എഡിറ്റോ- റിയല്‍ / ബാബു ഭരദ്വാജ്

ല്ല വിപ്ലവകാരികളും നല്ല കമ്മ്യൂണിസ്റ്റുകളുമാവാന്‍ ക്രിമിനലുകളും സാമൂഹ്യദ്രോഹികളുമാകണമെന്ന് മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രം നേതാക്കളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും പഠിപ്പിക്കുന്നുണ്ടോ? അതാണ് വിപ്ലവത്തിന്റെ ലക്ഷ്യവും മാര്‍ഗവുമെന്ന് അവരെ ഓതി പഠിപ്പിച്ചത് ആരാണ്? ആരായാലും അത് പ്രസ്ഥാനത്തെ തകര്‍ക്കാന്‍വേണ്ടി മൂലധനശക്തികളില്‍ നിന്ന് അച്ചാരം വാങ്ങിയവരാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊരു സംശയവുമില്ല. യഥാര്‍ത്ഥത്തില്‍ ‘കുലംകുത്തി’കളല്ല പ്രസ്ഥാനത്തില്‍ വിള്ളലുകളുണ്ടാക്കുന്നത്. കുലമഹിമ ഘോഷിക്കാനും വിളംബരം ചെയ്യാനും നിയുക്തരായവരും നിയോഗിക്കപ്പെട്ടവരുമാണ് ഈ ‘വിശുദ്ധ കര്‍മം’ ഏറ്റെടുത്തിരിക്കുന്നത്.

ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും ഇതുവരെ സംശയമുണ്ടായിരുന്നെങ്കില്‍ അത് ദൂരീകരിക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ടിടപെട്ടിരിക്കുന്നത്. രോഗം കാരണം പാര്‍ട്ടി അവധി അനുവദിച്ചിരിക്കുന്ന, പാര്‍ട്ടിക്ക് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്തത്ര മഹാനായ ഒരു ജില്ലാ സെക്രട്ടറിക്ക് പകരക്കാരനായാണ് ഈ അവതാരം ഉണ്ടായതെന്നത്് ശ്രദ്ധിക്കേണ്ട കാര്യമാണ്. പകരക്കാരന് അയാളുടെ ധര്‍മ്മം നിര്‍വഹിക്കാതിരിക്കാന്‍ പറ്റില്ലല്ലോ! രോഗിയായ മുന്‍ ജില്ലാ സെക്രട്ടറിയുടെ രോഗവിവരം ആരാഞ്ഞതിനാണ് പി.ജയരാജന്‍ ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറും ബ്യൂറോ ചീഫുമായ ഷാജഹാനെ കൈയ്യേറ്റം ചെയ്തതും ‘ നിനക്കിനിയും തല്ല് കിട്ടുമെന്ന’് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതും. ആ കാര്യങ്ങളൊക്കെ ഞങ്ങളുടെ വായനക്കാര്‍ വിശദമായി ഇതിനകം അറിഞ്ഞുകാണുമല്ലോ? അതുകൊണ്ട് വിശദാംശങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല.

ജയരാജന്‍ കാണിച്ച ഈ ‘കടുങ്കൈ’ യെ വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്യുന്നതിന് പകരം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറായ എസ് രാമചന്ദ്രന്‍ പിള്ള ജയരാജനെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങിയത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു. സന്തോഷിക്കാന്‍ കാരണം എസ്.ആര്‍.പിയുടെ പിന്താങ്ങലില്‍ നടന്ന സംഭവങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നതാണ്. അതെന്താണ്? വിശദീകരിക്കുന്നതിനു മുന്‍പ് എന്താണ് എസ്.ആര്‍.പി പറഞ്ഞതെന്ന് അറിയേണ്ടേ? ജയരാജന്‍ ഷാജഹാന്റെ കോളറിന് കുത്തിപ്പിടിച്ചതാണല്ലോ കേസ് ‘ ജയരാജന് കൈ പൊക്കാനാവില്ല. ജയരാജന്റെ കൈ ആര്‍.എസ്.എസുകാര്‍ തകര്‍ത്തുകളഞ്ഞതാണ്.’ ആര്‍.എസ്.എസുകാര്‍ തകര്‍ത്തതാണോ അതോ കൈയ്യിലിരിക്കുന്ന ബോംബ് പൊട്ടിത്തെറിച്ചതാണോ എന്നൊക്കെയുള്ള സന്ദേഹങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല.

കൈ പൊങ്ങാത്ത വേറൊരു നേതാവിനെക്കുറിച്ച് ഞാനോര്‍ത്തുപോകുകയാണ്. കാരണം പണ്ടിത്രപോലും കൈപൊക്കാന്‍ കഴിയാത്ത ഒരു മന്ത്രി വിമാനത്തില്‍ കൈപൊക്കിയ കഥ ആള്‍ക്കാര്‍ മറന്നിട്ടില്ല. പൊങ്ങാത്ത ചില കൈകളൊക്കെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചിലയിടത്തൊക്കെ പൊങ്ങുമെന്നോര്‍മ്മിപ്പിക്കാന്‍ ഇതുമതി. തീവണ്ടിയിലെ പെണ്‍കുട്ടിയെ ബലാംത്സംഗം ചെയ്ത് തലക്കടിച്ചുകൊന്ന ഗോവിന്ദ ്ചാമിക്കും ഒരു കൈയ്ക്ക് കുഴപ്പുമുള്ള കാര്യം ജനങ്ങള്‍ ചിലപ്പോള്‍ അറിയാതെ ഓര്‍ത്തുപോയെന്നുവരാം. ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് എസ്.ആര്‍.പിയെപ്പോലുള്ള നേതാക്കള്‍ക്ക് നല്ലത്.

എസ്.ആര്‍.പി ചാടിക്കയറി പിന്തുണയ്ക്കുമ്പോള്‍ തീര്‍ച്ചയായും സംശയം ഉണ്ടാവുന്നത് ഈ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ എസ്.ആര്‍.പിയും ഔദ്യോഗിക നേതൃത്വവും അതിന്റെ ദല്ലാളായ ജയരാജനും തീരുമാനിച്ചു കഴിഞ്ഞു. ഇല്ലെങ്കില്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളേയും മാധ്യമങ്ങളേയും ഇടതുപക്ഷ മുന്നണിയില്‍ നിന്ന് അകറ്റാനുള്ള ഇത്തരം കുതന്ത്രങ്ങളില്‍ അവര്‍ ഏര്‍പ്പെടില്ലായിരുന്നു. ജയരാജന് വേറൊരു ലക്ഷ്യവും ഉണ്ടായിരുന്നിരിക്കണം. തന്റെ കസേര ഉറപ്പിക്കാന്‍ ‘ ശശിയുടെ കുരുത്തക്കേടുകള്‍ ‘ ജനശ്രദ്ധയില്‍ എപ്പോഴും എപ്പോഴും ഉണ്ടായിരിക്കണമെന്ന് സ്വാഭാവികമായും ജയരാജന്‍ ആഗ്രഹിക്കുന്നുണ്ടാവും.

ശശിയുടെ രതിവികൃതികള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സജീവമായി നിലനിര്‍ത്തുന്നത് മുന്നണി പരാജയത്തിലേക്കുള്ള വഴിയാണെന്ന് എസ്.ആര്‍.പി ആലോചിക്കുന്നുണ്ടാവാം. തോല്‍ക്കാന്‍ വേറേയും വഴികള്‍ ഇടതുമുന്നണി കൊണ്ടുപിടിച്ചു നോക്കുന്നുണ്ട്. കരുനാഗപ്പള്ളിയില്‍ നിന്നും മത്സരിക്കുന്ന ഭക്ഷ്യമന്ത്രി ദിവാകരന്‍ ഒരു വോട്ടറുടെ കരണത്തടിച്ചെന്നാണ് വേറൊരു കേസ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു വോട്ടറുടെ കരണത്തടിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥി മെനക്കെടുമോ? ദിവാകരനായതുകൊണ്ട് അത് സംഭവിക്കാതിരിക്കാനിടയില്ല. ‘ആള്‍ക്കാരെന്തിനാണ് ചോറും കഞ്ഞിയും കുടിക്കാന്‍ മെനക്കെടുന്നത്. പൊരിച്ച കോഴി തിന്നാല്‍ പോരേ’ എന്ന ചോദിച്ച മന്ത്രിയാണയാള്‍.

അരിഭക്ഷണം ഉപേക്ഷിച്ച് പാലും മുട്ടയും കഴിക്കാന്‍ അയാള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതായാലും ഇ.പി ജയരാജനെ പോലെ ഭക്ഷണത്തിനു മുന്‍പ് മാന്യമഹാജനങ്ങളെല്ലാം മൂന്ന് നേരവും മദ്യപിക്കണമെന്ന് അയാള്‍ പറഞ്ഞിട്ടില്ല. ഇതൊക്കെ കാണുമ്പോള്‍ ജനങ്ങള്‍ ആ പഴയ ഫ്രഞ്ച് രാജ്ഞിയെ ആദരപൂര്‍വ്വം സ്മരിക്കുന്നു. ഇവരെക്കാളൊക്കെ ഉന്നതങ്ങളിലാണ് ആ ആത്മാവിന്റെ സ്ഥാനം. ‘ജനങ്ങള്‍ എന്തിനാണ് റൊട്ടിക്കുവേണ്ടി ബഹളം വയ്ക്കുന്നത്, കേക്കുകഴിച്ചാല്‍ പോരേ’ എന്നു പറഞ്ഞ് ചരിത്ര പുസ്തകത്തില്‍ സ്ഥാനം പിടിച്ച രാജ്ഞിയാണവര്‍. കേരളത്തിന്റെ ബൃഹത് ചരിത്രമെഴുമ്പോള്‍ ഈ പൊരിച്ച കോഴിക്കാരനും അതില്‍ സ്ഥാനമുണ്ടാവാതിരിക്കില്ല.

ഏറ്റവും ഒടുവില്‍ കേട്ട വാര്‍ത്ത നേമത്തെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും ആരാധ്യനായ മുന്‍മേയറും നിലവിലെ എം.എല്‍.എയുമായ ശിവന്‍കുട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതാണ്. കേരളത്തിലെ ഏക പരശുരാമന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുവല്ലത്ത് അനുമതിയില്ലാതെ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തടയാന്‍ ചെന്ന ഉദ്യോഗസ്ഥയെയാണ് ശിവന്‍കുട്ടി ഭീഷണിപ്പെടുത്തിയത്. പലയോഗങ്ങളിലും കള്‍വിക്കാര്‍ തര്‍ക്കമുന്നയിക്കുമ്പോള്‍ ‘ ഇവിടത്തെ മാര്‍ക്‌സിസ്റ്റ് എം.എല്‍.എയോടാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം’ എന്ന് ഭീഷണിപ്പെടുത്തുന്ന ശിവന്‍കുട്ടിയെ ദൃശ്യമാധ്യമങ്ങള്‍ കാണുന്ന പ്രേക്ഷകര്‍ക്കൊക്കെ പരിചയം കാണും.

ഈ മൂന്ന് സംഭവങ്ങളും ഇടത് പക്ഷ പ്രസ്ഥാനത്തെ കുറേവര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ക്രിമിനനല്‍ വല്‍ക്കരണത്തിന് ഉദാഹരണമാണ്. തോറ്റുകിട്ടാനുള്ള ആഗ്രഹം കൂടി അതിനോട് ചേരുമ്പോള്‍ അതിന്റെ സാമൂഹിക ദ്രോഹ സ്വഭാവം പൂര്‍ണമാകുന്നു. എല്ലാറ്റിന്റേയും കാര്യവും കാരണവുമൊക്കെ ജനങ്ങള്‍ നന്നായി തിരിച്ചറിയും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

പല മാധ്യമങ്ങളും മുഖം നോക്കാതെ വാര്‍ത്ത കൊടുക്കുന്നവരും നിലപാട് എടുക്കുന്നവരുമാണെന്നൊക്കെ പൊങ്ങച്ചം പറയാറുണ്ട്. ഞങ്ങളങ്ങനെ പറയുന്നില്ല. കുറ്റവാളികളുടെ മുഖം നോക്കി തന്നെയാണ്, ആ മുഖങ്ങളിലേക്ക് തറച്ചുനോക്കി തന്നെയാണ് ഞങ്ങള്‍ നിലപാടുകളെടുക്കുന്നത്.