Categories

സിനിമയിലെ നായകന്‍മാരുടെ ജാതിവാലിനെ ന്യായീകരിച്ച് ബി. ഉണ്ണികൃഷ്ണന്‍

unnikrishnanmohanlal

തിരുവനന്തപുരം: സിനിമയിലെ നായകന്‍മാരുടെ ജാതിവാലിനെ ന്യായീകരിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ജാതി ഒരു യാഥാര്‍ത്ഥ്യമായ സമൂഹത്തില്‍ എഴുതപ്പെടുന്ന ഒരു കഥയില്‍ കഥാപാത്രങ്ങള്‍ക്ക് ഒരു പക്ഷേ ‘ജാതിവാല്‍’ ഉണ്ടാവുമെന്നും അത് ‘ വൈരുദ്ധ്യാത്മക ഭൗതികവാദ’ പ്രകാരം ഒരു പാപവുമല്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍ നായക കഥാപാത്രത്തിന്റെ പേരിന്റെ അറ്റത്ത് ജാതിവാല്‍ കാണുമോ എന്ന ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉണ്ണികൃഷ്ണന്‍.

ഒരു സിനിമയെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍, ഇത്തരമൊരു ചോദ്യം ഉന്നയിച്ച താങ്കള്‍ക്കാണ് അപകടകരമായ ജാതിചിന്തയുള്ളതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

എന്നാല്‍ ,താങ്കള്‍ ക്ഷമിക്കണമെന്നും താങ്കളുടെ സൃഷ്ടികള്‍ എല്ലാം കണ്ട ഒരു പ്രേക്ഷകന്റെ ‘മുന്‍വിധി’ അല്ലെങ്കില്‍ തെറ്റായ ധാരണയായിട്ട് ആ ചോദ്യത്തെ കരുതിയാല്‍ മതിയെന്നുമായിരുന്നു ഫേസ്ബുക്കില്‍ മറ്റൊരാള്‍ പ്രതികരിച്ചത്.

ഈ സിനിമയുടെ പേരുപോലും എവിടേയും പറഞ്ഞിട്ടില്ലെന്നും അപ്പോള്‍ത്തന്നെ ജാതിവാലിനെക്കുറിച്ച് ആധിയുണ്ടാവുന്നത് paranoia ആണ്. ജാതിയെക്കുറിച്ചുള്ള സൈദ്ധാന്തിക തീര്‍ച്ചകള്‍ ചിലര്‍ക്കുമാത്രമുള്ള രഹസ്യ അറിവാണെന്ന്  ദയവായി ധരിക്കരുതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു


എനിക്ക് ജാതിവാലില്ല എല്ലാ ഔദ്യോഗിക രേഖയിലേയും എന്റെ പേര് ഉണ്ണികൃഷ്ണന്‍ ബി എന്നാണ്. എല്ലാ കോമ്പിനേഷനുകളും ഫെയ്‌സ്ബുക്കില്‍ തിരസ്‌ക്കരിക്കപ്പെട്ടപ്പോള്‍, ബി എന്ന എന്റെ ഇനിഷ്യലിനെ വികസിപ്പിച്ച്, എന്റെ അച്ഛന്റെ പേരുകൂട്ടിചേര്‍ത്ത് നല്‍കിയപ്പോള്‍ അത് സ്വീകരിക്കപ്പെട്ടു. അതിനാലാണ് ഫെയ്‌സ്ബുക്ക് പേജില്‍ മാത്രം ഞാന്‍ ഉണ്ണികൃഷ്ണന്‍ ഭാസ്‌ക്കരന്‍പിള്ളയായി മാറിയത്.

ഇതൊരു മഹാപാപമല്ല. ഒരാളുടെ സത്തയേയും രാഷ്ട്രീയത്തേയും അയാളുടെ പേരുകൊണ്ടളക്കുക എന്നതിനേക്കാള്‍ വലിയൊരു വിഡ്ഡിത്തമില്ല. ഇപ്പോള്‍ ഇ.എം.എസ്സും പി.കെ.വിയും ജീവിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ എസ്.ആര്‍.പി യോട് ഇതേ ചോദ്യം താങ്കള്‍ ചോദിക്കുമെന്ന് കരുതുന്നെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു

നായക കഥാപാത്രത്തിന്റെ പേരിന്റെ അറ്റത്ത് ജാതിവാല്‍ കാണുമോ എന്ന് ചോദിച്ചതില്‍ എന്താണ് തെറ്റെന്നും ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ സവര്‍ണ്ണമാടമ്പികളുടെ ചെയ്തികളുടെയും കുടുംബമാഹാത്മ്യത്തിന്റെയും കുഴലൂത്തുകാരായിട്ടാണ് പലപ്രമുഖ സിനിമാക്കാരും വര്‍ത്തിച്ചിട്ടുള്ളതെന്നും അതിലിത്ര വേദനിച്ചു പോകേണ്ട കാര്യമൊന്നുമില്ലെന്നും ഇതിന് താഴെ മറ്റൊരാള്‍ പ്രതികരിക്കുന്നു.

ജാതി ഒരു സാമൂഹികയാഥാര്‍ഥ്യമാണെന്ന് തുടക്കത്തില്‍ തന്നെ താങ്കള്‍ സമ്മതിച്ച ശേഷവും ഇത്തരമൊരു ചോദ്യം ഉന്നയിച്ച വ്യക്തിക്കാണ് അപകടകരമായ ജാതിചിന്തയുള്ളതെന്ന് മനസ്സിലാക്കുക എന്ന് താങ്കള്‍ പറയുന്നതിലൂടെ  എന്തോ തെളിയിയ്ക്കാനുള്ള വ്യഗ്രതയില്ലേ താങ്കള്‍ക്ക് എന്നൊരു സംശയമുണ്ടെന്നും ഇദ്ദേഹം പ്രതികരിക്കുന്നു.