എഡിറ്റര്‍
എഡിറ്റര്‍
ചോള മനുഷ്യരും റബ്ബര്‍ മനുഷ്യരും ഭാഗം: ഏഴ്
എഡിറ്റര്‍
Thursday 6th March 2014 2:03pm

എന്റെ കയ്യില്‍ മുറുകെ പിടിച്ച് പ്രഭ നടക്കുന്നുണ്ട്. അവള്‍ക്കിപ്പോള്‍ കണ്ണ് തീരെ കാണില്ല. അവളിപ്പോള്‍ കാണുന്ന അമേരിക്ക എങ്ങനെയായിരിക്കും? കണ്ണടച്ചാല്‍ ഞാന്‍ കാണുന്ന അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമോ അത്?. എന്റെ ചിന്തയുടെ കാന്തതരംഗങ്ങള്‍ അവളിലേക്ക് പടര്‍ന്നുകാണണം. കൂടെ നടക്കുന്നവര്‍ ചോദിക്കാതെ തന്നെ അവര്‍ ചോദിച്ചിട്ടെന്നപോലെ ചില ഉത്തരങ്ങള്‍ നാം പറയാറുണ്ടല്ലോ? അതുപോലെ അവള്‍ പെട്ടെന്ന് പറഞ്ഞു. ”വയനാട്ടിലെ ഒരു ഉള്‍നാട്ടില്‍ ഏതോ കാവിലെ ഉത്സവത്തിരക്കില്‍ പെട്ടത് പോലെയുണ്ട്”. ബാബു ഭരദ്വാജിന്റെ യാത്ര തുടരുന്നു…


chola-manushyar-7

line

യാത്ര വിവരണം / ബാബു ഭരദ്വാജ്

line

babu-baradwajബാലിദ്വീപില്‍ ഒരു ഉത്സവപ്പറമ്പില്‍ കേരളത്തിന്റെ പ്രത്യേകിച്ചും കോഴിക്കോടിന്റെ രുചിയും മണവും നിറങ്ങളുമെല്ലാം നിറഞ്ഞതിനെപ്പറ്റി നമ്മുടെ നാട്ടിലെ ഏറ്റവും മഹാനായ യാത്രികന്‍ എസ്.കെ പൊറ്റെക്കാട് എഴുതിയിട്ടുണ്ട്.

എവിടെ പോയാലും കേരളത്തിന്റെ ഒരംശം എസ്.കെ അവിടെ കണ്ടെത്തിയിരുന്നു. എല്ലാ മനുഷ്യരും വിദേശങ്ങളില്‍ സ്വന്തം നാടിന്റെ മണമോ നിറമോ രുചിയോ ചിലപ്പോഴൊക്കെ അറിയാതെ അനുഭവിക്കുന്നുണ്ടാവണം. നമുക്കത് പറയാന്‍ പറ്റാത്തതായിരിക്കണം.

എന്റെ കയ്യില്‍ മുറുകെ പിടിച്ച് പ്രഭ നടക്കുന്നുണ്ട്. അവള്‍ക്കിപ്പോള്‍ കണ്ണ് തീരെ കാണില്ല. അവളിപ്പോള്‍ കാണുന്ന അമേരിക്ക എങ്ങനെയായിരിക്കും? കണ്ണടച്ചാല്‍ ഞാന്‍ കാണുന്ന അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമോ അത്?

എന്റെ ചിന്തയുടെ കാന്തതരംഗങ്ങള്‍ അവളിലേക്ക് പടര്‍ന്നുകാണണം. കൂടെ നടക്കുന്നവര്‍ ചോദിക്കാതെ തന്നെ അവര്‍ ചോദിച്ചിട്ടെന്നപോലെ ചില ഉത്തരങ്ങള്‍ നാം പറയാറുണ്ടല്ലോ? അതുപോലെ അവള്‍ പെട്ടെന്ന് പറഞ്ഞു. ”വയനാട്ടിലെ ഒരു ഉള്‍നാട്ടില്‍ ഏതോ കാവിലെ ഉത്സവത്തിരക്കില്‍ പെട്ടത് പോലെയുണ്ട്”.

അവള്‍ വിശദീകരിച്ചു. ആള്‍ക്കാരുടെ ചിരി അതേ പോലെ. സംസാരം മലയാളം പോലെ തന്നെ. അവര്‍ സംസാരിക്കുന്ന ഇംഗ്ലീഷിന് മലയാളത്തിന്റെ വഴുവഴുപ്പ് വന്നതുപോലെ. സ്പര്‍ശനത്തില്‍ അതേ സൗഹൃദം. എല്ലായിടത്തും അതേ ജീവിതം മണക്കുന്നതുപോലെ.

ആറ് കൊല്ലത്തിന് ശേഷം വീണ്ടുമൊരിക്കല്‍ സാന്‍ അന്റോണിയോ എന്ന പുഴനഗരത്തില്‍ എത്തുമ്പോള്‍ പണ്ട് ചെറുപ്പത്തില്‍ അകലാപ്പുഴയുടെ ഏതോ കടവത്ത് തോണി കാത്തുനില്‍ക്കുന്ന അത്ര അമ്പരപ്പും ആനന്ദവും ഉല്ലാസവും.

അകലാപ്പുഴയുടെ പുഴജീവിതം ശാന്തഗംഭീരമായിരുന്നു. അതിനിത്രത്തോളം ആരവമുണ്ടായിരുന്നില്ല. സാന്‍ അന്റോണിയോയിലെ പുഴയ്ക്ക് പ്രൗഢി കൂടുതലാണോ. വലിപ്പമില്ലെങ്കിലും വലിപ്പമുണ്ടാക്കുന്ന ഒരു നെഗളിപ്പ് അതിനുണ്ട്.

എരഞ്ഞിപ്പാലത്തെ കനോളിക്കനാലില്‍ കാണാത്ത വേറൊന്ന് ഇവിടെയുണ്ട്. സ്വപ്‌നനഗരി എന്ന പേരിതിനില്ലെങ്കിലും നിറയെ ആഹ്ലാദവും ആനന്ദവും.

അലങ്കാരവും ആര്‍ഭാടവും ആരവവും ആമോദവും പടര്‍ന്ന് കിടക്കുന്ന അകലാപ്പുഴയുമായി തട്ടിച്ചുനോക്കിയാല്‍ ഇതൊരു നീര്‍ച്ചാലാണ്. കനോളിക്കനാലിന്റെ വീതി മാത്രമുള്ള ഒരു നീരൊഴുക്ക്. കുളുര്‍ത്ത നീലവെള്ളമല്ല അതിലൂടെ ഒഴുകുന്നത് കറുത്ത ചെളിവെള്ളം.

എന്നാല്‍ എരഞ്ഞിപ്പാലത്തെ കനോളിക്കനാലില്‍ കാണാത്ത വേറൊന്ന് ഇവിടെയുണ്ട്. സ്വപ്‌നനഗരി എന്ന പേരിതിനില്ലെങ്കിലും നിറയെ ആഹ്ലാദവും ആനന്ദവും ഇവിടെയുണ്ട്. പുഴയിലൂടെ ഉല്ലാസനൗകകളില്‍ ബാന്റ് വാദ്യവും കാഹളം വിളിയുമായി കൊട്ടും കുരവയുമായി ഉല്ലാസ യാത്രക്കാര്‍, ഗായകസംഘങ്ങള്‍, നര്‍ത്തകര്‍.

കൂടുതലും കുമാരീകുമാരന്‍മാരാണ്. അവരാ നഗരത്തില്‍ നിന്നും മറ്റ് നഗരങ്ങളില്‍ നിന്നും കൂട്ടം കൂടി എത്തിയിരിക്കുകയാണ്. പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ ലഹരി വറ്റിത്തീര്‍ന്നിരുന്നില്ല.

ഉത്സവകാലങ്ങളില്‍ നാനാദേശങ്ങളില്‍ നിന്നും നടവരവ് വരുന്നത് പോലെയാണിവര്‍ കൂട്ടമായി വന്നുകൊണ്ടിരിക്കുന്നത്. കണ്ണടച്ചാല്‍ കാണുന്നത് കുരുത്തോല കൊണ്ട് വേഷം കെട്ടിയ തെയ്യങ്ങളായിരിക്കും. അത്ര മേളപ്പെരുക്കം. ആഹ്ലാദത്തിന്റെ അതേ അണപൊട്ടല്‍.

നമ്മുടെ നാട്ടില്‍ ഒരുപാട് തോടുകളും പുഴകളും കായലുകളും ഉണ്ട്. അവയുടെയൊക്കെ കരയില്‍ അമ്പലങ്ങളും ഉത്സവവും തെയ്യങ്ങളും തിറകളും ഒക്കെയുണ്ട്. അത്തരം ഉത്സവങ്ങള്‍ നീരൊഴുക്കിന്റെ ഭാഗമാക്കാനും അവയെ ജലരാശികളിലേക്ക് പരത്താനും നമുക്കെന്തുകൊണ്ട് ആവുന്നില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement