എഡിറ്റര്‍
എഡിറ്റര്‍
ചോളമനുഷ്യരും റബ്ബര്‍ മനുഷ്യരും ഭാഗം: എട്ട്
എഡിറ്റര്‍
Monday 31st March 2014 1:27pm

മരിച്ചു കഴിഞ്ഞാല്‍ മഹാന്‍മാര്‍ നഗരങ്ങളായും പിറക്കാം. അല്ലെങ്കില്‍ നഗരങ്ങളുടെ പേരുകള്‍ അപഹരിക്കാം. അപഹരിക്കപ്പെട്ടത് ചിലപ്പോള്‍ ജനം തിരിച്ചെടുത്തുവെന്നും വരാം. അങ്ങനെയാണ് ‘സ്റ്റാലിന്‍ഗ്രാഡും ലെനിന്‍ഗ്രാഡും’  ഗോര്‍ക്കിയുമൊക്കെ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും. ബാബു ഭരദ്വാജിന്റെ യാത്ര തുടരുന്നു…


chola

line

യാത്ര വിവരണം / ബാബു ഭരദ്വാജ്

line

babu-baradwaj

ഓരോ തവണ സാന്‍ ആന്റോണിയോയില്‍ എത്തുമ്പോഴും ചരിത്രമല്ല ഗാഡമായി സ്പര്‍ശിക്കുകയും ആവേശിക്കുകയും ചെയ്യുന്നത്. കൊളോണിയല്‍ ചരിത്രവും അതിന്റെ നാനാതരം രചനാവിലാസങ്ങളും എനിക്കൊട്ടും ഹിതകരമായി തോന്നിയിട്ടില്ല. മെക്‌സിക്കോയില്‍ നിന്ന് ടെക്‌സാസ് സമതലങ്ങലെ മോചിപ്പിച്ചതാണല്ലോ കൊട്ടിഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യസമര ചരിത്രം.

ടെക്‌സാസ് വിമോചനത്തിന്റെ ഒരുപാട് സ്മാരകങ്ങള്‍ സാന്‍ ആന്റോണിയോയിലുണ്ട്. ചരിത്രം എപ്പോഴും വിജയിക്കുന്നവരുടെ ഗാഥയാണ്. ടെക്‌സാസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഫൂസ്റ്റണ് ആ പേര് വന്നത് സാം ഫൂസ്റ്റണ്‍ എന്ന പടനായകന്റെ പേരില്‍ നിന്നാണ്. സാന്‍ ആന്റോണിയോ എന്ന നഗരത്തിന്റെ നാമകരണം പാദുവയിലെ പരിശുദ്ധ ആന്റണിയുടെ ഓര്‍മ്മയില്‍ നിന്നാണുണ്ടായതെന്നും കഴിഞ്ഞ അധ്യായത്തില്‍ ഞാന്‍ പറഞ്ഞിരുന്നു.

മഹാന്‍മാര്‍ മരിച്ചുകഴിഞ്ഞാല്‍ നിരത്തായി പുനര്‍ജനിക്കുമെന്ന് പറഞ്ഞത് വി.കെ.എന്‍ ആണ്. ദല്‍ഹി നഗരത്തിലെ അക്ബര്‍ റോഡില്‍ നിന്നാണ് വി.കെ.എന്‍ സൃഷ്ടിച്ച ”പയ്യന്‍” എന്ന കഥാപാത്രം ഇങ്ങനെ മൊഴിഞ്ഞതെന്നാണെന്റെ ഓര്‍മ്മ.

മരിച്ചു കഴിഞ്ഞാല്‍ മഹാന്‍മാര്‍ നഗരങ്ങളായും പിറക്കാം. അല്ലെങ്കില്‍ നഗരങ്ങളുടെ പേരുകള്‍ അപഹരിക്കാം. അപഹരിക്കപ്പെട്ടത് ചിലപ്പോള്‍ ജനം തിരിച്ചെടുത്തുവെന്നും വരാം. അങ്ങനെയാണ് ‘സ്റ്റാലിന്‍ഗ്രാഡും ലെനിന്‍ഗ്രാഡും’  ഗോര്‍ക്കിയുമൊക്കെ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും.

പ്രേതങ്ങളില്ലാത്ത ഒരു നഗരവും ലോകത്തൊരിടത്തും കാണാനിടയില്ല. കോഴിക്കോട്ട് കടപ്പുറത്തും പട്ടുതെരുവിലും പാണ്ട്യാലകളിലും ഇന്നും ഗതികിട്ടാത്ത പ്രേതങ്ങളെ കാണാം.

സ്വന്തം പേരിലേക്ക് ചില പുണ്യാളന്‍മാളര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞേക്കും. വിപ്ലവത്തിന്റെ ആദ്യത്തെ പീരങ്കിവെടി മുഴങ്ങിയ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പരിശുദ്ധ പത്രോസ് തിരിച്ചുവരുന്നത് അങ്ങനെയാണ്.

ടെക്‌സാസില്‍ വന്യവിശാലതകളില്‍ വസൂരിയുമായെത്തിയ സ്പാനിഷുകാര്‍ വലിയ യുദ്ധളൊന്നും ചെയ്യാതെയാണ് അവിടെ വസിച്ചിരുന്ന കാഡോസ് എന്ന ഇന്ത്യന്‍ വര്‍ഗത്തെ കീഴടക്കിയത്. അവര്‍ സംസാരിച്ചിരുന്നത് ‘കാഡോ’ ഭാഷയായിരുന്നു. കാഡോ ഭാഷയില്‍ തെജാസ് എന്ന വാക്കിനര്‍ത്ഥം സുഹൃത്തുക്കള്‍ എന്നാണ്.

എന്തായാലും തെജാസ് എന്ന വാക്കില്‍ നിന്നാണ് ടെക്‌സാസ് എന്ന് സമതലത്തിന് പേരുകിട്ടിയത്. കാഡോകള്‍ പ്രസന്നചിത്തരും സത്മനസ്‌കരുമാണ് ഇന്നെന്നാണ് പറയപ്പെടുന്നത്. അതറിയാന്‍ ഇപ്പോള്‍ മാര്‍ഗങ്ങളൊന്നുമില്ല. സ്‌പെയിന്‍കാര്‍ കൊണ്ടുവന്ന വസൂരി ആ വര്‍ഗത്തെ കൂട്ടക്കൊല ചെയ്തു.

1534 മുതല്‍ 1536 വരെ സ്പാനിഷ് പര്യവേഷകനായ ആള്‍വാര്‍ ന്യീമെസ് കബേസാ ഡിവാക്കയും മൂന്നുപേരും ടെക്‌സാസില്‍ നിന്ന് വടക്കന്‍ മെക്‌സിക്കോവഴി ഇന്നത്തെ മെക്‌സിക്കോ നഗരത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പറയാതെ സാന്‍ ആന്റോണിയോയുടെ പൂര്‍വ്വചരിത്രം എഴുതാനാവില്ല.

yanaguanaയാനാഗുവാന എന്ന നദീതടം അവരന്ന് ആ യാത്രയില്‍ കണ്ടിട്ടുണ്ടായിരിക്കില്ല. അതുകഴിഞ്ഞ് 150-ലേറെ വര്‍ഷം കഴിഞ്ഞാണ് 1691-ല്‍ പയായ ഇന്ത്യക്കാരുടെ ഈ നദീതടം കണ്ടെത്തുന്നത്. ആ ചരിത്രം ഞാന്‍ പിന്നീടൊരിക്കല്‍ പറായം.

പ്രേതാത്മക്കളുടെ നഗരമെന്നാണ് സാന്‍ ആന്റോണിയോ അറിയപ്പെടുന്നത്. ഒരുപാട് അധിനിവേശങ്ങളും കുടിയേറ്റങ്ങളും യുദ്ധങ്ങളും മഹാമാരികളും നാടനും മറുനാടനുമായ ഒരുപാട് വംശങ്ങളെ ഉന്‍മൂലനം ചെയ്ത ഒരു നദീതടത്തില്‍ പ്രേതങ്ങള്‍ക്ക് അലഞ്ഞുതിരിയാതിരിക്കാന്‍ വയ്യ. യുദ്ധതടത്തില്‍ മൃതിയടഞ്ഞവരും കൊലചെയ്യപ്പെട്ടവരും അധികാരത്തിന്റെയും ലാഭത്തിന്റെയും നാനാതരം സംഘര്‍ഷങ്ങളില്‍ എരിഞ്ഞുതീര്‍ക്കുന്നവരും ഇന്നും പ്രേതാത്മക്കളായി ഇവിടെ അലഞ്ഞുതിരിയുന്നുണ്ടത്രേ.

പ്രേതങ്ങളില്ലാത്ത ഒരു നഗരവും ലോകത്തൊരിടത്തും കാണാനിടയില്ല. കോഴിക്കോട്ട് കടപ്പുറത്തും പട്ടുതെരുവിലും പാണ്ട്യാലകളിലും ഇന്നും ഗതികിട്ടാത്ത പ്രേതങ്ങളെ കാണാം. അറബികളും പറങ്കികളും ലങ്കക്കാരും ചീനരും ഒക്കെയായി പ്രേതങ്ങളെ വില്‍ക്കുന്ന വിദ്യ നമ്മള്‍ക്കറിയാത്തതുകൊണ്ട് അവരങ്ങനെ മോക്ഷം കാത്ത് കഴിയുകയാണ്. പഴയ പ്രേതങ്ങള്‍ എന്നുമെന്നും വില്‍ക്കാന്‍ പറയുന്ന വില കൂടിയ ചരക്കുകളാണെന്ന് ഇതുപോലെ കണ്ടെത്തിയ വേറൊരു നഗരം ലോകത്തൊരിടത്തും കാണില്ല.
അടുത്ത പേജില്‍ തുടരുന്നു

Advertisement