എഡിറ്റോ-റിയല്‍/ബാബുഭരദ്വാജ്‌

എന്‍ഡോസള്‍ഫാനെതിരെ ഉയര്‍ന്നുവരുന്ന ഏത് പ്രക്ഷോഭവേലിയേറ്റങ്ങളെയും ഔത്സുക്യത്തോടും ആവേശത്തോടും കൂടി നിരീക്ഷിക്കാനും അതിനൊപ്പം ഞങ്ങളുടെ ശബ്ദവുംകൂടി ചേര്‍ക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്‍ഡോസള്‍ഫാനെതിരെ ആരു സമരത്തിലിറങ്ങിയാലും സമരത്തിന്റെ രൂപം എന്തായാലും ഞങ്ങള്‍ അതിനൊപ്പമുണ്ട്. ഞങ്ങളുടെ മാധ്യമധര്‍മ്മം ജനപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതുതന്നെയാണ്.

എല്ലാ ജനകീയപ്രശ്‌നങ്ങളിലും ഞങ്ങളുടെ നിലപാട് ഇതുതന്നെയാണ്. ഞങ്ങളുടെ രാഷ്ട്രീയവും സത്യസന്ധമായ ഈ നിലപാടു തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ സമരത്തില്‍ നമ്മുടെ മുഖ്യമന്ത്രി സമരനായകനായി മുന്നിട്ടിറങ്ങിയതില്‍ ഞങ്ങള്‍ ആഹ്ലാദവും അഭിമാനവും ആവേശവും പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ സത്യഗ്രഹം വ്യാപകമായി ജനപങ്കാളിത്തം ഉറപ്പിച്ചുവെന്നതിലും കക്ഷി, മത, ജാതി, രാഷ്ട്രീയ, വര്‍ഗവ്യത്യാസമന്യേ മുഴുവന്‍ ജനതയേയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന് അണിനിരത്തി എന്നതിലും ഞങ്ങള്‍ ആവേശഭരിതരാണ്.

മുഖ്യമന്ത്രിയുടെ സത്യഗ്രഹം ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ താല്‍പര്യം ജനിപ്പിച്ചുവെന്നതും ഏറെ നിര്‍ണ്ണായകമായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കണം ഭരണനായകന്‍ ഇത്തരം ഒരു സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നതും പൊതുജനം ഒന്നാകെ ആ സമരത്തില്‍ ഭാഗഭാക്കാവുന്നതും.

എന്‍ഡോസള്‍ഫാന്‍വിരുദ്ധസമരത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് കഴിഞ്ഞദിവസത്തെ സത്യഗ്രഹം കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തെങ്ങുമുള്ള മുഴുവന്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തരരാഷ്ട്രീയത്തിലും അതിന്റെ വിഭാഗീയതയിലും മേല്‍ക്കൈ നേടാനും മുഖ്യമന്ത്രിയായില്ലെങ്കില്‍ പ്രതിപക്ഷനേതാവെങ്കിലുമാകാനുള്ള വി.എസ്സിന്റെ കൊണ്ടുപിടിച്ച ശ്രമമാണിതെന്ന് യു.ഡി.എഫ് ഈ സമരത്തെ വ്യാഖ്യാനിക്കുന്നത് അതര്‍ഹിക്കുന്ന അവജ്ഞയോടെ കേരളത്തിലെ ജനത തള്ളിക്കളയും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

അതോടൊപ്പംതന്നെ യു.ഡി.എഫും അവരുടെ സഖ്യകക്ഷികളും പ്രചരിപ്പിക്കുന്ന ആശങ്കയുണര്‍ത്തുന്ന അത്തരമൊരു രാഷ്ട്രീയത്തെ ഞങ്ങള്‍ക്ക് അവഗണിക്കാനുമാവില്ല. കാരണം അച്യുതാനന്ദന്റെ സത്യഗ്രഹത്തോട് പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗത്തിലെ ചിലര്‍ പ്രകടിപ്പിച്ച അസഹിഷ്ണുത അതാണ് സൂചിപ്പിക്കുന്നത്. സത്യഗ്രഹം നടന്ന പാളയം രക്തസാക്ഷിമണ്ഡപത്തിന്റെ ഒരു വിളിപ്പാടകലെയുള്ള ഏ.കെ.ജി സെന്ററില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇരുന്നുറങ്ങുകയായിരുന്നുവെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.

പൊതുജനങ്ങളും പൊതുജനപ്രവര്‍ത്തകരും സാംസ്‌കാരികപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മതമേലധ്യക്ഷന്‍മാരും കക്ഷി മത ജാതി രാഷ്ട്രീയഭേദമന്യേ സമരപ്പന്തലിലേക്ക് ഒഴുകിവന്നപ്പോഴും പിണറായി ഏ.കെ.ജി സെന്ററിലെ ഒരു ശീതീകരിച്ച മുറിയില്‍ സ്വസ്ഥം ഇരുന്നരുളുകയായിരുന്നു. മാത്രമല്ല സത്യഗ്രഹസമരം അവസാനിച്ചതിന്റെ തൊട്ടുപിന്നാലെ, ഡി.വൈ.എഫ്.ഐ വിളിച്ചുചേര്‍ത്ത ഒരു എന്‍ഡോസള്‍ഫാന്‍ വിരുദ്ധകൂട്ടായ്മ രക്തസാക്ഷിമണ്ഡപത്തിന്റെ തൊട്ടടുത്തുള്ള വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയും എന്‍ഡോസള്‍ഫാനെതിരെ ഘോരഘോരം പിണറായി പ്രസംഗിക്കുകയും ചെയ്തു.

സത്യഗ്രഹപന്തലില്‍ പിണറായി അസാന്നിധ്യംകൊണ്ട് അങ്ങനെ ശ്രദ്ധേയനായി. അങ്ങനെ രാഷ്ട്രീയനിരീക്ഷകര്‍ക്ക് എന്തും എങ്ങിനെയും വ്യാഖ്യാനിക്കാനുള്ള അവസരവും ഉണ്ടാക്കിക്കൊടുത്തു. സത്യഗ്രഹദിവസംതന്നെ വി.ജെ.ടി ഹാളില്‍ പിണറായിക്കുവേണ്ടി മാത്രമായി ഇത്തരം ഒരു കൂട്ടായ്മ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചതിന്റെ രാഷ്ട്രീയം സംശയം ഉളവാക്കുന്നതാണ്.

സമരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനൊരു തുടര്‍സമരമുഖം ഡി.വൈ.എഫ്.ഐ തുറന്നതാണെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. അച്യുതാനന്ദന്‍ ഇടതുപക്ഷരാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടുകയാണെന്ന ‘പുലപ്പേടി’യായിരിക്കണം അവരെ ഇതിന് പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പിന്‌ശേഷം ഔദ്യോഗികപക്ഷവും അവരുടെ ഔദ്യോഗികജിഹ്വയായ ദേശാഭിമാനിയും തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ അച്യുതാനന്ദന്‍ ഉണര്‍ത്തിയ ആവേശത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. പ്രചരണത്തില്‍ പിന്‍തള്ളപ്പെട്ടുപോയ സെക്രട്ടറിയെ പ്രീണിപ്പിക്കാനും പ്രീതിപ്പെടുത്താനുംവേണ്ടി നടത്തുന്ന ചില കസര്‍ത്തുകളായേ ഞങ്ങളിതിനെ കാണുന്നുള്ളു.

എന്നാല്‍ ഇതില്‍ അപകടകരമായ ഒരു സന്ദേശമുണ്ട്. പാര്‍ട്ടിയിങ്ങിനെ ജനാധിപത്യപരമായി ജനപക്ഷത്ത് നില്‍ക്കേണ്ടതുണ്ടോ എന്ന സന്ദേഹമാണ് അത് നല്‍കുന്ന സന്ദേശം. അച്യുതാനന്ദനെതിരെ യു.ഡി.എഫ് ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ ഔദ്യോഗികപക്ഷത്തെ രസിപ്പിക്കുന്നുണ്ടന്നും സുഖിപ്പിക്കുന്നുണ്ടെന്നും വേണം അനുമാനിക്കാന്‍. പാര്‍ട്ടി പലവട്ടം തരംതാഴ്ത്തിയും ഇപ്പോഴും തരംതാഴ്ത്തപ്പെട്ടവനുമായ, പാര്‍ട്ടിനേതാക്കളുടെ നിലപാടുകളുടെ ഏറ്റവുംവലിയ വിമര്‍ശകനുമായ ഒരാളെ തിരഞ്ഞെടുപ്പില്‍ ആശ്രയിക്കേണ്ടി വരുന്നതിന്റെ, വന്നതിന്റെ നാണക്കേടാണോ ഈ മനോഭാവത്തിനു കാരണം.

അച്യുതാനന്ദന്‍ ഒന്നുമല്ലെന്നു പറഞ്ഞവര്‍ അച്യുതാനന്ദന്‍ എല്ലാമാണെന്ന് പറയേണ്ടി വന്നിരിക്കുന്നു. ഇനി ഒരു ചുക്കുമല്ലെന്നുപറഞ്ഞാല്‍ ജനങ്ങള്‍ സമ്മതിക്കുകയുമില്ല. തോല്‍ക്കണമെന്നു വാശി പിടിച്ച പാര്‍ട്ടിയെ ജയിപ്പിച്ചാല്‍ അതവര്‍ക്ക് രുചിക്കുകയുമില്ല. അവസരവാദത്തിന്റെ രാഷ്ട്രീയം അപകടകാരിയാണ്. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍വിരുദ്ധസമരത്തില്‍ ഉണ്ടായിട്ടുള്ള ഐക്യത്തെ ദുര്‍ബലപ്പെടുത്താനേ ഈ വഴിപിഴച്ചപോക്ക് സഹായിക്കുകയുള്ളു. ഈ കുതന്ത്രങ്ങള്‍കൊണ്ട് എന്തെങ്കിലും രാഷ്ട്രീയനേട്ടം ഔദ്യോഗികപക്ഷത്തിന് ഉണ്ടാവുമെന്നും ഞങ്ങള്‍ കരുതുന്നില്ല. അവര്‍ ജനങ്ങളുടെ മുമ്പില്‍ കൂടുതല്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടുകയായിരിക്കും ചെയ്യുന്നത്.

ഹസാരെയുടെ സമരത്തെ ഞങ്ങള്‍ ശക്തിയായി പിന്താങ്ങിയിരുന്നു. അതിലെ അപചയങ്ങളും ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല പ്രഖ്യാപിതലക്ഷ്യങ്ങള്‍ക്കുവേണ്ടി ഹസാരെ രൂപം കൊടുത്ത പാനലിനെക്കുറിച്ചും പാനലിലെ ചില അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അപവാദങ്ങളെക്കുറിച്ചും ഞങ്ങള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഹസാരെ സൃഷ്ടിച്ചെടുത്ത പൊതുബോധത്തിന്റെ രചനാത്മകമായ ഉയിര്‍ത്തെഴുന്നേല്‍പില്‍ ഞങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഹസാരെ മുഴുവനും തെറ്റാണെന്ന് ഞങ്ങള്‍ പറയില്ല. ജനാധിപത്യത്തെക്കുറിച്ച് ഹസാരെ പ്രകടിപ്പിച്ച ചില അഭിപ്രായങ്ങളോട് ചില വിശദാംശങ്ങളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കിലും അത് പാടേ തെറ്റാണെന്ന നിലപാട് ഞങ്ങള്‍ക്കില്ല.

എന്നാല്‍ വി.എസ്സ് , ഹസാരെയുടെ നിരാഹാരസത്യഗ്രഹം എന്ന അതേ ആയുധം എന്‍ഡോസള്‍ഫാന്‍വിരുദ്ധസമരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ ഭംഗ്യന്തരേണ പരിഹസിച്ചുകൊണ്ട് പിണറായി വിജയന്‍ ഹസാരേയ്ക്കുനേരെ ആഞ്ഞടിക്കുമ്പോള്‍ അത് ഹസാരെയെ ഉന്നംവച്ചല്ലെന്നും മറിച്ച് വി.എസ്സിനെ ഉന്നംവെച്ചാണെന്നും അറിയാനുള്ള രാഷ്ട്രീയവിവേകം ഞങ്ങള്‍ക്കുണ്ട്.

ഈ മുഖക്കുറിപ്പിന് ഇത്രയും നീണ്ടൊരു ആമുഖം ഞങ്ങള്‍ എഴുതിച്ചേര്‍ത്തത് ഏപ്രില്‍ 29 ാംതിയതി എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ഞങ്ങള്‍ക്ക് സംശയമുള്ളതുകൊണ്ടാണ്. ജനങ്ങള്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയ ഇന്നത്തെ പ്രത്യക അവസ്ഥയില്‍ ഇത്തരമൊരു ഹര്‍ത്താലിന്റെ സാധുത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്ന ന്യായയുക്തികള്‍ കാരണമല്ല ഞങ്ങളിതിനെ എതിര്‍ക്കുന്നത്. ഇന്നത്തെനിലയില്‍ ഇത്തരമൊരു ഹര്‍ത്താല്‍ ജനവികാരത്തിനു വിരുദ്ധമായതുകൊണ്ടാണ്.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തോട് ജനങ്ങള്‍ കാണിക്കുന്ന ആഭിമുഖ്യത്തിന് ഇടിവ് സംഭവിക്കാനേ ഈ ഹര്‍ത്താല്‍ ഉതകുകയുള്ളു. ഉപയോഗിച്ചു തേഞ്ഞ ഒരായുധംതന്നെ വീണ്ടും ഉപയോഗിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നു. പാടിപ്പാടി പഴകി താല്‍പര്യം നഷ്ടപ്പെട്ട ഒരു പാട്ടുതന്നെ പാര്‍ട്ടി വീണ്ടും പാടുന്നു. ഇത്രയും കാലത്തെ രാഷ്ട്രീയനിയോഗങ്ങള്‍ പാര്‍ട്ടിയെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിട്ടുമാത്രമേ ഈ ഹര്‍ത്താല്‍ ആഹ്വാനത്തെ കാണാന്‍ ഞങ്ങള്‍ക്കാവുകയുള്ളു.
എന്‍ഡോസള്‍ഫാന്‍സമരത്തില്‍ അച്യുതാനന്ദന്‍നേടിയ മേല്‍ക്കൈ ഇല്ലാതാക്കാനാണ് ഈ ഹര്‍ത്താല്‍ ആഹ്വാനമെങ്കില്‍ അത് പാര്‍ട്ടിയെ പ്രതികൂലമായി മാത്രമേ ബാധിക്കൂ. ഇതുകൊണ്ടൊന്നും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഔദ്യോഗികനേതൃത്വത്തിന് മേല്‍ക്കൈ നേടാനുമാവില്ല. പാര്‍ട്ടിക്കുള്ളിലോ…അക്കാര്യത്തിലും ഞങ്ങള്‍ക്ക് സംശയമാണുള്ളത്.