ഡെറാഡൂണ്‍: യോഗ ഗുരു ബാബാ രാംദേവ് നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

കള്ളപ്പണ നിക്ഷേപം രാജ്യത്ത് തിരിച്ചെത്തിക്കണമെന്നും അഴിമതി തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടുദിവസമായി രാംദേവ് ഹരിദ്വാറില്‍ സമരം നടത്തിവരികയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രാംദേവിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിരാഹാരം അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും രാംദേവ് വഴങ്ങിയിരുന്നില്ല.

തുടര്‍ന്ന് രവിശങ്കര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയുമായിരുന്നു. എന്നാല്‍ ഏതെങ്കിലും വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണോ നിരാഹാരം അവസാനിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല.

നേരത്തേ വിവിധ ആവശ്യങ്ങളുന്നയിച്ച് രാംദേവ് ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടത്തിയ നിരാഹാരം പോലീസ് നടപടിയില്‍ കലാശിച്ചിരുന്നു. അറസ്റ്റുചെയ്ത് നീക്കിയതിനെ തുടര്‍ന്ന് ഹരിദ്വാറില്‍വെച്ച് രാംദേവ് നിരാഹാര സമരം പുനരാരംഭിക്കുകയായിരുന്നു.