വികസനത്തിന്റെ സാമ്രാജ്യത്വ അജണ്ടയും അതിന് ബഹുരാഷ്ട്രകുത്തകകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആക്ഷന്‍ പ്ലാനുകളും ജനവിരുദ്ധമാണ്. ഇത് ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്കെതിരാണ്. അത്തരം ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന എല്ലാവരേയും എല്ലാ പ്രസ്ഥാനങ്ങളേയും അടിച്ചമര്‍ത്തണമെന്നും ചോരയില്‍ മുക്കിക്കൊല്ലുമെന്നും അര്‍ഥശങ്കകള്‍ക്കിടയില്ലാതെ ഭരണകൂടം പറഞ്ഞുറപ്പിക്കുകയും ചെയ്യുകയാണ്.ബാബുഭരദ്വാജ് എഴുതുന്നു..


എസ്സേയ്‌സ്/ബാബു ഭരദ്വാജ്‌


കൂടംകുളത്ത് എന്ത് സംഭവിക്കുന്നുവെന്നത് ഇന്ത്യമുഴുവന്‍ ഇനി എന്താണ് സംഭവിക്കാന്‍ പോവുന്നതിന്റെ ചൂണ്ടുപലകയാണ്. ആസാമില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും മുംബൈയില്‍ കാര്‍ട്ടൂണിസ്റ്റ് ത്രിവേദിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിനെതിരെ വിഘടനവാദികള്‍ക്കെതിരായ 124ാം വകുപ്പുപയോഗിച്ച് കേസ്സെടുത്തതും ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഒരു പൊതുയോഗത്തില്‍ ഒരു സംശയം ഉന്നയിച്ചതുകാരണം ഒരു ഗ്രാമീണ കര്‍ഷകനെ മാവോവാദിയാക്കി കേസെടുത്തതുമെല്ലാം ഒരേ രോഗത്തിന്റെ വിവിധ ലക്ഷണങ്ങളാണ്. ഇതൊക്കെ പലതായി കാണുകയും നിരൂപിക്കുകയും ചെയ്യുന്നതിന് പകരം ഒരു രോഗത്തിന്റ പലതരം ” മാനിഫെസ്റ്റേഷനുകള്‍ ”ആയി കാണുകയായിരിക്കും ഉചിതം.

Ads By Google

വികസനത്തിന്റെ സാമ്രാജ്യത്വ അജണ്ടയും അതിന് ബഹുരാഷ്ട്രകുത്തകകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആക്ഷന്‍ പ്ലാനുകളും ജനവിരുദ്ധമാണ്. ഇത് ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്കെതിരാണ്. അത്തരം ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന എല്ലാവരേയും എല്ലാ പ്രസ്ഥാനങ്ങളേയും അടിച്ചമര്‍ത്തണമെന്നും ചോരയില്‍ മുക്കിക്കൊല്ലുമെന്നും അര്‍ഥശങ്കകള്‍ക്കിടയില്ലാതെ ഭരണകൂടം പറഞ്ഞുറപ്പിക്കുകയും ചെയ്യുകയാണ്. പറഞ്ഞുറപ്പിക്കല്‍ മാത്രമല്ല ചെയ്തുകാണിക്കലാണ്. ജനപക്ഷത്ത് നിന്നുകൊണ്ട് ഭരണകൂടത്തിന്റെ നയവഞ്ചനകളെ ചൂണ്ടിക്കാണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന എല്ലാവരേയും മാവോയിസ്റ്റുകളായി ഭരണകൂടം മുദ്രകുത്തുന്നു. പട്ടിയെ പേപ്പട്ടിയായി ചിത്രീകരിച്ച് തല്ലിക്കൊല്ലല്‍ എളുപ്പമാണ്. അതിന് ജനപിന്തുണ ലഭിക്കുമെന്ന് ഭരണകര്‍ത്താക്കള്‍ കരുതുന്നു. ഈ കോലാഹലത്തിനിടയില്‍ കാര്യം കാണല്‍ എളുപ്പമാണ്.

കൂടംകുളത്തെ ജനകീയ സമരത്തിന്റെ നായകരേയും ഈ രീതിയില്‍ കൈകാര്യം ചെയ്യാനാണ് പ്രധാനമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ആലോചിക്കുന്നത്. അങ്ങനെ വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാവുകയില്ലെന്ന് തന്നെയാണ് കൂടംകുളത്തെ സാധാരണ മത്സ്യത്തൊഴിലാളികള്‍ ഭരണകൂടത്തോട് ഉറക്കെ പ്രഖ്യാപിക്കുന്നത്. കൂടംകുളത്തെ സാധാരണക്കാരായ രാജ്യസ്‌നേഹികള്‍ ധീരമായി മുന്നോട്ട് വെച്ച ഈ നീതിശാസ്ത്രവും ഇന്ത്യയിലെ കലാപഭരിതമായ എല്ലാ മേഖലകളിലേയും സാധാരണക്കാര്‍ സ്വീകരിക്കുമെങ്കില്‍ അതായിരിക്കും ഇന്ത്യയുടെ സുസ്ഥിര പുരോഗതിയുടെ അടിസ്ഥാന ഘടകം.

ഇന്ത്യയിലെ ആദിവാസ മേഖലകളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജനമുന്നേറ്റത്തിന്റെ അടിസ്ഥാന കാരണം വികസനത്തിന്റെ വഴിപിഴച്ച മുന്‍ഗണനകളും ചൂഷണവുമാണ്. സാമ്രാജ്യത്വ അജണ്ടയ്ക്ക് അനുസൃതമായും ആഗോള കുത്തകകള്‍ക്കനുഗുണമായും സൃഷ്ടിച്ചെടുത്ത വികസന നയം പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്ത് പരിസ്ഥിതിയെ മാരകമായി തകര്‍ക്കലാണ്. ആദിവാസികളെ അവരെ സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് അടിച്ചോടിച്ചാല്‍ മാത്രമേ കുത്തകകള്‍ക്കിത് സാധ്യമാവൂ. ഭരണകര്‍ത്താക്കള്‍ക്കുള്ളില്‍ രൂപംകൊണ്ട ഒരു ഖനിമാഫിയയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. അവരുടെ നിയന്ത്രണം എത്രത്തോളം മാരകമായിരുന്നുവെന്നതാണ് കല്‍ക്കരി വിതരണത്തെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കൂടംകുളത്തെ സാധാരണക്കാരായ രാജ്യസ്‌നേഹികള്‍ ധീരമായി മുന്നോട്ട് വെച്ച ഈ നീതിശാസ്ത്രവും ഇന്ത്യയിലെ കലാപഭരിതമായ എല്ലാ മേഖലകളിലേയും സാധാരണക്കാര്‍ സ്വീകരിക്കുമെങ്കില്‍ അതായിരിക്കും ഇന്ത്യയുടെ സുസ്ഥിര പുരോഗതിയുടെ അടിസ്ഥാന ഘടകം.

രാജ്യദ്രോഹത്തിനെതിരെ പ്രതികരിക്കുന്നവരെല്ലാം ”മാവോയിസ്റ്റുകളാക്കി” മുദ്രകുത്തുക

രാജ്യത്തിനുള്ളതെല്ലാം ഇന്ത്യന്‍ കുത്തകകള്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും ചുളുവിലയ്ക്ക് വിറ്റ് മുടിക്കുക. അതിന്റെ കമ്മീഷന്‍ പറ്റി കഴിയുന്നവരാണ്, ഒരുപക്ഷേ അവര്‍ തന്നെ അധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ച മന്ത്രിമാരും പരിവാരങ്ങളും.  ഈ രാജ്യദ്രോഹത്തിനെതിരെ പ്രതികരിക്കുന്നവരെല്ലാം ”മാവോയിസ്റ്റുകളാക്കി” മുദ്രകുത്തുക-ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും ആദിവാസികളെ മുഴുവനും വേട്ടയാടി ഇല്ലാതാക്കുക അതോടൊപ്പം അവര്‍ക്കൊപ്പം പ്രതികരിക്കാനും കൊടിയ ചൂഷണവും മര്‍ദനവും സഹിക്കുന്ന, ഉന്മൂലന ഭീഷണിയെ നേരിടുന്ന ആദിവാസിജനങ്ങള്‍ക്കൊപ്പം സഹഭാവം പ്രകടിപ്പിക്കുന്ന എല്ലാവരേയും അകത്താക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭരണകര്‍ത്താക്കള്‍ക്ക് ”എതിര്‍വായ്” ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രം. ഏകാധിപത്യത്തിന്റേയും ഫാഷിസത്തിന്റേയും സഹജസ്വഭാവം മാത്രമല്ല ഇത് പ്രകടിപ്പിക്കുന്നത്. ആഗോള മുതലാളിത്തം പിടിമുറുക്കുന്നതിന്റെ പ്രത്യക്ഷഭാവം കൂടിയാണിത്. ജനാധിപത്യം എത്രത്തോളം ”ജന” ആദിപത്യമാണെന്ന് തെളിയിച്ചുകൊടുക്കേണ്ട കടമ ഇപ്പോള്‍ സാധാരണ ജനങ്ങളുടെ കരുത്തിലാണുള്ളത്. അതവര്‍ തെളിയിക്കുക തന്നെ ചെയ്യും.

ആണവനിലയങ്ങള്‍ക്കെതിരെ ലോകമെങ്ങും ജനങ്ങള്‍ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ മിക്ക രാജ്യങ്ങളും ആണവറിയാക്ടറുകള്‍ അടച്ചുപൂട്ടാന്‍ വഴികള്‍ തേടുമ്പോള്‍ ഒരുപക്ഷേ ഇന്ത്യ മാത്രമായിരിക്കണം നാട്ടിലെമ്പാടും ആണവറിയാക്ടറുകള്‍ ഉണ്ടാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്.

കൂടംകുളം ഇന്നൊരു ക്രൂരമായ ഭരണകൂട ഫലിതമാണ്. അമേരിക്കയില്‍ കെട്ടിക്കിടക്കുന്ന ആണവറിയാക്ടര്‍ നിര്‍മാണ സാമഗ്രികള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറായിരിക്കുന്ന ഭരണകൂടം, അമേരിക്കയുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ആണവകരാര്‍ തയ്യാറാക്കുകയും ഒപ്പിടുകയും ചെയ്ത ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ പറയുന്നത് കൂടംകുളത്തെ ആണവറിയാക്ടറുകള്‍ക്കെതിരെയുള്ള സമരത്തില്‍ അമേരിക്കയുടെ കറുത്തകൈ ഉണ്ടെന്നാണ്. കഥയുണ്ടാക്കി കഥയൊടുക്കുക എന്ന തെറ്റായ ന്യായമാണിത്. ആട്ടിന്‍കുട്ടിയുടേയും ചെന്നായുടേയും ആ പഴയ കഥ ഓര്‍ക്കുന്നത് നല്ലതാണ്. അമേരിക്ക ഇത്തരം കുതന്ത്രങ്ങള്‍ കാണിക്കില്ലെന്ന വിശ്വാസമൊന്നും ഞങ്ങള്‍ക്കില്ല. എന്നാല്‍ അതിന് പഴിക്കേണ്ടത് അമേരിക്കയെ ആണ്, സമരം ചെയ്യുന്ന സാധാരണ ജനങ്ങളെയല്ല. മാത്രമല്ല, അമേരിക്ക ആണവനിലയങ്ങള്‍ക്കെതിരെ ഇത്തരം ഒരു ഇടപെടല്‍ നടത്തുകയാണെങ്കില്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഒരു ആണവമുക്ത ലോകത്തിന്റെ സൃഷ്ടിയിലേക്ക് അത് വഴിതെളിയിക്കുമെങ്കില്‍ അതല്ലേ നല്ലത്. കൂടംകുളം ഇന്ത്യയുടെ ചെറുത്തുനില്‍പ്പിന്റെ കേന്ദ്രബിന്ദുവാണ്.