ബാബു ഭരദ്വാജ്

ജോണ്‍ ബെര്‍ഗര്‍ സഞ്ചാരമത്രയും നടത്തിയത് പരാജിതര്‍ക്കിടയിലൂടെയാണ്. ഈ യാത്രയിലൂടെ ബെര്‍ഗര്‍ ഒരു ചരിത്രയാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. വിജയികള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് പരാജിതരേയാണ്.

വിജയികളുടെ സമയം വളരെ ചെറുതാണ്. വിജയഘോഷം നൈമിഷികമാണ്. അതിനൊരു ദിവസത്തിന്റെയോ രണ്ട് ദിവസത്തിന്റെയോ ഒരാഴ്ചയെത്തെയോ ആയുസ്സേയുള്ളൂ. എന്നാല്‍ പരാജിതരുടെ സമയം ദൈര്‍ഘ്യമേറിയതാണ്.

ജീവിച്ചിരിക്കുന്നവരുടെ സമയം ചെറുതും മരിച്ചവരുടെ സമയം അനന്തവും ആണല്ലോ. ഒരിക്കലും അവസാനിക്കാത്തതാണത്. അതുകൊണ്ടാണ് രക്തസാക്ഷികളുടെ സമയം അനന്തമായി നീളുന്നത്.

ജീവിച്ചിരിക്കുന്നവരെ ചെറുത്ത് നില്‍ക്കാല്‍ പ്രേരിപ്പിക്കുന്നത് മരിച്ചവരാണ്. ആതുകൊണ്ടായിരിക്കണം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പ്രസ്ഥാനങ്ങള്‍ ഉത്സുകരാകുന്നത്. പലപ്പൊഴും രക്തസാക്ഷികള്‍ ഉണ്ടാവുകയല്ല ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്.

രക്തസാക്ഷികളാണ് ചെറുത്തുനില്‍പ്പുകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. അതുകൊണ്ടാണ് യുവതീയുവാക്കള്‍ രക്തസാക്ഷികളാവാന്‍ ഉത്സുകരാവുന്നത്. അമരത്വത്തിലേക്കുള്ള രാജ വീഥിയാണത്. ഒരിക്കലും ഓര്‍മകള്‍ക്ക് മരണമില്ലാത്ത ജീവിതകഥയാവാന്‍ മറക്കാത്ത പേരാകാന്‍, അതിനുവേണ്ടി സ്വയം ഇല്ലാതാകാന്‍ ആഗ്രഹിക്കുന്നവരാണവര്‍.

ചെറുത്തുനില്‍പ്പും യുദ്ധം തുടരാനുള്ള ഉടമ്പടിയുമാണ്. ഓരോ രക്തസാക്ഷിത്വവും ചോരകൊണ്ടെഴുതിയ ഉടമ്പടിയാണ്. അനശ്വരതയ്ക്കായി എഴുതി ചോരകൊണ്ട് ഒപ്പിട്ടത്.

ചെറിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു ഗുഹയില്‍ ഒളിപ്പിച്ച് പീഡിപ്പിച്ച ഒരു ചെറുപ്പക്കാരന്‍ ഒടുക്കം നിയമത്തിന് കീഴടങ്ങിയത് ഒരു കഥയല്ല. അമേരിക്കന്‍ മാധ്യമങ്ങള്‍ ആഴ്ചകളോളം ആഘോഷിച്ച യഥാര്‍ഥ സംഭവമാണത്. അയാളിതൊക്കെ ചെയ്തത് ‘പ്രസിദ്ധനാവാനാണ്’.

ആരും തന്നെ അറിയുന്നില്ലെന്ന നിരാശയിലായിരുന്നു അയാള്‍. ജയിലില്‍ കിടക്കുന്ന അയാള്‍ ആത്മകഥ എഴുതികൊണ്ടിരിക്കുകയാണിപ്പോള്‍. അയാളും അനശ്വരതയിലേക്കുള്ള വഴിയാണ് തേടിക്കൊണ്ടിരിക്കുന്നത്. എന്നാലത് രക്തസാക്ഷിയുടെ വഴിയല്ല. രക്തസാക്ഷി സ്വന്തം ജീവിതം നല്‍കിയാണ് അനശ്വരനാവുന്നത്. ഇയാളെപ്പോലുള്ളവര്‍ മറ്റുള്ളവരുടെ ഹൃദയരക്തം ഊറ്റിയെടുത്ത് അതില്‍ നീരാടിയാണ് അനശ്വരതയുടെ കുപ്പായം അണിയുന്നത്.

ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അയാള്‍ക്കുള്ള ന്യായീകരണം അതുവഴിയെങ്കിലും അയാളെ ലോകം അറിയട്ടെ എന്നുമാണ്. സ്വന്തം ശബ്ദം കേള്‍പ്പിക്കാനാണ് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘ഉയ്യാരം’ കൂട്ടുന്നത്, അലറുന്നത്, അട്ടഹസിക്കുന്നത്. അറിയപ്പെടാന്‍ വേണ്ടിത്തന്നെയാണ് ഗുണ്ടകള്‍ തെരുവിലൂടെ കത്തിയുയര്‍ത്തി അങ്ങാടിത്തെരുവില്‍ താണ്ഡവമാടുന്നത്.

അടുത്ത പേജില്‍ തുടരുന്നു