എഡിറ്റര്‍
എഡിറ്റര്‍
രാംദേവും നിരാഹാരസമരം അവസാനിപ്പിച്ചു
എഡിറ്റര്‍
Tuesday 14th August 2012 11:00am

ന്യൂദല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവ് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രാംലീല മൈതാനിയില്‍ സമരം നടത്തിയിരുന്ന രാംദേവിനെയും അനുയായികളെയും ഇന്നലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് അംബേദ്കര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

Ads By Google

തുടര്‍ന്ന് രാത്രി മുഴുവന്‍ അബേദ്കര്‍ സ്‌റ്റേഡിയത്തില്‍ തങ്ങിയ സംഘം രാവിലെ പിരിഞ്ഞു പോവാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് പിരിഞ്ഞുപോകാന്‍ തയ്യാറാണെന്ന് രാംദേവ് അറിയിക്കുകയായിരുന്നു.

സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയുടെ സമീപമാണ് അംബേദ്കര്‍ സ്റ്റേഡിയം. ആഘോഷങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ടതിനാല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് രാംദേവിനോടും അനുയായികളോടും ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാംദേവ് സമരം അവസാനിപ്പിക്കാന്‍ തുനിഞ്ഞത്.

തോല്‍വി സമ്മതിച്ചല്ല മടങ്ങുന്നതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ പിന്തുണയ്ക്കാന്‍ രംഗത്തെത്തിയെന്നും രാംദേവ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയെ യന്ത്രമനുഷ്യന്‍ എന്ന് ആക്ഷേപിച്ച രാംദേവ് അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജിക്കുന്നതായും അനുയായികളോട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നികുതി വെട്ടിച്ച് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നും ശക്തമായ ലോക്പാല്‍ ബില്ല് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു രാംദേവ് നിരാഹാരം ആരംഭിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കോ മറ്റ് അനുരഞ്ജന നീക്കങ്ങള്‍ക്കോ തയാറാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു രാംദേവ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.

Advertisement