baba

സ്വന്തം ലേഖകന്‍

ന്യൂദല്‍ഹി: രാംലീല മൈതാനിയിലെ സമരപ്പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ബാബാം രാംദേവ് വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ അദ്ദേഹം ഏറെ ക്ഷുഭിതനായാണ് കാണപ്പെട്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെതിരെ ശക്തമായ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. തന്നെ ഇല്ലാതാക്കാനാണ് സോണിയ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്…

അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഞായറാഴ്ച രാവിലെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്. തന്നെ ബലം പ്രയോഗിച്ചാണ് ദല്‍ഹിയില്‍ നിന്നും ഹരിദ്വാറിലെ ആശ്രമത്തിലേക്ക് മാറ്റിയതെന്ന് രാംദേവ് ആരോപിച്ചു. ‘തന്നെ തട്ടിക്കൊണ്ട് പോയി വധിക്കുവാനോ നാട് കടത്താനോ ആയിരുന്നു അവരുടെ പദ്ധതി. എന്നാല്‍ താന്‍ ഉപവാസം തുടരും’- അദ്ദേഹം പറഞ്ഞു.

‘ സോണിയ ഈ രാജ്യത്ത് ജനിച്ചവളല്ല. പക്ഷെ അവര്‍ രാജ്യത്തിന്റെ മരുമകളാണ്. എന്നാല്‍ ഒരു ലക്ഷത്തോളം വരുന്ന ജനങ്ങളെ ആക്രമിക്കാന്‍ ഉത്തരവിടുക വഴി അവര്‍ക്ക് ഈ രാജ്യത്തെ ജനങ്ങളോട് കൂറില്ലെന്ന് തെളിയിച്ചിരിക്കയാണ്. രാജ്യസ്‌നേഹികളോട് അവര്‍ ഇത്തരത്തിലാണ് പെരുമാറുകയെന്ന് തെളിഞ്ഞിരിക്കയാണ്’.

താന്‍ ഉറങ്ങുമ്പോഴാണ് പോലീസ് തന്നെ പിടികൂടാനെത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘രാത്രി സമയത്തല്ലായിരുന്നു അറസ്റ്റെങ്കില്‍ ആയിരക്കണക്കിന് പേര്‍ അവിടെ മരിച്ച് വീഴുമായിരുന്നു. ഇത്തരത്തിലുള്ള ക്രൂരത അടിയന്തരാവസ്ഥക്കാലത്തോ ജാലിയന്‍ വാലാബാഗ് സംഭവ സമയത്തോ ഉണ്ടായിട്ടില്ല. എനിക്ക് മരണത്തെ ഭയമില്ല. എന്നാല്‍ ഇത്തരം അക്രമത്തില്‍ കൊല്ലപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’.

പോലീസ് വന്നത് തന്നെ അറസ്റ്റ് ചെയ്യാനാണെന്ന് മനസ്സിലായപ്പോള്‍ താന്‍ സ്റ്റേജില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് രാംദേവ് പറഞ്ഞു. രണ്ട് മണിക്കൂറോളം അദ്ദേഹം സമരപ്പന്തലില്‍ ഒളിച്ച് നില്‍ക്കുകയായിരുന്നു. പിന്നെ അദ്ദേഹം ഒരു സംഘം സ്ത്രീകളുടെ കൂട്ടത്തിലായി നിന്നു. സാരികൊണ്ട് ശരീരവും സ്ത്രീകളുടെ തട്ടം ഉപയോഗിച്ച് അദ്ദേഹം തന്റെ വലിയ താടിയും മറച്ചുപിടിക്കുകയായിരുന്നു.

‘തന്നെ കണ്ട ഒരു അനുയായി വേഗം രക്ഷപ്പെടാനും അല്ലെങ്കില്‍ പോലീസ് പിടികൂടുമെന്നും പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം വിളിച്ചു പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ട പോലീസ് തന്നെ പിടികൂടുകയായിരുന്നു’. തന്നെ പിടിച്ചുകൊണ്ട് പോകുന്ന സമയം പോലീസ് തട്ടം കൊണ്ട് കഴുത്ത് കുരുക്കിയതായി രാം ദേവ് പറഞ്ഞു. ‘എന്നെ കൊല്ലാനാണോ ഉദ്ദേശ’മെന്ന് ഞാന്‍ അവരോട് ചോദിച്ചു. ശനിയാഴ്ച രാത്രി തന്റെ ജീവിതത്തിലെ കറുത്ത രാത്രിയായിരുന്നുവെന്നും രാംദേവ് പറഞ്ഞു. ‘നിഷ്‌കളങ്കരായ ജനങ്ങളെ ഉപദ്രവിക്കരുതെന്ന് ഞാന്‍ പോലീസിനോട് പറഞ്ഞു’.

താനും സര്‍ക്കാറുമായി ഗൂഢാലോചന നടത്തിയെന്ന വാദത്തെയും രാംദേവ് തള്ളിക്കളഞ്ഞു. ‘തന്നെ സമ്മര്‍ദ്ദത്തിലൂടെ സന്ധിയിലൊപ്പ് വെപ്പിക്കാന്‍ കപില്‍ സിപല്‍ ശ്രമിച്ചു’. ഒപ്പ് വെച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ പറഞ്ഞതായും രാംദേവ് വ്യക്തമാക്കി.