ന്യുദല്‍ഹി: അടുത്ത മാസത്തോടെ ബി.ജെ.പി വിടാന്‍ ഉറച്ചു നില്‍ക്കുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നടപടി തുടങ്ങി.

Ads By Google

പ്രശ്‌നപരിഹാരത്തിന് കേന്ദ്ര നേതാക്കളായ അരുണ്‍ ജയ്റ്റ്‌ലിയേയും ധര്‍മ്മേന്ദ്ര പ്രധാനേയും നിതിന്‍ ഗഡ്കരി ചുമതലപ്പെടുത്തി.
മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ഉപമുഖ്യമന്ത്രിമാരായ കെ.എസ്.ഈശ്വരപ്പ, ആര്‍.അശോക, യെഡിയൂരപ്പ അനുയായികളായ ഉമേഷ് കട്ടി, വി.എം.ഉദാസി, ബാസവരാജ് ബൊമ്മേ തുടങ്ങിയ മന്ത്രിമാര്‍ രാജ്‌നാഥ് സിങ്ങുമായും ജെയ്റ്റ്‌ലിയുമായും ചര്‍ച്ച നടത്തി.

അതേസമയം നവംബര്‍ ഒന്‍പതിന് യെഡിയൂരപ്പ പുതിയ പാര്‍ട്ടിയുടെ കമ്മിറ്റികള്‍ രൂപീകരിക്കും. ഡിസംബര്‍ ആറിന് ബി.ജെ.പി വിട്ട് കര്‍ണാടക ജനത പാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബി. എസ്. യെഡിയൂരപ്പ വ്യക്തമാക്കി കഴിഞ്ഞു.

എന്നാല്‍ യെഡിയൂരപ്പയെ പാര്‍ട്ടിക്ക് ആവശ്യമാണെന്നും ഉപാധികളില്ലാതെ അദ്ദേഹം തുടരണമെന്നും കേന്ദ്രനേതാക്കള്‍ നിര്‍ദേശിച്ചതായാണ് വിവരം. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ബി.എസ് യെഡിയൂരപ്പയെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് ക്ഷണിക്കുമെന്നും സൂചനയുണ്ട്.

പാര്‍ട്ടി പ്രസിഡന്റ് പദവിയും നല്‍കി അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് യെഡിയൂരപ്പയുടെ ആവശ്യം. ഇതിനോട് നേതൃത്വം പ്രതികരിച്ചിട്ടില്ല.