ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന്റെ തിരക്കഥ മാറ്റിയെഴുതുന്നു. എസ്.എന്‍ സ്വാമി ഒരുക്കിയ ലോക്പാലിലെ നന്ദഗോപാല്‍ എന്ന  കഥാപാത്രവുമായി മിസ്റ്റര്‍ ഫ്രോഡിലെ കഥാപാത്രത്തിനുള്ള സാമ്യമാണ് തിരക്കഥ മാറ്റിയെഴുതാന്‍ കാരണമായത്.

Ads By Google

രാഷ്ട്രീയത്തിലും വ്യവസായരംഗത്തും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടക്കുന്ന അഴിമതിയാണ് ലോക്പാലിന്റെ പശ്ചാത്തലം. സിനിമയുടെ ഇതി വൃത്തത്തില്‍ മാറ്റങ്ങളുണെങ്കിലും കഥാപാത്രങ്ങള്‍ തമ്മിലുള്ള സാമ്യതയാണ് ബി. ഉണ്ണികൃഷ്ണന്  വെല്ലുവിളിയായത്.

രണ്ട് ചിത്രത്തിലും മോഹന്‍ലാല്‍ ആണ് നായകന്‍ എന്ന പ്രത്യേകതയും ഈ സിനിമകള്‍ക്കുണ്ട്. തന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കായി സമര്‍ഥമായി കരുനീക്കം നടത്തുന്ന ഫ്രോഡിന്റെ കഥയാണ് മിസ്റ്റര്‍ ഫ്രോഡ്. ചിത്രത്തിലെ പ്രധാന കഥാപാത്രം നെഗറ്റീവ് ഇമേജുമായാണ് എത്തുന്നതെന്നാണ് അറിയുന്നത്. ഏറെ പുതുമകളും സസ്‌പെന്‍സുകളും ചിത്രത്തില്‍ ഉണ്ട്.

എ.വി അനൂപാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ഏതായാലും ഏറെ മാറ്റങ്ങളോടെയാകും ചിത്രം ഇനി മാര്‍ച്ചില്‍ തുടങ്ങുക. ഗോപി സുന്ദര്‍ ഈണങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുക.