Administrator
Administrator
രവിയുടെ ദൃശ്യങ്ങളും ഭാഷയും
Administrator
Monday 11th July 2011 7:43pm

chintha ravi

എഡിറ്റോ- റിയല്‍ /ബാബുഭരദ്വാജ്

എന്തായിരുന്നു ഡൂള്‍ ന്യൂസുമായി ചിന്താ രവിക്കുള്ള ബന്ധം. ഡൂള്‍ ന്യൂസില്‍ രവി ഒരിക്കലും എഴുതിയിട്ടില്ല. ഡൂള്‍ ന്യൂസ് രവി ഒരിക്കലും കണ്ടിട്ട് പോലുമുണ്ടാവില്ല. രവി സഹകരിക്കേണ്ടതും വ്യവഹരിക്കേണ്ടതുമായ ഒരു വാര്‍ത്താ മാധ്യമ പ്രസ്ഥാനമാണ് ഡൂള്‍ ന്യൂസ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കമുണ്ടാവേണ്ട കാര്യമില്ല. രവിക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും പ്രതിരോധങ്ങളിലും പ്രതിഷേധങ്ങളിലും ഏര്‍പ്പെടാന്‍ കഴിയുന്നതുമായ ഒരു നിലപാട് തറയായിരുന്നു ഡൂള്‍ന്യൂസ്. രവിയുടെ വിനിമയോപാധികള്‍ക്കും ആവിഷ്‌കാര പരിചരണ രീതികള്‍ക്കും പറ്റിയതും ഫലപ്രദമായതുമായ ഒരു മാധ്യമമാണ് ഞങ്ങളുടേത്.

ഞാനും രവിയം തമ്മിലുള്ള സൗഹൃദത്തിന് ആദിയും അന്തവും ഉണ്ടായിരുന്നില്ല. രവിയുടെ ആദ്യത്തെ മലയാള സിനിമയായ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ എന്റെ കൂടെ സിനിമയാണ്. ഞാനാണതിന്റെ നിര്‍മാതാവ്. പ്രസിഡണ്ടിന്റെ പുരസ്‌കാരം നേടിയ ‘ അരവിന്ദനെക്കുറിച്ചുള്ള ഡോക്യമെന്റിറി ‘ മൗനം സൗമനസ്യം’ ത്തിന്റെ വിവരണപാഠം ഞാനെഴുതിയതാണ്. വിവരണ പാഠത്തിന്റെ ഗുണം കൊണ്ടാണ് അവാര്‍ഡ് കിട്ടിയെതെന്ന് രവി പറയാറുണ്ട്. വിവരണ പാഠത്തിന്റെ ഇംഗ്ലീഷ് തര്‍ജുമയാണ് വിധികര്‍ത്താക്കള്‍ വായിക്കുന്നത്. ഡോക്യുമെന്റിറിയെ ജഡ്ജ് ചെയ്യുന്നതില്‍ അതിന് പ്രധാന പങ്കുണ്ട്. എന്റെ മലയാളം രവി ഭംഗിയായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോള്‍ അതിന് കിട്ടിയ സൗഭാഗ്യമാവാം വിവരണപാഠത്തെ ഭംഗിയാക്കിയെന്ന് ഞാന്‍ കരുതുന്നു.

ഏതായാലും തുടര്‍ന്ന് രവി ഉണ്ടാക്കിയ തീരും കേരളതീരത്തിന് രവിയ്ക്കുവേണ്ടി ഉണ്ണികൃഷ്ണനൊപ്പം എനിക്ക് വിവരണപാഠം എഴുതേണ്ടി വന്നു. രവിയുടെ ചുവടുപിടിച്ച് പവിത്രന്റെ ‘പനയോല’ എന്ന തുടര്‍പരിപാടിയ്ക്കുള്ള വിവരണ പാഠം എഴുതേണ്ടിവന്നതിനും ‘മൗനം സൗമനസ്യം കാരണമായിരിക്കും. കെ.ആര്‍ മോഹനന്റെ നായനാരെക്കുറിച്ചുള്ള ടിവി സീരിയലിനും ഞാന്‍ തന്നെ വിവരണപാഠം എഴുതേണ്ടി വന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയെ സൂചിപ്പിക്കാനാണ് ഞാനെന്റെ ‘വലുപ്പത്തെക്കുറിച്ച്’ ഇങ്ങനെ വായാടിയാവുന്നത്. അത് രവിയുണ്ടാക്കിയ വലുപ്പമാണെന്ന് തുറന്നുപറയാനുമാണ്.

ഞങ്ങളൊപ്പമാണ് കൈരളിയിലും പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ഞങ്ങള്‍ ഒരേ കോളേജില്‍ ഒരേ കാലത്ത് പഠിച്ചവര്‍ ‘ എന്ന മിടുക്കു’മുണ്ട്. എന്നിട്ടുപോലും രവിയെക്കൊണ്ട് ഡൂള്‍ ന്യൂസില്‍ എന്തെങ്കിലും എഴുതിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഡൂള്‍ ന്യൂസ് തുടങ്ങുന്ന കാലത്ത് രവി പ്രവര്‍ത്തന നിരതനായിരുന്നു. പക്ഷേ ഡൂള്‍ ന്യൂസ് അതിന്റെ യഥാര്‍ത്ഥ നിയോഗങ്ങളിലേക്ക് വളരുന്ന കാലത്ത് രവി മൗനിയാവാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും എഴുതാന്‍ കഴിയാത്തവിധം രവിരോഗവുമായി, അതുവഴി ജീവിതവുമായി രാജിയായി കഴിഞ്ഞിരുന്നു.

ആ ചിന്താ പദ്ധതിയുടെ മാനവികത ഞങ്ങളുടേതിന് സമാനമായിരുന്നു

സംസ്‌കാരങ്ങളുടെ അതിജീവനവും അതിജീവനത്തിനും, അതീശത്തിനുമായി സംസ്‌കാരങ്ങള്‍ നടത്തുന്ന കലാപങ്ങളും ലേഖനവിശേഷങ്ങളും ചിന്താ പദ്ധതിയും ദൃശ്യവിനിമയങ്ങളുണ്ടാക്കിയിരിക്കുന്ന രവിയെന്തിന് തന്റെ കര്‍മ്മമേഖലകളോട് രാജിയായിയെന്ന് അമ്പരപ്പോടെ ആലോചിച്ചുപോകുന്നു. രവി സൃഷ്ടിച്ചെടുത്ത ഭാഷ പ്രിയ്യപ്പെട്ടതായിരുന്നു, ആ ചിന്താ പദ്ധതിയുടെ മാനവികത ഞങ്ങളുടേതിന് സമാനമായിരുന്നു. ആ കാലബോധവും കലാപബോധവും ഞങ്ങളുടെ പ്രതീക്ഷയായിരുന്നു. ഞങ്ങളോടൊത്തെ ചേരാനുള്ള എല്ലാ സവിശേഷതയും രവിയുടെ രചനയ്ക്കും ജീവിതത്തിനും ഉണ്ടായിരുന്നു. രവിയ്ക്കുവേണ്ടി, രവിയെ ഉള്‍ക്കൊള്ളാന്‍ വേണ്ടി ഞങ്ങള്‍, പ്രത്യേകിച്ചും ഞാന്‍ തയ്യാറായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് രവി തിരശീലയില്‍ നിന്ന് മാഞ്ഞുപോകുന്നത്. മരണത്തിന് രണ്ടാഴ്ച മുന്‍പ് രവിയെ കണ്ടപ്പോള്‍ രവിയെ രചനകളിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് പറ്റിയ ഇടമാണ് ഡൂള്‍ ന്യൂസ് എന്നും കരുതിയിരുന്നു. അത് കഴിഞ്ഞില്ല.

രവിയുടെ അകാലവിയോഗത്തില്‍ ഞാന്‍ ദുഃഖിക്കുന്നു, എന്നോടൊപ്പം ഡൂള്‍ ന്യൂസിന്റെ പ്രവര്‍ത്തകരും ഇതില്‍ പങ്കുചേരുന്നു.

Advertisement