അറബ് ലോകത്തിന്റെ ജനാധിപത്യ പ്രത്യാശകള്‍
Discourse
അറബ് ലോകത്തിന്റെ ജനാധിപത്യ പ്രത്യാശകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2011, 7:57 pm

ഹൈപ് ആന്‍റ് ടൈഡ് /ബാബു ഭരദ്വാജ്

ഹുസ്‌നി മുബാറക്കിന്റെ പാലായനത്തോടെ അറബ് ലോകത്തിന്റെ ജനാധിപത്യ പ്രതീക്ഷകള്‍ തളിര്‍ക്കുകയും പൂക്കുകയുമാണോ? . അത് അത്രക്ക് തറപ്പിച്ചു പറയാന്‍ ചരിത്രം ഞങ്ങളെ അനുവദിക്കുന്നില്ല. കാരണം ഏകാധിപതികളും, ഏകാധിപത്യവും നാടുനീങ്ങിയാലും ഏകാധിപത്യത്തിന്റെ അംശങ്ങള്‍ ബാക്കിനില്‍ക്കും. ആ അശംങ്ങള്‍ ചീര്‍ത്ത് വീര്‍ത്ത് പുതിയ ഏകാധിപത്യ ശക്തികള്‍ വീണ്ടും ഉണ്ടാകും.

ഈ അവസരത്തില്‍ ഇത്തരമൊരു അശുഭ ചിന്തയ്ക്ക് സാംഗത്യം ഉണ്ടോ? നൂറുപൂക്കള്‍ വിരിയുമ്പോള്‍ ആയിരം പൂക്കള്‍ കൊഴിയുന്നതിനെ കുറിച്ച് എന്തിന് ആകുലപ്പെടണം. അത്രയേറെ മതിമറന്നാഹഌദിക്കാന്‍ സമയമായോ എന്ന് ഞങ്ങള്‍ ആശങ്കിക്കുന്നു. “പുലരൊളി കണ്ടാല്‍ രാവ് മറന്ന് ചിരിച്ചു പോവുന്ന” സത്തമാനസര്‍ക്ക് ആഹ്ലാദിക്കാന്‍ കഴിയുമായിരിക്കും.

എന്തായാലും അറബ് ലോകത്ത് നടക്കുന്ന ഏത് മാറ്റവും അതെത്ര ചെറുതായാലും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അറബ് ലോകത്തെ ഏകാധിപതികള്‍ക്കും ഏകാധിപത്യ വാഴ്ചകള്‍ക്കുമുള്ള ഒരു താക്കീതും മുന്നറിയിപ്പുമാണ് ടുണീഷ്യയിലെ കലാപവും ഈജിപ്തില്‍ കഴിഞ്ഞ പതിനെട്ടു ദിവസമായി നടന്ന പ്രതിരോധവും .

ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കാനുറച്ച് തെരുവിലിറങ്ങിയ ജനലക്ഷങ്ങള്‍ ആ ലക്ഷ്യം കൈവരിക്കാതെ തെരുവില്‍ നിന്ന് വീടുകളിലേക്ക് മടങ്ങാന്‍ ത്യയാറായില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതോടൊപ്പം അധികാരകൈമാറ്റം സൈന്യത്തിലേക്കാണെന്നതും മുന്‍സൈനികനായ മുബാറക്കില്‍ നിന്ന് അധികാരം ഏറ്റുവാങ്ങുന്നത് സൈനികനായ ഈ അടുത്തകാലത്ത് മാത്രം വൈസ്പ്രസിഡന്റായ ഒമര്‍ സുലൈമാനാണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.ഒമര്‍ സുലൈമാനും അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയാണ്. മാത്രമല്ല, ഒമര്‍ സുലൈമാനും ഒരു ഏകാധിപതിയാകാനുള്ള എല്ലാ യോഗ്യതകളും തികഞ്ഞ ആളാണ്.

ലോകത്ത് ഏറ്റവും നീണ്ട കാലം രാജ്യത്തെ അടക്കിവാണ ഏകാധിപതികളില്‍ ഒരാളാണ് മുബാറക്ക്. 30 കൊല്ലമായിരുന്നു ആ ഭരണം. 30 കൊല്ലം കൊണ്ട് ബ്യൂറോക്രസിയെയും ഭരണ സംവിധാനത്തെ ആകെയും സ്വന്തം ഇച്ഛകള്‍ക്കനുസരിച്ച് മാറ്റിമറിക്കാന്‍ ഒരു ഏകാധിപതിക്കാവും. അങ്ങിനെ മാറ്റിയെടുത്ത ബ്യൂറോക്രസിയെ ജനാധിപത്യവത്കരിക്കാന്‍ ഏറെക്കാലം വേണ്ടിവരും. ആഫ്രിക്കയിലെ തന്നെ മറ്റൊരു രാജ്യമായ എത്യോപ്യയിലെ ഏകാധിപതിയായ ഹെയ്‌ലി സെലാസിനൊപ്പമാണ് മുബാറക്കും.

അടുത്ത പേജില്‍ തുടരുന്നു

മിലിറ്ററി ഇന്റലിജന്‍സിന്റെ തലവനായിരുന്നു ലഫ്റ്റനന്റ് ജനറലായ ഒമര്‍ സുലൈമാന്‍. സുലൈമാന്റെ രാഷ്ട്രീയ മോഹങ്ങള്‍ അത്ര ലളിതവും പവിത്രവുമാവാന്‍ തരമില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും ശിങ്കിടിയായ ഒമര്‍ സുലൈമാനെ ജനങ്ങള്‍ അധികകാലം സഹിക്കില്ല. മുബാറക്കിന്റെ ഭരണത്തില്‍ പങ്കാളികളായിരുന്ന മറ്റനവധി പേരും ഈ നിരയിലുണ്ട്. അവരെല്ലാം ഒത്തുചേര്‍ന്ന് ജനാഭിലാഷത്തെ തകര്‍ക്കാനുള്ള സാധ്യതകളും ഏറെയാണ്.

സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മുബാറക്കിന്റെ പാര്‍ട്ടിയായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും ഭാവിയിലെ ഭരണാധികാരിയായി വരുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്ന 2005ല്‍ മുബാറക്കും മുബാറക്കിന്റെ പാര്‍ട്ടിയും 89 ശതമാനം വോട്ട് നേടിയത് ഒരു ഫലിതമാണ്. അത് ജനപിന്തുണ പ്രതിഫലിപ്പിക്കുന്ന വിജയമല്ല. 1981ല്‍ ഭരണമേറ്റ മുബാറക്ക് 24 കൊല്ലം കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് നടത്തുന്നതും ഈജിപ്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാവുന്നതും.

ഈജിപ്തിലെ കലാപത്തിന് ഒരു ഏകീകൃത രൂപമുണ്ടായിരുന്നില്ലെന്നതും കലാപം നിയന്ത്രിക്കാന്‍ ഒരു സംഘടിത നേതൃത്വമോ നേതാവോ ഇല്ലായിരുന്നുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അധികാരത്തിലേക്കുള്ള വഴിയില്‍ ആശങ്കകളും അവ്യവസ്ഥകളും ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അല്‍ഗാദ്, വഫ്ദ്, കറാള, ഡെമോക്രാറ്റിക്ക് ഫ്രണ്ട്, ഈജിപ്തിലെ ഏറ്റവും നീതിമാനും ജനകീയനുമായ നൊബേല്‍ പുരസ്‌കാര ജേതാവ് എല്‍ബരാദിയുടെ സംയുക്ത സമരപങ്കാളിയായ എന്‍.എ.സി തുടങ്ങിയവരെല്ലാം രംഗത്തുണ്ടെങ്കിലും മുബാറക്ക് നിരോധിച്ച ഇഖ്വാനുല്‍ മുസ്‌ലിമീന്‍ അഥവാ മുസ്‌ലിം ബ്രദര്‍ഹുഡ് ആണ് രാഷ്ട്രീയ അധികാരം കയ്യാളാന്‍ സാധ്യതയുള്ള ഏകകക്ഷി. എല്‍ബറാദി നയിക്കുന്ന എന്‍.എ.സിയില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്തിനിധികളും ഉണ്ട്.

എല്ലാ സംഘടനകളില്‍ നിന്നും നേതാക്കളില്‍ നിന്നും ഏറെ വ്യത്യസ്തനാണ് എല്‍ബറാദി. എങ്കിലും അദ്ദേഹം അധികാരത്തിലെത്താനുള്ള സാധ്യത വിരളമാണ്. വൈസ്പ്രസിഡന്റ് സുലൈമാന്‍ പ്രക്ഷോഭകാരികളെ ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ എല്‍ബറാദേയിയെ വിളിച്ചില്ലെന്നതും എല്‍ബറാദേയിയെ ക്ഷണിക്കാതിരുന്നതില്‍ മറ്റുള്ളവരാരും പ്രതികരിക്കാതിരുന്നതും ശ്രദ്ധി്ക്കപ്പെടേണ്ടതാണ്.  നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനെ ക്ഷണിച്ചുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇത്തരം ഒരു അനിശ്ചിതാവസ്ഥയില്‍ പട്ടാളം ഏറ്റെടുക്കുന്ന അധികാരം ജനങ്ങളിലേക്ക് പകര്‍ന്ന് കിട്ടാന്‍ അത്ര എളുപ്പമാവില്ല.

ഈജിപ്ത് ഒരു മുസ്‌ലിം രാജ്യമാണെങ്കിലും അറബ് ദേശീയതയുടെ പേരിലും ചേരിചേരാ നയത്തിന്റെ പേരിലുമാണ് ലോക രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് അടുത്ത് നിന്നത്. 1950കളില്‍ സ്വാതന്ത്ര്യം നേടിയ ഈജിപ്ത് ഇക്കഴിഞ്ഞ 60 വര്‍ഷക്കാലവും ഒരു മതേതര രാജ്യമായാണ് അറിയപ്പെട്ടിരുന്നതും നിലനിന്നിരുന്നതും. അധികാരം മുസ്‌ലിം ബ്രദര്‍ഹുഡിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതോടെ ഈജിപ്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെടാന്‍ ഇടയുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

1981ല്‍ സാദത്തിന്റെ വധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ 29 കൊല്ലം കഴിഞ്ഞിട്ടും പിന്‍വലിച്ചിട്ടില്ല. 1967ല്‍ ഈജിപ്ത്- ഇസ്രായേല്‍ യുദ്ധത്തെതുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ 1980ലാണ് പിന്‍വലിച്ചത്. കഴിഞ്ഞ 60 കൊല്ലത്തെ ഈജിപ്തിന്റെ ചരിത്രത്തില്‍ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായും ശ്വസിച്ചത് ഒരു കൊല്ലം മാത്രമാണ്. അങ്ങിനെ ചരിത്രത്തില്‍ മുഴുവനും അടിയന്തിരാവസ്ഥയിലും ഏകാധിപത്യത്തിലും പുലര്‍ന്ന ഒരു രാജ്യത്തിന് ശുദ്ധമായ ഒരു സ്വാതന്ത്ര്യത്തിലേക്ക് ഉണരാന്‍ കഴിയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.

1979ല്‍ ഇസ്രായേലുമായി ഒപ്പിട്ട സമാധാന ഉടമ്പടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. അമേരിക്കയുടെ താല്‍പര്യങ്ങളും ആവശ്യങ്ങളും അനുസരിച്ചായിരുന്നു ഈ ഉടമ്പടി. 1994ല്‍ ജോര്‍ദ്ദാന്‍ ഇസ്രായേലുമായുണ്ടാക്കിയ ഉടമ്പടി അതിന്റെ തുടര്‍ച്ചയാണ്. ഈ രണ്ട് ഉടമ്പടികളും ഇല്ലാതാവുന്നതോടെ അമേരിക്കയുടെ മധ്യപൂര്‍വ്വദേശ നയം തിരിച്ചടി നേരിടും.

അത്തരമൊരു രാഷ്ട്രീയ പരാജയത്തിന് അമേരിക്ക സന്നദ്ധമാവുമോ?. മധ്യപൂര്‍വ്വ ദേശത്തില്‍ നിന്ന് അങ്ങിനെ തലതാഴ്ത്തിച്ചിരിച്ചു പോകുമോ?. ഇല്ലെന്ന് തറപ്പിച്ച് പറയാന്‍ കഴിയും. ഇപ്പോള്‍ ഭരണം കയ്യില്‍കിട്ടിയ പട്ടാളവും ഇക്കാര്യത്തില്‍ അമേരിക്കക്ക് കൂട്ടിനുണ്ടാവും അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ ഈജിപ്തിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും. അതിന്റെ ഉത്തരം അത്രവേഗം ലഭിച്ചെന്ന് വരില്ല. ഈജിപ്തിനൊപ്പം ജനാധിപത്യത്തിന്റെ നീലവിഹായസ്സിലേക്ക് പറന്നുയരാര്‍ കൊതിക്കുന്ന അറബ് ദേശങ്ങളിലെ മുഴുവന്‍ ജനതയും നേരിടുന്ന സന്നിഗ്ദാവസ്ഥയും ഇതുതന്നെയാണ്.

എങ്കിലും പിരമിഡുകളുടെ ഈ നാട് നദീതടസംസ്‌കാരത്തിന്റെ ഈ കളിത്തൊട്ടില്‍ അസാധ്യമായതൊക്കെ പടുത്തുയര്‍ത്തിയ നൈല്‍നദീതടം. അസാധ്യമെന്ന് ഇപ്പോള്‍ തോന്നുന്ന ജനാധിപത്യവും ജനാധിപത്യാവകാശവും കയ്യെത്തിപ്പിടിക്കാതിരിക്കില്ല. മൊത്തം അറബ് ലോകത്തിന്റെ ജനാധിപത്യാവകാശങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഈജിപ്തിനെ ആസ്പദമാക്കിയാണ് നിലനില്‍ക്കുന്നത്. അമേരിക്കയുടെ പ്രച്ഛന്നമായ അധിനിവേശത്തെ തകര്‍ക്കാനുള്ള നിയോഗവും ഈജിപ്തിനാണുള്ളത്. മധ്യപൂര്‍വ്വ ദേശത്തെ അമേരിക്കയുടെ സ്വാധീന വലയത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ചരിത്രപരമായ കടമയും ഈജിപ്തിലെ ജനങ്ങള്‍ക്കാണുള്ളത്.