എഡിറ്റോറിയല്‍/ബാബു ഭരദ്വാജ്

കോഴിക്കോട്ടൊരു എലിയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. എലിക്കെണികളുമായി തലസ്ഥാനത്തുനിന്ന് മന്ത്രിമാര്‍ എത്തിക്കഴിഞ്ഞു. എലിയുദ്ധത്തില്‍ മരിച്ചുവീഴുന്നവരുടെ പടങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.

നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടാതെ പൊയ ഒന്നാണ് ഈ എലിയുദ്ധം.

എലിപ്പനി പടരുന്നതിന്റെ പ്രധാന കാരണം എലികളാണ്. എലികള്‍ പെറ്റുപെരുകി രോഗം വിതയ്ക്കാന്‍ ഓടി നടക്കുന്നതിന്റെ പ്രധാനകാരണം നഗരത്തിലും ഗ്രാമങ്ങളിലും അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന മാലിന്യ കൂമ്പാരങ്ങളാണ്. ഈ മാലിന്യം ഇങ്ങനെ പെരുകികൊണ്ടിരിക്കുന്നത് ബോധവത്കരണത്തിന്റെ കുറവുകൊണ്ടല്ല. മാലിന്യം നീക്കാനും സംസ്‌കരിക്കാനും ഭരണകൂടം തയ്യാറാകാത്തത് കൊണ്ടാണ്. മാലിന്യമുക്തമാക്കാതെ എല്ലാ പദ്ധതികളും മാലിന്യത്തിന്റെ കൂമ്പാരമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കഴിക്കാനും സുഗമമായി സഞ്ചരിക്കാനും ജനങ്ങള്‍ക്കുള്ള അവകാശം സ്ഥാപിക്കപ്പെടാന്‍ കഴിയാത്ത ഒരു ഭരണകൂടത്തിനും നിലനില്‍ക്കാന്‍ അവകാശമില്ല. നൂറുദിന പരിപാടികളില്‍ ഉള്‍ക്കൊള്ളിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പരിപാടി മാലിന്യ നിര്‍മാര്‍ജ്ജനമായിരുന്നു. ഈ ഒറ്റ പരിപാടി നടത്താന്‍ കഴിഞ്ഞാല്‍ തന്നെ ജനങ്ങള്‍ ഈ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി അതിനെ വാഴ്ത്തിയേനെ. അതിന്റെ പേരില്‍ മാത്രം ഉമ്മന്‍ചാണ്ടി വാഴ്ത്തപ്പെട്ടവനാകുമായിരുന്നേനെ.

എങ്ങിനെ പരിഹരിക്കും എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരമുണ്ട്. മാലിന്യ സംസ്‌കരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മറ്റും രൂപീകരിക്കാനും അത് നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള കുറ്റമറ്റ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. പരിസരമലിനീകരണം നടത്തുന്ന എല്ലാത്തരം സ്ഥാപനങ്ങളേയും കരിമ്പട്ടികയില്‍ പെടുത്തി അടപ്പിക്കാനും പരിസരമലിനീകരണം അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ പുറത്താക്കാനും പരിസരമലിനീകരണം നടത്തുന്ന വ്യക്തികളെ ക്രൂരമായി തുറങ്കലിലടച്ചു ശിക്ഷിക്കാനുളഅള നിയമങ്ങള്‍ ഉണ്ടാവുകയാണ് വേണ്ടത്. അതിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ എലികള്‍ പെരുകിക്കൊണ്ടിരിക്കും. എലിപ്പനി പടര്‍ന്നുകൊണ്ടിരിക്കും. ജനങ്ങള്‍ ചത്തുകൊണ്ടിരിക്കും.