osama-bin-ladenചുരുക്കെഴുത്ത്/ ബാബു ഭരദ്വാജ്

ഒസാമ എവിടെയായിരുന്നുവെന്ന് ഒബാമക്കറിയാം. അറിയാനൊന്നുമില്ല, എല്ലായ്‌പോഴും ഒസാമ അമേരിക്കക്കൊപ്പമുണ്ടായിരുന്നു. ഇറാഖിലെ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാനും അഫ്ഗാനിലെ മയക്കുമരുന്ന് കച്ചവടം അമേരിക്കയുടെത് മാത്രമാക്കി മാറ്റാനും ഇതുവരെ അമേരിക്കക്ക് ഒസാമയെ ആവശ്യമായിരുന്നു. ഒസാമ ഒരിക്കലും അമേരിക്കക്ക് പിടികിട്ടാപ്പുള്ളിയായിരുന്നില്ല. നേര്‍ച്ചക്കോഴിയെപ്പോലെ ബലിനാളുകളിലേക്ക് ഒസാമയെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു.

ഇരട്ട ഗോപുരങ്ങളുടെ തകര്‍ച്ചക്ക് ശേഷം ഉടനെ ഒസാമ വധിക്കപ്പെട്ടിരുന്നെങ്കില്‍ അമേരിക്കക്ക് ഇറാഖ് ആക്രമിക്കാന്‍ ന്യായീകരണമുണ്ടാകുമായിരുന്നില്ല. അഫ്ഗാനില്‍ കയറിപ്പറ്റാനും കഴിയുമായിരുന്നില്ല. ഒരു ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളെ വരുതിയിലാക്കാനും യൂറോപ്യന്‍ രാജ്യങ്ങളെ അവരുടെ സാമന്ത രാജ്യങ്ങളാക്കി മാറ്റാനും കഴിയുമായിരുന്നില്ല.

ഒബാമയെ സൃഷ്ടിച്ചത് അമേരിക്കയാണെങ്കില്‍ ഒസാമയെ സൃഷ്ടിച്ചതും അമേരിക്ക തന്നെയാണ്. അത്തരം ഒരു ശത്രുവിനെ അമേരിക്കന്‍ വിജയങ്ങള്‍ക്ക് എന്നും ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ഏഴു വര്‍ഷക്കാലം അമേരിക്ക പാകിസ്ഥാന്‍ മണ്ണില്‍ ഒരു സഞ്ചാര വിനോദ കേന്ദ്രത്തില്‍ പാകിസ്ഥാന്‍ പട്ടാളക്യാമ്പിന്റെ സുരക്ഷിതമായ അയല്‍പ്പക്കത്ത് ഇത്രയും കാലം സൂക്ഷിച്ചതും സംരക്ഷിച്ചതും.

ഒരുപാട് ചോദ്യങ്ങളും ഒരുപാട് ഉത്തരങ്ങളും ബാക്കിയാവുകയാണ്. അമേരിക്ക അവകാശപ്പെടുന്നതുപോലെ ബിന്‍ലാദന്‍ കൊല്ലപ്പെട്ടുവെങ്കില്‍ അതിന്റെ വിശ്വസനീയമായ തെളിവുകള്‍ എന്തുകൊണ്ട അമേരിക്ക ഹാജരാക്കുന്നില്ല?.

അഫ്ഗാന്‍ യുദ്ധകാലത്ത് ജലാലാബാദിന് സമീപമുള്ള എല്ലാ ആധുനിക സൗകര്യവുമുള്ള തോറബോറ ഭൂഗര്‍ഭ നിലയം പണിതത് ആരാണ്. ബിന്‍ലാദനല്ല. അത് നിര്‍മ്മിച്ചത് അമേരിക്കയാണ്. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തില്‍ തങ്ങളെ സഹായിച്ചതിന് സമ്മാനമായി സി.ഐ.എ ഒസാമ ബിന്‍ലാദന് 1996 ല്‍  നല്‍കിയതാണ് തോറബോറ ഗുഹകള്‍. രോഗിയായ ബിന്‍ലാദനെ കൂടുതല്‍ സുരക്ഷിതമായ പാകിസ്ഥാനിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതും അമേരിക്ക തന്നെയാവണം.

അഫ്ഗാനിസ്ഥാനില്‍ നിന്ന് എങ്ങിനെയെങ്കിലും തടിയൂരി രക്ഷപ്പെടാനുള്ള അമേരിക്കയുടെ തന്ത്രമായിക്കൂടി ഈ അവസരത്തിലുള്ള ലാദന്റെ കൊലയെ കാണേണ്ടതാണ്. അമേരിക്ക പാകിസ്ഥാനെതിരെ തിരിയാനുള്ള സാധ്യതയും ഏറെയുണ്ട്. മാത്രമല്ല ഈ സമയവും വളരെ പ്രധാനമാണ്. അഭ്യന്തര യുദ്ധങ്ങളാല്‍ കലങ്ങി മറിയുന്ന അറേബ്യന്‍ രാജ്യങ്ങളെ എന്നെന്നേക്കുമായി രാഷ്ട്രീയ അസ്ഥിരതയിലേക്കും കലഹങ്ങളിലേക്കും തള്ളിയിടാനുള്ള ഒരു ഗൂഢാലോചനയായി ഇതിനെ കാണക്കാക്കണം. ആ ദൗത്യം പൂര്‍ത്തീകരിക്കാനാവണം പാതി മുസ്‌ലിമായ ഒരു കറുത്ത വര്‍ഗക്കാരനെ വര്‍ണ്ണവെറിയന്‍മാരായ അമേരിക്കക്കാര്‍ പ്രസിഡന്റാക്കിയതും അയാളെ മുന്‍നിര്‍ത്തി കൊലപാതകം ആസൂത്രണം ചെയ്തതും. കുരിശുയുദ്ധങ്ങളുടെ ആഗോളവത്കരണ കാലത്തെ പുതിയ മുഖമാണിത്.