ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 19ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചു സംസ്ഥാനത്തു ജാഗ്രതാ നിര്‍ദേശം. ഭീഷണി കണക്കിലെടുത്തു പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അയോധ്യയിലും ഫൈസാബാദിലും ശക്തമായ സുരക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

ശബരിമല ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുടെ സുരക്ഷ ശക്തമാക്കി. ദര്‍ശനത്തിനു തടസമുണ്ടാകാത്ത വിധം സന്നിധാനത്തും പമ്പയിലും കര്‍ശന സുരക്ഷാ നിരീക്ഷണം ഏര്‍പ്പെടുത്തി. ഗുരുവായൂര്‍, പദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍, ചോറ്റാനിക്കര തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ബസ് സ്റ്റാന്‍ഡുകള്‍, റെയ്ല്‍വേ സ്‌റ്റേഷനുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമാ തിയെറ്ററുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Subscribe Us:

ഇന്ത്യന്‍ മതേതരത്വത്തിന് മാരക പ്രഹരം ഏല്‍പ്പിച്ച് 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പള്ളിതകര്‍ക്കുന്നതില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെയുള്ള പ്രമുഖരുടെ പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ പുറത്തുകൊണ്ടുവന്നിട്ട് രണ്ടുവര്‍ഷമായെങ്കിലും ഇവര്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.

1526 ല്‍ ബാബറി സേനാനായകന്‍ മിര്‍ബാഖി അയോധ്യയില്‍ പണിത ആരാധനാലയമാണ് ബാബറി മസ്ജിദ്.  ഹെന്ദവരുടെ ആരാധനാമൂര്‍ത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്ജിദായി പരിവര്‍ത്തിക്കപ്പെട്ടതാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്. 1949 ഡിസംബര്‍ 23ന് പള്ളിക്കകത്ത് രാമവിഗ്രഹം ഒളിച്ചു കടത്തുന്നതോടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്. അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ നായരുടെ ഒത്താശയോടെയായിരുന്നു ഈ നീക്കം. തുടര്‍ന്ന് പള്ളി അടച്ചിടുന്ന സാഹചര്യമുണ്ടായി.

1950ല്‍ പള്ളിക്കകത്തു നിന്ന് വിഗ്രഹം നീക്കം ചെയ്യുന്നതിനെതിരെ ഫൈസാബാദ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് ഹിന്ദുക്കള്‍ക്ക് തുണയായി. 1955 ഏപ്രില്‍ 26ന് ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. 1961ല്‍ സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് എല്ലാപരാതികളും ഹൈക്കോടതിയിലേക്ക് മാറ്റി. ഉടമസ്ഥാവകാശം തിരിച്ചുകിട്ടാന്‍ മുസ് ലീംകള്‍ നിയമനടപടി ആരംഭിച്ചെങ്കിലും പ്രക്രിയ നീണ്ടു.

എണ്‍പതുകളുടെ അവസാനത്തില്‍ അയോധ്യയില്‍ തര്‍ക്കസ്ഥലത്തുതന്നെ ഹിന്ദുത്വ ശക്തികള്‍ക്ക് ക്ഷേത്ര നിര്‍മാണത്തിനു ശിലാസ്ഥാപനം നടത്താന്‍ രാജീവ്ഗാന്ധി അനുമതി നല്‍കി. തുടര്‍ന്ന് ഹിന്ദുത്വശക്തികള്‍ രാജ്യമൊന്നാകെ വന്‍ പ്രചാരണം നടത്തിയും അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തിയും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചു.

എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കുമെന്ന് കല്യാണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും മസ്ജിദ് സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുകയും സംഘ് നേതാക്കളുടെ സാന്നിധ്യത്തില്‍ കാലേക്കൂട്ടി തീരുമാനിച്ച പ്രകാരം ബാബറി മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തു.

Malayalam news

Kerala news in English