓരോ പാര്‍ട്ടി ഓഫീസിലും ഒരു വിദഗ്ദന്‍ നല്ലതാണ്.

ഇനി ആരാണ് കരയുന്നത് എന്ന് കാണാന്‍ ഈ സങ്കടല്‍ തീരത്ത് ഞങ്ങള്‍, ജനങ്ങള്‍ കാത്തിരിക്കുന്നു.

3 Responses to “സങ്കടലുകള്‍”

 1. aje vakkom

  ലെജ്ജകാരം ……അറപുലവകുന്നു …അധികാര കൊതി

 2. mahesh

  ഇവരുടയോക്കെ ഉള്‍ പാര്‍ട്ടി പ്രശ്നങ്ങള്‍ ആര്‍ക്കാണ് അറിയാന്‍ ആഗ്രഹം. ആരും കാര്യത്തിലേക്ക് കടക്കുന്നില്ല. industrial developemnt, infrastructure, employment generation എന്നിവയെക്കുറിച്ച് ഒരു പ്ലാന്‍, അല്ലെങ്കില്‍ ഭരിച്ചവരുടെ വക ചെയ്ത കാര്യങ്ങളെക്കുറിച്ച് വിലയിരുത്തല്‍, ചെയ്യനുള്ളതിന്റെ കണക്കുകള്‍. ഒന്നും കേള്‍ക്കുന്നില്ല, ഒരു ശശി, കുഞ്ഞാലി, വാടക വീട്, മുഖ്യന്റെ മകന്‍; പ്രയോജനമുള്ളതൊന്നും അജെണ്ടയില്‍ ഇല്ലെന്നു തോന്നുന്നു. സര്‍ക്കാരെന്നാല്‍ പോലീസ് വകുപ്പ് മാത്രമല്ലെല്ലോ.
  രാമചന്ദ്രന്‍ മാസ്റ്റര്‍ നല്ലവനാണ്, പക്ഷെ പറയുന്ന പ്രശ്നങ്ങള്‍ സങ്കുചിതമാണ്.
  ഇവിടെ പ്രതിപാദിച്ച മുതലകളെ നമുക്ക് വിട്ടേക്കാം, തിന്നു മദിച്ചു കേരളത്തെ മലീമസമാക്കാന്‍ അവറ്റ ഇവിടെയൊക്കെ തന്നെ കാണും. അനുഭവിക്കാന്‍ നമ്മളും.

 3. Bimaldev Mullassery

  ചിഞ്ഞു നാറുന്ന ജനാധിപത്ത്യത്തിന്റെ മറുപുറം… നമുക്കും കരയാം ഒരു സഹതാപക്കടല്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.