baba ramdevന്യൂദല്‍ഹി:അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ യോഗഗുരു ബാബാ രാംദേവ് ദില്ലിയിലെ രാംലീലാ മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരമാരംഭിച്ചു. പതിനായിരക്കണക്കിനാളുകളാണ് സമരത്തിനു പിന്തുണയേകി പന്തലിലെത്തിയിരിക്കുന്നത്. സമരപ്പന്തലിലെത്തിയവര്‍ക്കുമുന്നില്‍ ബാബാ രാംദേവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.

ഒരുകോടിയിലധികം വരുന്ന ഇന്ത്യന്‍ജനത അഴിമതിയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ എന്നോടൊപ്പം ചേരും. എന്നെ പിന്തുണയ്ക്കുന്നവരെല്ലാം ശനിയാഴ്ച രാംലീല മൈതാനിയിലെത്തും. അവര്‍ വരുന്നത് രാംലീല മൈതാനം കാണാനല്ല,മറിച്ച് അഴിമതിക്കാരായ രാവണന്‍മാര്‍ വധിക്കപ്പെടുന്നതു കാണാനാണ്.

അധികാരം കൈയാളുന്ന കുറച്ചുപേര്‍ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി കോടിക്കണക്കിനുവരുന്ന ഇന്ത്യന്‍ ജനതയെ വഞ്ചിക്കുകയാണ്. വിദേശത്തുനിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം ഇന്ത്യക്കാരുടെതാണ്. വിദേശികള്‍ ആ പണം അവരുടെ ആവശ്യത്തിന് ഉപയോഗിക്കുകയാണ്.

കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ചിലതൊക്കെ അവരംഗീകരിച്ചുതന്നു. പക്ഷേ അതു നടപ്പിലാക്കാനുള്ള സമയപരിധി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതുവരെ സത്യാഗ്രഹത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല.

തികച്ചും സമാധാനപരമായ മാര്‍ഗത്തിലാണ് ഞങ്ങള്‍ സത്യഗ്രഹമിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ അത്ര സുഖകരമാവില്ല. ബാബാ രാംദേവിനെ വിലയ്ക്കു വാങ്ങാനോ ഇല്ലാതാക്കാനോ സാധ്യമല്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു.

10 വര്‍ഷംമുമ്പുള്ള ഒരു ഫയല്‍ കുത്തിപ്പൊക്കി എനിക്കെതിരെ കൊണ്ടുവന്നപ്പോള്‍ ഞാന്‍ സമരത്തില്‍നിന്നും പിന്‍വാങ്ങിയെന്ന വാര്‍ത്ത എന്നെ വളരെയധികം വിഷമിപ്പിച്ചു. അവരോടെനിക്ക് ഒരുകാര്യം പറയാനുണ്ട്, എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഈ സത്യഗ്രഹത്തിന് ന്യായമായ ഒരു മറുപടി കിട്ടുന്നതുവരെ ഈ ഉദ്യമത്തില്‍നിന്ന് ഞങ്ങള്‍ പിന്‍മാറില്ല.

മെഡിക്കല്‍, എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചറല്‍ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്ത്യന്‍ഭാഷകള്‍ നിര്‍ബന്ധമാക്കുമെന്നും 3 മാസത്തിനുള്ളില്‍ ഇതിന്റെ രൂപവല്‍കരണത്തിനായി കമ്മിറ്റിയെ നിയമിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ എപ്പോള്‍ , ഏതു കമ്മിറ്റിയാണ് ഇതിന്റെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതെന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചില്ല. അഴിമതിയ്‌ക്കെതിരായുള്ള നിയമനടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള നടപടി താമസിപ്പിക്കരുതെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിലും ഓരോ സംസ്ഥാനത്തും പ്രത്യേകകോടതികള്‍ നടപ്പിലാക്കുമെന്ന പറഞ്ഞ സര്‍ക്കാരിന് എപ്പോള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

ഇവിടെ വന്നിട്ടുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരോടും എനിക്ക് നന്ദിയുണ്ട്. ചരിത്രത്തിലാദ്യമായിട്ടാണ് എന്നെപ്പോലൊരു വ്യക്തിയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ഇത്രയും പിന്തുണ നല്‍കുന്നത്.

ആള്‍ക്കൂട്ടത്തിലുള്ള സ്ത്രീകളെ നോക്കു. എനിക്കുവേണ്ടി എല്ലാം ത്യജിച്ചുവന്നവരാണിവര്‍. പലരും അവരുടെ കുഞ്ഞുങ്ങളെയുംകൊണ്ടാണ് സമരപ്പന്തലിലെത്തിയിരിക്കുന്നത്. കൂട്ടത്തിലുള്ള അമ്മമാരെല്ലാം എന്നെ അവരുടെ മകനെപ്പോലെയാണ് കാണുന്നത്. മകന്‍ നിരാഹാരമിരിക്കുമ്പോള്‍ അമ്മമാര്‍ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചുകൊണ്ട് അവരും എന്നോടൊപ്പം നിരാഹാരത്തില്‍ പങ്കുചേര്‍ന്നു. തീര്‍ച്ചയായും ഈ കൂടിയിരിക്കുന്ന എന്റെ സഹോദരന്മാര്‍ക്കും ഞാന്‍ നന്ദി പറയേണ്ടതുണ്ട്. അവരുടെ ജോലിയും കൃഷിയുമെല്ലാം ഉപേക്ഷിച്ചാണ് അവര്‍ ഇവിടെ എന്നോടൊപ്പംവന്നിരിക്കുന്നത്.

ഉത്തരേന്ത്യയിലുള്ള ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ഗ്രാമവാസികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നെ അപമാനിക്കുന്നതിനു തുല്യമാണ്. 624 ഗ്രാമങ്ങള്‍ സത്യഗ്രഹത്തില്‍ എന്നോടൊപ്പം ചേരുന്നുണ്ട്.

സ്വാതന്ത്ര്യത്തിനായുള്ള സമരപരിപാടികള്‍ക്ക് തുടക്കംകുറിച്ചത് ഭഗത്‌സിംഗാണെന്ന കാര്യം നമ്മള്‍ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ്. അവരെപ്പോലുള്ള ത്യാഗികളില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യം നമുക്കിന്നും അന്യമായി തുടരുമായിരുന്നു.എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും. ഇവരെപ്പോലുള്ള സേനാനികളെ നമ്മളൊരിക്കലും മറക്കാന്‍ പാടില്ല. ഭഗത് സിംഗിന്റെ പേരില്‍ രാജ്ഘട്ട് പോലെ മനോഹരമായ ഒരു പാര്‍ക്ക് നിര്‍മിക്കാന്‍ 5 ലക്ഷം രൂപ ഞങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.