ramdevപ്രത്യേക ലേഖകന്‍

അഴിമതിക്കെതിരെയെന്ന് പറയുമ്പോഴും ബാബ രാംദേവിന്റെ ഉപവാസ സമരം വിമര്‍ശിക്കപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. അഴിമതിക്കെതിരെ നടത്തുന്ന സമരത്തിന്റെ രീതികളൊന്നുമല്ല രാംദേവിന്റെ സമരത്തിനുള്ളതെന്നാണ് പ്രധാന ആക്ഷേപം. കോടികളൊഴുക്കി,ധൂര്‍ത്തടിച്ചാണ് യോഗഗുരു സമരോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇത് അഴിമതി വിരുദ്ധ സമരത്തോടുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ അട്ടിമറിക്കുമെന്ന് മേധ പട്കര്‍ പോലുള്ളര്‍ ആരോപണമുയര്‍ത്തിക്കഴിഞ്ഞു.

രണ്ട് കോടി രൂപയ്ക്ക് ഒരു മാസത്തേക്ക് വാടകയ്‌ക്കെടുത്ത 2.5 ചതുരശ്ര അടിയില്‍ തീര്‍ത്ത പന്തല്‍. 15 അടി ഉയരത്തില്‍ ശീതീകരിച്ച സ്‌റ്റേജ്. 60 ഡോക്ടര്‍മാര്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന ആശുപത്രി. ശീതീകരിച്ച മൂന്ന് ഐ.സി.യുകള്‍. ഒരു ലക്ഷം യൂണിറ്റ് ശുദ്ധജലം സംഭരിക്കാനുള്ള സംവിധാനം. പന്തലിലുടനീളം വെള്ളമെടുക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ച 1500ല്‍ പരം വാട്ടര്‍ടാപ്പുകള്‍. അകലത്തിലിരിക്കുന്ന അനുയായികള്‍ക്ക് ബാബയെ ദര്‍ശിക്കാന്‍ 7 വലിയ കൂറ്റന്‍ സ്‌ക്രീനുകളും 100ഓളം സി.സി.ടി.വികളും.

ഇതിന് പുറമെ രാംദേവിന്റെ സംഘപരിവാര്‍ ബന്ധം ഏറെ പ്രശസ്തമാണ്. സമര പന്തലും പരിസരവും കാവിപുതച്ച പ്രതീതിയാണുള്ളത്. ബാബയുടെ ട്രസ്റ്റായ ‘ഭാരത് സ്വാഭിമാന്‍ ന്യാസി’ന്റെ അനുയായികളും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ് പിന്തുണയുമായെത്തിയവരില്‍ കൂടുതലും. വഴികളിലുടനീളം കൊടികളും പോസ്റ്ററുകളും.

ഇതിന് പുറമെ 1000 കോടിയിലേറെയുള്ള ബാബയുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബാബയുടെ പേരില്‍ ഏക്കര്‍ കണക്കിന് ഭൂമികളാണുള്ളത്. ബാബ ഭൂമി വാങ്ങാന്‍ എന്തിന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം തിരഞ്ഞെടുത്തുവെന്നും ഉയരുന്ന ചോദ്യമാണ്.

സമരം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നതാണ്. ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയമാണ് ബാബക്ക് പിന്നിലുള്ളതെന്നാണ് ആക്ഷേപം. കര്‍ണ്ണാടകയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളോട് ഒന്നും പ്രതികരിക്കാതിരുന്ന സംഘപരിവാരിവ് വേണ്ടി ഇത്തരത്തിലൊരു സമരം നടത്തുന്നതിലെ വൈരുദ്ധ്യവും ശ്രദ്ധേയമാണ്. ഫേസ്ബുക്കില്‍ ബാബയോട് ഇക്കാര്യം ഉന്നയിച്ചവര്‍ക്ക് ബാബയുടെ മറുപടി ഞാന്‍ ആര്‍.എസ്.എസ് ഐഡിയോളജിയില്‍ വിശ്വസിക്കുന്നയാളാണെന്നാണ്.

തങ്ങളുടെ മുഖം വികൃതമായ സമയത്ത് മുഖംമൂടിയണിഞ്ഞ് സമരരംഗത്തിറങ്ങുകയെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് രാദേവിന്റെ സമരമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അണ്ണാഹസാരെ സമരത്തിന് ലഭിച്ച ജനകീയ പിന്തുണ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയെന്നതാണ് ഇതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്.

ഏറ്റവും ദുഖകരമായ വസ്തുത ഇത്തരം അജണ്ടകളെക്കുറിച്ച് ജനങ്ങളോട് പറയേണ്ടവര്‍ പുലര്‍ത്തുന്ന മൗനമാണ്. സമരം പ്രഖ്യാപിച്ച ബാബയുടെ കാല്‍ക്കല്‍ വീണ് പിന്‍വാങ്ങാന്‍ അപേക്ഷിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സമരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നതിന് കോണ്‍ഗ്രസ് അശക്തരായതാണ് കാരണം. കാരണം പല കോണ്‍ഗ്രസ് നേതാക്കളും ബാബയുടെ ഭക്തരാണ്. യോഗ ശിഷ്യരാണ്.

ഇക്കാര്യം പറയേണ്ട ഇടതുപക്ഷം മിണ്ടാതെയിരിക്കുന്നതും അതിശയിപ്പിക്കുന്നതാണ്. അഴിമതിക്കെതിരെ സമരം നടത്തേണ്ടത് സംശയത്തിന്റെ നിഴലില്‍ കഴിയുന്നവരും സുതാര്യമല്ലാത്ത രീതിയില്‍ ജീവിക്കുകയും ചെയ്യുന്ന ഇത്തരക്കാരാണോയെന്ന് ജനം തിരിച്ച് ചോദിക്കേണ്ട സമയമാണിത്.