ന്യൂദല്‍ഹി:തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകള്‍ക്ക് മാപ്പുചോദിക്കുന്നുവെന്ന് രാംദേവ്. സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ സംഭാഷണത്തിനു തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

തനിക്കെതിരായ കേന്ദ്രത്തിന്റെ നടപടിയില്‍ പ്രധാനമന്ത്രി ഖേദം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേന്ദ്രത്തിന് മാപ്പുനല്‍കാന്‍ താന്‍ തയ്യാറാണെന്ന് ബാബ വ്യക്തമാക്കിയിരുന്നു. നിരാഹാരം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും അനുയായികള്‍ക്കുവേണമെങ്കില്‍ സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രാംദേവിനു നേരെ പോലീസ് നടത്തിയ ബലപ്രയോഗം ദൗര്‍ഭാഗ്യകരമാണെന്നും മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ബാബാ രാംദേവിനെയും അനുയായികളെയും രാംലീലാ മൈതാനിയില്‍ നിന്ന് ബലംപ്രയോഗിച്ചുപുറത്താക്കിയതിന് ദില്ലി പോലീസിനോടും കേന്ദ്രത്തോടും സുപ്രീംകോടതി വിശദീകരണമാവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാംദേവിന്റെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും രാംദേവിന് പ്രത്യക്ഷ പിന്തുണ നല്‍കിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിനിടെ സമരം ഉപയോഗിച്ച് വര്‍ഗ്ഗീയ മുതലെടുപ്പിന് ആര്‍.എസ്.എസ് പദ്ധതിയുണ്ടായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്.