തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി വൈസ് പ്രസിഡന്റ് ബി.കെ ശേഖറിന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ഋഷിമംഗലത്തെ വീട്ടിലും തിരുവനന്തപുരം ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി ഭവനിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മറ്റ് മന്ത്രിമാരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ബി.കെ ശേഖര്‍. ബി.ജെ.പിയുടെ സംസ്ഥാന വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഖര്‍ കരളിലെ അര്‍ബുദബാധയെ തുടര്‍ന്നാണ് മരിച്ചത്.