പൊ­ളി­റ്റി­ക്കല്‍ ഡ­സ്­ക്

1992 ഡിസംബര്‍ ആറിന് ന്യൂനപക്ഷം വരുന്ന ഹിന്ദുവര്‍ഗീയ വാദികളാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. രാജ്യത്ത് സംഭവിക്കില്ലെന്ന് എല്ലാ മതേതരവിശ്വാസികളും കരുതിയതായിരുന്നു അത്. പള്ളി തകര്‍ക്കപ്പെടുന്നതിന് മുന്നോടിയായി സംഘപരിവാര്‍ ശക്തികള്‍ സമയമെടുത്ത്് ജന മനസുകളില്‍ വ്യാപകമായ തോതില്‍ വര്‍ഗീയവത്കരണ ചിന്ത പടര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. അദ്വാനിയുടെ രഥയാത്ര അതിന്റെ പൂര്‍ത്തീകരണമായിരുന്നു. മതം എന്ന വികാരത്താല്‍ ജനത്തെ ഉന്മത്തരാക്കുകയെന്ന പദ്ധതിയായിരുന്നു അവര്‍ ആസൂത്രണം ചെയ്തത്. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായിരുന്നു അത് പലര്‍ക്കും. ചിലര്‍ രാമരാജ്യം സ്വപ്‌നം കണ്ടിരുന്നു. യഥാര്‍ഥത്തില്‍ പള്ളിപൊളിക്കപ്പെട്ടതിനേക്കാള്‍ ഭീകരമായിരുന്നു ആ വര്‍ഗീയ ധ്രുവീകരണം. പള്ളി തകര്‍ക്കപ്പെട്ട ശേഷവും അന്നുയര്‍ന്ന മതിലുകള്‍ പലയിടങ്ങളിലും പൊളിക്കപ്പെടാതെ നിന്നു. ആ മതിലുകള്‍ പൊളിക്കാന്‍ കഴിയാത്തിടങ്ങളിലെല്ലാം വര്‍ഗീയ കലാപങ്ങളുണ്ടായി. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. സംശയവും ഭയവും ഉല്‍പാദിപ്പിക്കപ്പെട്ടു, ബാബരി പുനര്‍നിര്‍മ്മിക്കുന്നതിന് മുമ്പ് ആ മതിലുകള്‍ പൂര്‍ണമായി പൊളിച്ചു കളയേണ്ടതുണ്ട്.

ഒരു ഭാഗത്ത് ഇന്ത്യയെ ജനാധിപത്യ-മതേതര ബോധത്താല്‍ സാക്ഷരരാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ മറുഭാഗത്ത് ഇന്ത്യയെ തികച്ചും മതപരമായ രീതിയില്‍ നിര്‍വ്വചിക്കാനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കയായിരുന്നു. അതിന്റെ അനന്തരഫലമാണ് 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ കണ്ടത്. മതേതര ഇന്ത്യയുടെ പിന്തുണ അതിന് ലഭിച്ചിരുന്നില്ല. പക്ഷെ വര്‍ഗീയത ഭ്രാന്തമായപ്പോള്‍ രാഷ്ട്രത്തിന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആ നിസംഗതക്ക് നാം വലിയ വില കൊടുക്കേണ്ടി വരികയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്തത് ഫാഷിസമായിരുന്നു. അതിനവര്‍ മിത്തുകള്‍ തേടി ചരിത്രത്തിലേക്ക് പോയി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രത്തില്‍ തന്നെ വര്‍ഗീയ കൊടി ഉയര്‍ത്താന്‍ അവര്‍ശ്രമിച്ചു.

ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളില്‍ മുസ്‌ലിമും മുസ്‌ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ ഹിന്ദുവും സുരക്ഷിതത്വത്തോടെ കഴിയുന്നു. ഫാഷിസം ഒരിക്കലും ആഗ്രഹിച്ചത് ഇതിനായിരുന്നില്ല

1949ല്‍ പള്ളിയില്‍ വര്‍ഗീയ വാദികള്‍ അതിക്രമിച്ച് കടന്ന് വിഗ്രഹം സ്ഥാപിച്ചു. അന്നത്തെ ഫൈസാബാദ് ജില്ലാ അധികൃതരുടെ ഒത്താശയോടെയായിരുന്നു അത്. അന്നുമുതല്‍ ബാബരി മസ്ജിദ് തര്‍ക്ക മന്ദിരമായി ചിത്രീകരിക്കപ്പെട്ടു. വര്‍ഗീയവാദികളെ പള്ളിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറും നോക്കി നിന്നു. സംസ്ഥാന സര്‍ക്കാര്‍ പള്ളി പൂട്ടി സീല്‍ ചെയ്തു. പ്രശ്‌നം കോടതിയിലെത്തിയെങ്കിലും കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനായിരുന്നു ഭരണാധികാരികള്‍ക്ക് ഇഷ്ടം. 1986 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബാബരി മസ്ജിദ് തുറന്ന് അതില്‍ വിഗ്രഹാരാധന നടത്താനും പള്ളി മുറ്റത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താനും വര്‍ഗീയ ഫാഷിസ്‌റുകളെ അനുവദിച്ചു. വര്‍ഗീയവാദികള്‍ക്ക് ഊര്‍ജ്ജം പകരലായിരുന്നു അത്. ഭരണകൂടം തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞ അവര്‍ ആവേശഭരിതരായി. അങ്ങിനെയാണവര്‍ പള്ളി പൊളിക്കാന്‍ അയോധ്യയിലേക്ക് നീങ്ങിയത്. കര്‍സേവകരെ തടഞ്ഞ് പള്ളി സംരക്ഷിക്കണമെന്ന് ദേശീയോഗ്രഥന കൗണ്‍സില്‍ അടിയന്തിരമായി യോഗം ചേര്‍ന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. 1992 ഡിസംബര്‍ ആറിന് ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ മതേതരത്വത്തിന് കറുത്ത പാട് വീഴ്ത്തി ബാബരി തകര്‍ക്കപ്പെട്ടു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യക്ക് നല്‍കിയ പള്ളി പുനര്‍നിര്‍മ്മിക്കല്‍, പ്രതികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരല്‍, ഇരകള്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കപ്പെട്ടില്ല. ഒടുവില്‍ 17 വര്‍ഷത്തിനു ശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്ത് വന്നു. വാജ്‌പേയിയും അദ്വാനിയുമുള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കളെ കമ്മീഷന്‍ കുപ്പെടുത്തി. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി പള്ളി തകര്‍ക്കുന്നതിന് പരിവാരിന് സൗകര്യം ചെയ്ത്‌കൊടുത്ത കോണ്‍ഗ്രസിനെക്കുറിച്ച് ഒരു പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല. കോണ്‍ഗ്രസാവട്ടെ പാപഭാരമെല്ലാം ഒരു നരസിംഹ റാവുവില്‍ കെട്ടിവെച്ച് കൈകഴുകുന്നു. ഇനി ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ ഭാവിയെന്താണെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

പള്ളി പൊളിക്കപ്പെട്ടിട്ട് 17 വര്‍ഷം പിന്നിട്ടു. 17 വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ പള്ളി പൊളിക്കപ്പെട്ടത് ഇന്ത്യയെ എങ്ങിനെ സ്വാധീനിച്ചുവെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. പള്ളി തകര്‍ച്ചക്ക് മുമ്പ് തന്നെ അയോധ്യയില്‍ ശിലാന്യാസവും മറ്റ് മതേതരര വിരുദ്ധമായ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. പള്ളി പൊളിക്കല്‍ അതിന്റെ ഒരു തുടര്‍ച്ച മാത്രമയായിരുന്നു. ഒരു ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനത്തിന്റെ പിന്തുണ ഫാഷിസ്റ്റുകള്‍ക്ക് ലഭിച്ചിരുന്നു. ആ ഘട്ടത്തില്‍ വെച്ച് തന്നെ ഫാഷിസ്റ്റുകള്‍ ലക്ഷ്യം നേടുകയും ചെയ്തു. പക്ഷെ അപ്പോള്‍ മതേതര ഇന്ത്യ ഞെട്ടിയുണരുകയായിരുന്നു.

മതം നല്‍കിയ ലഹരി ഫാഷിസ്റ്റ് പെട്ടിയില്‍ വോട്ടായി വീണു. ഇന്ത്യയെ മയക്കിക്കിടത്തിയാണ് അവര്‍ പിന്നീട് അധികാരത്തിന്റെ ഇടനാഴിയിലേക്ക് പ്രവേശിച്ചത്. അധികാര ദണ്ഡുകളെല്ലാം ഫാഷിസത്തിന്റെ കയ്യിലെത്തിയിട്ടും ഇന്ത്യയെ കാത്തുസൂക്ഷിക്കാന്‍ ഇവിടത്തെ മതേതരത്വ ഘടനക്ക് കഴിഞ്ഞു. പക്ഷെ ചിലയിടങ്ങളില്‍ അത് കൈവിട്ടു പോയി. ഗുജറാത്ത്…….ഗുജറാത്തില്‍ ഇന്ത്യ പിടഞ്ഞു. മതേതര ഇന്ത്യയെ പുനസൃഷ്ടിക്കാന്‍ തീവ്രമായ ശ്രമം നടക്കുന്നുണ്ടായിരുന്നു. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും അതില്‍ പങ്കാളികളായി. ഫാഷിസത്തിന് സങ്കല്‍പിക്കാന്‍ കഴിയാത്ത വിധം മുസ്‌ലിമും ഹിന്ദുവും അടുത്തു നിന്നു. കലാപത്തിന്റെ ഇരകള്‍ക്ക് മതം നോക്കാതെ അവര്‍ അഭയം നല്‍കി.

അതേസമയം തന്നെ ഇപ്പുറത്ത് മതേതരത്വ പ്രതിരോധങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് ന്യൂനപക്ഷം സ്വയം സംഘടിക്കുകയെന്ന സിദ്ധാന്തം വളര്‍ത്തിക്കൊണ്ടു വരാന്‍ ചിലര്‍ ശ്രമിച്ചു. അങ്ങിനെയാണ് പലയിടങ്ങളിലും ഫാഷിസത്തെ ചെറുക്കാനെന്ന പേരില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഉദയം ചെയ്യുന്നത്. ബാബരിയുടെ പൊളിഞ്ഞ കല്ലുകളില്‍ നിന്ന് അവര്‍ ഊര്‍ജ്ജം സംഭരിച്ചു. ‘നമ്മള്‍’ ആപത്തിലാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഫാഷിസത്തെ ചെറുക്കാന്‍ മതേതരത്വത്തിനേ കഴിയൂവെന്ന് അവര്‍ മനപൂര്‍വ്വം മറന്നു കളഞ്ഞു. ഫാഷിസത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന ജനതയെ വീണ്ടും ആഗാധമായ ഗര്‍ത്തത്തിലേക്ക് കൈപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍ ചെയ്തത്. എന്നാല്‍ ഫാഷിസത്തെ എതിര്‍ക്കാനുള്ള മതേതര വിരുദ്ധമായ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അത്തരം ശ്രമങ്ങളുണ്ടായപ്പോഴെല്ലാം ഫാഷിസം കൂടുതല്‍ ശക്തിയാര്‍ജിച്ചു. പരാജയപ്പെട്ട പരീക്ഷണങ്ങളായിരുന്നു അവ.

മതേതരത്വത്തിന് വളരെ ശക്തിയുണ്ടെന്ന് മനസിലാക്കിയ കാലയളവ് കൂടിയായിരുന്നു അത്. ബാബരി മസ്ജിദ് പൊളിച്ചവരെ കൊണ്ട് തന്നെ അതില്‍ ദുഖമുണ്ടെന്ന് പറയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. കപടമാണെന്ന് ആരോപിച്ചാലും, കപടമായെങ്കിലും അവര്‍ക്ക് മതേതരപക്ഷത്ത് അവര്‍ക്ക് നില്‍ക്കേണ്ടി വന്നുവെന്നാണ് അത് സൂചിപ്പിക്കുന്നത്. മതേതരത്വത്തിന്റെ വലിയൊരു വിജയമാണ് അത്. ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളില്‍ മുസ്‌ലിമും മുസ്‌ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ ഹിന്ദുവും സുരക്ഷിതത്വത്തോടെ കഴിയുന്നു. ഫാഷിസം ഒരിക്കലും ആഗ്രഹിച്ചത് ഇതിനായിരുന്നില്ല. വര്‍ഗീയതയുടെ ചെറിയ നാളുകള്‍ക്കു മേല്‍ മതേതരത്വം നേടിയ വിജയമാണ് ആ തിരിച്ചു നടത്തം. ബാബരി ദിനം ഓര്‍മ്മിപ്പിക്കേണ്ടത് ഈ വിജയത്തെക്കുറിച്ചാണ്.

(2009ലെ ഫ­യല്‍ സ്റ്റോറി- പു­ന­പ്ര­സി­ദ്ധീ­ക­രണം)

Malayalam news, Kerala news in English