ന്യൂദല്‍ഹി: അഴിമതിയില്‍ കോണ്‍ഗ്രസ് റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് യോഗ ഗുരു ബാബ രാംദേവ്. കല്‍ക്കരി പാട അഴിമതി പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു രാംദേവ്.

Ads By Google

പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട രാംദേവ് തന്റെ ആശ്രമങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കുമെതിരായ നീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു.

കല്‍ക്കരി വിവാദത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കല്‍ക്കരി ഖനി വിവാദത്തില്‍ പുറത്ത് വന്നത്. എന്നാല്‍ പ്രധാനമന്ത്രി അതിനെ നിസാരവത്ക്കരിക്കുകയാണ്. അധികാരമോഹമാണ് പ്രധാനമന്ത്രിയെ ആ കസേരയില്‍ പിടിച്ചിരുത്തുന്നതെന്നും രാംദേവ് കുറ്റപ്പെടുത്തി.

ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. രാജ്യത്ത് അഞ്ച് ലക്ഷത്തോളം ജീവകാരുണ്യസംഘടനകളുണ്ട്. എന്നാല്‍ തന്റെ പ്രവര്‍ത്തനം മാത്രമെങ്ങനെ ബിസിനസാകുമെന്നും രാംദേവ് ചോദിച്ചു.

തങ്ങള്‍ക്കെതിരായ ആയുധമാക്കാന്‍ ആശ്രമത്തിലെ ചിലരെ വിലയ്‌ക്കെടുത്തിരിക്കുകയാണ്. എന്നാല്‍ അതിലൊന്നും തളര്‍ന്ന് തന്റെ പ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും രാംദേവ് പറഞ്ഞു.