എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയെട്ട്
എഡിറ്റര്‍
Wednesday 13th November 2013 7:37pm

ബട്ടര്‍കപ്പ് എല്ലാവര്‍ക്കും പ്രിയങ്കരിയായി. ബട്ടര്‍കപ്പിന്റെ ധീരകൃത്യങ്ങളെ ക്കുറിച്ചുള്ള കിംവദന്തികള്‍ എല്ലായിടത്തും പ്രചരിച്ചുകഴിഞ്ഞിരുന്നു. തീ ചതുപ്പിലൂടെ ഒരു പോറലുമേല്‍ക്കാതെ കടന്നുവന്നവളെ ആര്‍ക്കാണ് സ്‌നേഹിക്കാന്‍ കഴിയാതിരിക്കുക!

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: മുപ്പത്തിയെട്ട്

 


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ബട്ടര്‍കപ്പ് തിരിച്ചെത്തിയതോടെ ഫ്‌ളോറിനില്‍ ഉത്സവാഘോഷങ്ങള്‍ ആരംഭിച്ചു. ജനങ്ങള്‍ ആര്‍ത്തുല്ലസിച്ചു. ഹംപര്‍ഡിന്‍ക് രാജകുമാരന്‍ തന്റെ നായാട്ടൊക്കെ കുറേശ്ശയായി ഉപേക്ഷിക്കാന്‍ തുടങ്ങി. അയാള്‍ ബട്ടര്‍കപ്പിനെ കൂടുതല്‍ താല്പര്യത്തോടെ സമീപിക്കാന്‍ തുടങ്ങി.

ഹംപര്‍ഡിന്‍കിന്റെ സന്തോഷം പ്രജകളുടെയും സന്തോഷമായിരുന്നു. ഒരു കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നു. ബട്ടര്‍കപ്പിനെ തട്ടിക്കൊണ്ടുപോയത് ഗില്‍ഡര്‍ രാജാവിന്റെ ഗൂഢപദ്ധതി പ്രകാരമാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാമാന്യം വഷളായിക്കഴിഞ്ഞിരുന്നു.

ബട്ടര്‍കപ്പ് എല്ലാവര്‍ക്കും പ്രിയങ്കരിയായി. ബട്ടര്‍കപ്പിന്റെ ധീരകൃത്യങ്ങളെ ക്കുറിച്ചുള്ള കിംവദന്തികള്‍ എല്ലായിടത്തും പ്രചരിച്ചുകഴിഞ്ഞിരുന്നു. തീ ചതുപ്പിലൂടെ ഒരു പോറലുമേല്‍ക്കാതെ കടന്നുവന്നവളെ ആര്‍ക്കാണ് സ്‌നേഹിക്കാന്‍ കഴിയാതിരിക്കുക!

ഹംപര്‍ഡിന്‍ക് രാജകുമാരന്റെ കഥയോ? അതിനി പറയണോ. അയാളുടെ രാജ്യത്തെങ്കിലും അയാളൊരു ‘ഹീറോ’ ആയി. അയാളൊരിക്കലും ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നില്ല.

അയാളുടെ നായാട്ടിനെക്കുറിച്ച് അവര്‍ക്കൊക്കെ പുച്ഛമായിരുന്നു. അവന്റെ അരച്ചൂട് മുക്കാല്‍ചൂടായിക്കഴിഞ്ഞാല്‍ രാജ്യം കുട്ടിച്ചോറാവുമെന്നുതന്നെ ജനം വിശ്വസിച്ചു.

എന്നാല്‍ തട്ടിക്കൊണ്ടുപോയ ബട്ടര്‍കപ്പിനെ വീണ്ടെടുത്ത് ഹംപര്‍ഡിന്‍ക് തിരിച്ചെത്തിയതോടെ ജനങ്ങള്‍ അയാളെ വാഴ്ത്താന്‍ തുടങ്ങി. ഇത്ര ധീരനായൊരു രാജാവിനെ കിട്ടാന്‍ അവരെത്ര ഭാഗ്യം ചെയ്തവരാണ്!

സല്‍ക്കാരങ്ങളിലും നൃത്തങ്ങളിലും മുഴുകിയ ബട്ടര്‍കപ്പ് ഒരു മാസത്തോളം വെസ്റ്റ്്‌ലിയെ ഓര്‍ത്തതേ ഇല്ല. ഒരു മാസം കഴിഞ്ഞൊരു രാത്രി ഒരു വലിയ സല്ക്കാരത്തിന്റെ ഒടുവില്‍ തളര്‍വശയായി കിടക്കയില്‍ വീണ് ബട്ടര്‍കപ്പ് ഉറക്കം വരാതെ കിടക്കുമ്പോള്‍ വെസ്റ്റ്‌ലിയെ ഓര്‍ത്തു. അവനിപ്പോള്‍ ഏത് കടലിലായിരിക്കും?

രാത്രിമുഴുവന്‍ അവളോരോന്നോര്‍ത്ത് അതിശയപ്പെട്ടുകൊണ്ടിരുന്നു.

പ്രിയപ്പെട്ട വായനക്കാരേ, ബട്ടര്‍കപ്പിനെപ്പറ്റി പറയാന്‍ ഇനിയും ഏറെ സമയമുണ്ട്. എണ്‍പത്തൊന്‍പത് ദിവസം രാത്രിയും പകലും ഇനി സല്ക്കാരം തന്നെയാണ്. അതു കഴിഞ്ഞോട്ടെ! നമുക്ക് മറ്റുള്ളവരുടെ പിറകേ പോകാം.
അടുത്ത പേജില്‍ തുടരുന്നു

Advertisement