എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

കേരളത്തിന്റെ രാഷ്ട്രീയഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്ന രണ്ട് അതിപ്രധാന സമ്മേളനങ്ങളാണ് ഈ ആഴ്ച തിരുവനന്തപുരത്തും കൊല്ലത്തുമായി നടന്നത്. രാഷ്ട്രീയ കേരളവും അരാഷ്ട്രീയ കേരളവും ഇതിലൊന്നും പെടാത്ത നിശബ്ദ കേരളവും കണ്ണുകളും കാതുകളും തുറന്നു പിടിച്ച് കാത്തിരുന്ന രണ്ട് അതിപ്രധാന സമ്മേളനങ്ങള്‍.

Subscribe Us:

ലോകം ഇന്ന് കടന്നുപോകുന്ന സുപ്രധാനമായ ഒരു പരിണാമ ഘട്ടത്തില്‍ ,ലോക ജനതയുടെ ഒരു ഭാഗധേയം മുമ്പൊന്നുമില്ലാത്ത വിധം ചില സുപ്രധാന നിലപാടുകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഈ ചരിത്ര കാലഘട്ടത്തില്‍ ഈ രണ്ട് സമ്മേളനങ്ങള്‍ക്കും നിര്‍ണ്ണായകമായ എന്ത് നിലപാടെടുക്കാന്‍ കഴിഞ്ഞുവെന്ന കാര്യം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.

അറബ് വസന്തത്തിന്റേയും വാള്‍സ്ട്രീറ്റ് പിടിച്ചടക്കലിന്റേയും ആശകളും ആകാംഷകളും നിറഞ്ഞുനില്‍ക്കുന്ന ഈ കാലത്തില്‍ ഇന്ത്യന്‍ ജനതയെ കേരളീയരെ ഈ മുഖ്യധാരയില്‍ എത്തിക്കാന്‍ കാലം ആവശ്യപ്പെടുന്ന ചരിത്രപരമായ ഒരു നിയോഗത്തിന് അവരെ പ്രാപ്തരാക്കാന്‍ പറ്റിയ ഏതുതരം പരിപാടിയും അടവുകളും തന്ത്രങ്ങളുമാണ് ഈ സമ്മേളനങ്ങള്‍ മുന്നോട്ട് വെച്ചതെന്ന് പരിശോധിക്കപ്പെടേണ്ട അവസരം കൂടിയാണിത്.


യേശുക്രിസ്തുവിനെ പുകഴ്ത്തുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്തെങ്കിലും പിശുക്ക് കാണിക്കണമോ എന്ന കാര്യത്തിലും ഞങ്ങള്‍ക്കൊട്ടും ബേജാറില്ല

ഇടതുപക്ഷ കക്ഷികള്‍ എന്ന അവകാശങ്ങളുടേയും കാള്‍മാക്‌സിന്റെ ‘നേര്‍സാക്ഷി’കളാണെന്ന് നിരന്തരം അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന ഈ രണ്ട് ഇടതുപാര്‍ട്ടികള്‍ക്കും കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനുള്ള സാക്ഷരതയെങ്കിലും ഉണ്ടോ എന്ന കാര്യത്തില്‍ സംശയം തോന്നേണ്ട ദിവസമായിരുന്നു ഇക്കഴിഞ്ഞത്. ‘നേര്‍സാക്ഷികള്‍ ‘എന്ന പദം ഞങ്ങള്‍ പ്രയോഗിക്കുന്നത് അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ തന്നെയാണ്. കാരണം ‘യഹോവയുടെ സാക്ഷികള്‍’ എന്നൊക്കെ പറയാറുള്ളതുപോലെ തീവ്രമതവാദത്തിന്റെ അനുഷ്ഠാനങ്ങളിലാണ് ഈ രണ്ടുകക്ഷികളും ഇന്ന് മുഴുകിയിരിക്കുന്നത്.

സി.പി.ഐ.എം പ്രത്യേകിച്ചും യാഹോവായുടെ സാക്ഷികളും ക്രിസ്ത്യാനികളുമാണെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാനും തുടങ്ങിയിട്ടുണ്ട്. മനുഷ്യവിമോചന പ്രസ്ഥാനങ്ങളുടെ ആയിരത്താണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ചരിത്രത്തില്‍ യേശുക്രിസ്തുവിന്റെ സ്ഥാനം നിര്‍വിവാദമാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊട്ടും സംശയമില്ല.യേശുക്രിസ്തുവിന്റെ പീഡനാനുഭവങ്ങളിലൂടെയാണ് ആദ്യകാലത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതാക്കളും കടന്നുപോയതെന്ന കാര്യത്തിലും ഞങ്ങള്‍ക്കൊട്ടും സംശയമില്ല.

യേശുക്രിസ്തുവിനെ പുകഴ്ത്തുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്തെങ്കിലും പിശുക്ക് കാണിക്കണമോ എന്ന കാര്യത്തിലും ഞങ്ങള്‍ക്കൊട്ടും ബേജാറില്ല.എന്നാല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ത്രിത്വത്തില്‍ (Trintiy) തളച്ചിടപ്പെടേണ്ട ഒരു പ്രസ്ഥാനമാണോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്.

ലോകമെങ്ങുമുള്ള ജനതയുടെ 99% സാധാരണ മനുഷ്യര്‍ ആഗോള മുതലാളിത്തത്തിനും ആഗോളവത്കരണ നയങ്ങള്‍ക്കും കോര്‍പ്പറേറ്റുകളുടെ ”രാജ്യഭാര”ത്തിനുമെതിരെ ”കുരിശുയുദ്ധം” പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍ ക്രിസ്തുവിനെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിന്റെ പൊരുള്‍ എന്താണെന്ന് അന്വേഷിക്കേണ്ടതായിട്ടുണ്ട്. അത് ജനങ്ങളുടെ പോരാട്ട വീര്യത്തിന് തടയിടാനാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തര്‍ക്കമില്ല.

ഒരുപാട് ഒരുപാട് കാലങ്ങളായി പഴയ സമരങ്ങളുടെ പഴം കഥകളില്‍ അഭിരമിക്കുകയും അതില്‍ അമര്‍ന്നിരുന്ന് വര്‍ത്തമാനകാലത്തെ മൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളോട് നിരുത്തരവാദപരമായ മൗനം പാലിക്കുകയും ചെയ്യുന്ന ഈ കക്ഷികള്‍ പഴയ സമരവീര്യങ്ങളുടെ പഴംകഥകള്‍ക്ക് വീര്യം പോരെന്ന് കരുതിയാണോ പുതിയ കുപ്പിയില്‍ കുറേക്കൂടി പഴകി വീര്യം കൂടിയ വീഞ്ഞ് നിറയ്ക്കുന്നതെന്ന് പറഞ്ഞ് മൗനികളാവാനും ഞങ്ങള്‍ക്ക് പറ്റില്ല. കാരണം ഈ പുതിയ ഉയര്‍ത്തെഴുന്നേല്‍പ്പ് പിറവം തിരഞ്ഞെടുപ്പ് തുടങ്ങിയ സരളമായ കാര്യങ്ങളില്‍ ഒതുങ്ങുന്നതല്ല എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.

ചരിത്രത്തിന്റെ പരിണാമദശകളില്‍ ഇന്നത്തെപോലെ സവിശേഷമായ സാഹചര്യങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. കൂട്ടപലായനങ്ങളുടെ കാലം, അധിനിവേശങ്ങളുടെ കാലം, വിമോചന സമരങ്ങളുടെ കാലം അങ്ങിനെ നിരവധി കാലങ്ങള്‍. ഈ ഓരോ കാലത്തും ഭരണവര്‍ഗങ്ങള്‍ കാലത്തിന്റെ അബോധങ്ങളില്‍ മതങ്ങളെ പ്രതിഷ്ഠിക്കാന്‍ വ്യഗ്രത കാണിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആയിരത്താണ്ടുകളുടെ ആദ്യപകുതിയിലെ നിരവധി കുരിശു യുദ്ധങ്ങള്‍ അധിനിവേശത്തിന്റേയും ഒരു പക്ഷം മറുപക്ഷത്തെ കീഴടക്കാന്‍ ഉപയോഗിച്ച ‘ദൈവീക നിയോഗ’ത്തിന്റേയും ചരിത്രമാണ്. യൂറോപ്യന്‍മാര്‍ അമേരിക്കയും ആഫ്രിക്കയും ഏഷ്യയും കീഴടക്കിയത് പട്ടാള ശക്തിയും ആയുധ ശക്തിയും കുരിശിനുമൊപ്പമാണ്.

‘പിറവത്ത് ക്രിസ്തുവും മലപ്പുറത്ത് നബിയും’ എന്ന സരളയുക്തിമാത്രമാണോ അതിനുള്ളത്

ഇന്ന് ലോകമെമ്പാടും നടക്കുന്ന പ്രത്യേകിച്ചും അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തിനും മതത്തിന്റെ മണമുണ്ട്. അതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നവരുടെ കൈയിലും കഴുത്തിലും കുരിശുമുണ്ട്. അതുമാത്രമല്ല കഴിഞ്ഞ അഞ്ചു ദശകത്തിലെ ലോക ചരിത്രം നമ്മുടെ കാലത്തെ ചരിത്രത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ നിന്നും മാറ്റി ക്രിസ്ത്യന്‍ ഇസ്ലാം സംഘര്‍ഷമായും എത്തിനിക് സംഘര്‍ഷമായും ചുരുക്കിയെഴുതാനുള്ള ശ്രമവും നടക്കുന്നുണ്ട്. അത് ആഗോള രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ടയാക്കി മാറ്റിത്തീര്‍ക്കാന്‍ അധിനിവേശ സാമ്രാജ്യ ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കുറച്ചൊക്കെ അതിനെ യുക്തി ഭദ്രമാക്കാന്‍ അവരുടെ ഭൗതിക കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്നുമുണ്ട്.

ഇത്തരമൊരു ഭൂമികയിലാണ് ഈ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കാണേണ്ടതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. മിക്കവാറും എല്ലാ മുതലാളിത്ത രാജ്യങ്ങളിലും കോര്‍പ്പറേറ്റ് ഭരണകൂടങ്ങള്‍ക്കെതിരെയുള്ള 99%ന്റെ പ്രക്ഷോഭം ശക്തമായി ക്കൊണ്ടിരിക്കുമ്പോഴാണ് മതബോധത്തിന്റെ പുതിയൊരധ്യായം തുറന്നുവെച്ച് വായിക്കാന്‍ സി.പി.ഐ.എം പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ കക്ഷി മുതിരുന്നത്.

അത് ക്രിസ്തുവാകുന്നുവെന്നതും ആലോചിക്കേണ്ട കാര്യമാണ്. ക്രിസ്തുവിനെ പോലെ മുഹമ്മദ് നബിയും ഒരു വിമോചനപ്പോരാളിയായിരുന്നുവെന്ന കാര്യവും ഓര്‍ക്കപ്പെടേണ്ടതാണ്. ‘പിറവത്ത് ക്രിസ്തുവും മലപ്പുറത്ത് നബിയും’ എന്ന സരളയുക്തിമാത്രമാണോ അതിനുള്ളത്. അല്ലെങ്കില്‍ ആഗോളമുതലാളിത്തം വാള്‍സ്ട്രീറ്റ് പ്രക്ഷോഭം തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ഒരു അജണ്ടയാണോ ഈ പുതിയ ക്രിസ്തു സുവിശേഷം എന്ന കാര്യവും ആലോചിക്കപ്പെടേണ്ടതാണ്.

ഈ മരുന്നൊന്ന് പരിശോധിച്ച് ഫലം പറയാന്‍ ആഗോളവത്കരണ ശക്തികള്‍ സി.പി.ഐ.എമ്മിനെ ചുമതലപ്പെടുത്തിയോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. കാരണം കുറേക്കാലമായി ഈ പ്രസ്ഥാനത്തിന്റെ ചങ്ങാതികള്‍ ആഗോളവത്കരണത്തിന്റെ കൂട്ടിക്കൊടുപ്പുകാരാണ്

ഈ ചരിത്രഘട്ടത്തില്‍ ഇടതുപക്ഷ ഐക്യത്തിന് ഊന്നല്‍ കൊടുക്കുന്നതിന് പകരം’അച്യുതാനന്ദ വധ’ത്തിനും ജനകീയ നേതാവിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കുന്നതിനും ഊന്നല്‍ കൊടുക്കുന്ന രീതിയില്‍ സമ്മേളനത്തിന്റെ അജണ്ട തീരുമാനിച്ചതിന്റെ ഇംഗിതവും ഇതുതന്നെയാവാനാണ് സാധ്യത. ഈ അപകടം കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. തിരുപ്പിറവി കേരളീയപരിസരത്തു നിന്നല്ല പരിശോധിക്കപ്പെടേണ്ടതെന്നും ആഗോളപരിസരത്ത് നിന്നാണെന്നും ഞങ്ങള്‍ക്ക് തോന്നുന്നു.