ന്യൂദല്‍ഹി: അഴിമതിയ്‌ക്കെതിരായി ജന്തര്‍മന്ദിറില്‍ നിരാഹാരമിരുന്ന് പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ അണ്ണാ ഹസാരെയ്ക്ക് പിന്നാലെ യോഗാ ഗുരു ബാബാ രാംദേവ് രണ്ടാംഘട്ട അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി.

Ads By Google

വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക്ഷേപം തിരിച്ചു കൊണ്ടുവരാന്‍ നടപടി ആവശ്യപ്പെട്ടാണ് രാംദേവ് നിരാഹാരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ വേദിയില്‍ സമരം നടത്തിയ രാംദേവിനെ രണ്ടു ദിവസത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സമരത്തിന്റെ ഭാഗമായി രാംലീലയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണത്തിന്‌ പുറമേ ശക്തമായ ലോക്പാല്‍ നിയമം, സി.ബി.ഐയെ സ്വതന്ത്രമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് സമരം.

അതേസമയം സമരത്തിന്‌ പിന്തുണയുമായി അണ്ണാ ഹസാരെ അടുത്ത ദിവസങ്ങളിലൊന്നും രാംലീലയിലെത്തില്ലെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലുള്ള ഹസാരെയ്ക്ക് ഉടനെ ദല്‍ഹിയിലെത്താന്‍ പദ്ധതിയില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

രാവിലെ  രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് രാംദേവ് രാംലീലാ മൈതാനത്ത് എത്തിയത്. സമരത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ലെന്ന് രാംദേവ് അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രണ്ടാംഘട്ട സമരം തുടങ്ങുമെന്ന്‌ മാസങ്ങള്‍ക്ക്‌ മുന്‍പുതന്നെ രാംദേവ് പ്രഖ്യാപിച്ചിരുന്നു.

ലോക്പാല്‍ നിയമംകൊണ്ടുമാത്രം അഴിമതി പൂര്‍ണമായി ഇല്ലാതാക്കാനാവില്ല. എന്നാല്‍, അഴിമതിക്കാര്‍ക്ക്‌ മതിയായ ശിക്ഷ ഉറപ്പാക്കാന്‍ ലോക്പാലിന്‌ കഴിയും. അണ്ണാ ഹസാരെ സമരവേദിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും രാംദേവ് പറഞ്ഞു.