baba ramdevദില്ലി: അഴിമതിക്കും കള്ളപ്പണ നിക്ഷേപത്തിനുമെതിരെ ബാബാ രാംദേവിന്റെ നിരാഹാര സമരം തുടങ്ങി. ഇന്നലെ വൈകീട്ട് സര്‍ക്കാറും ബാബയും തമ്മില്‍ നടന്ന നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ സമരം തുടങ്ങിയത്.

ആയിരക്കണക്കിന് പേരാണ് സമരത്തില്‍ പങ്കെടുത്താനായി സ്ഥലത്തെത്തിയത്. നിരവധി പേര്‍ ഇനിയും ഇവിടെയെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍ വി.എച്ച്.പി നേതാവ് സാധ്വി റിഥംബര സ്വാമിയുമായി വേദി പങ്കിടുന്നുണ്ട്.

ഇന്നലെ വൈകീട്ട് മന്ത്രിമാരായ കപില്‍ സിബലും സുബോധ് കാന്ത് സഹായിയും ദല്‍ഹിയിലെ ക്ലാരിഡ്ജ് ഹോട്ടലിലാണ് ബാബയുമായി ചര്‍ച്ച നടത്തിയത്. ആവശ്യം അംഗീകരിക്കപ്പെടുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്ന് രാംദേവ് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. അതേസമയം, രാംദേവിന്റെ 90 ശതമാനം ആവശ്യങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സമ്മതംമൂളിയ നിലയ്ക്കു സമരം രണ്ടോ മൂന്നോ ദിവസം നടത്തിയ ശേഷം പിന്‍മാറുമെന്നാണ് സൂചന

അതേസമയം ബാബ രാംദേവ് നടത്തുന്ന നിരാഹാര സമരത്തിനു വന്‍ സന്നഹാങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. യോഗാചാര്യന്റെ രാംലീല മൈതനാത്തെ ഹൈടെക് പന്തലില്‍ അയ്യായിരത്തോളം എയര്‍ കണ്ടീഷനറുകളും കൂളറുകളുമാണ് സ്ഥാപിച്ചിരിയ്ക്കുന്നത്.

2. 5 ലക്ഷം സ്‌ക്വയര്‍ഫീറ്റുള്ള പന്തലിലേക്ക് രാംദേവിന്റെ ആയിരക്കണക്കിന് അനുയായികള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. പന്തലിലെമ്പാടും സീലിങ് ഫാനുകള്‍, എല്‍സിഡികള്‍, അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഒരു ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്. ഇവര്‍ക്കായി 650 ടൊയ് ലറ്റുകള്‍, കുളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും തയാറാക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കായി കാന്റീന്‍ സൗകര്യവും ലഭ്യമാണ്.

പുലര്‍ച്ചെ അഞ്ചു മണിയോടെ പന്തലിലെത്തിയ രാംദേവ് അനുയായികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് പതിവുപോലെ ഭക്തിഗാനത്തിന്റെ പശ്ചാത്തലത്തില്‍ യോഗ പരിശീലനം. യോഗാഭ്യാസത്തിന് ശേഷം തന്നെ പിന്തുണയ്ക്കാന്‍ എത്തിയവര്‍ക്കു രാംദേവ് നന്ദിപറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം സമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.

അണ്ണാ ഹസാരെ ജന്തര്‍ മന്ദറില്‍ നടത്തിയതു പോലെ ലളിതമായ സമരമല്ല ഇത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ കൗണ്ടര്‍ തുറന്ന് ബാബ രാംദേവിന്റെ അനുയായികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘങ്ങളും ഇവിടെയെത്തിക്കൊണ്ടിരിക്കയാണ്.