എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം വിവാഹം; സര്‍ക്കാരും ലീഗും ചേര്‍ന്ന് മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്നു: ബി.ജെ.പി
എഡിറ്റര്‍
Thursday 27th June 2013 2:39pm

marriage

കോഴിക്കോട്: #മുസ്‌ലീം വിവാഹപ്രായം 16 ആക്കി ഇറക്കിയ സര്‍ക്കുലര്‍ സര്‍ക്കാരും ലീഗും മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്നതിന്റെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ്.

കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണ്. ഒരു മതവിഭാഗം ചെയ്യുമ്പോള്‍ കുറ്റമാകുന്നത് മറ്റൊരു മതം ചെയ്യുമ്പോള്‍ കുറ്റമല്ലാതാകുന്നത് രാജ്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ഇത്തരം പ്രവണതകള്‍ അപകടകരമായ ചേരിതിരിവ് സൃഷ്ടിക്കും. ഇതിന് ഉത്തരവാദിയായ സര്‍ക്കാര്‍ സര്‍ക്കുലര്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

അതേസമയം, വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കുലറിനെ ചോദ്യം ചെയ്ത് പുനര്‍ജനി നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. വിശ്വഹിന്ദു പരിഷത്തും ഹരജി നല്‍കിയിരുന്നു.

സര്‍ക്കുലറില്‍ ഭേദഗതി വരുത്താന്‍ രണ്ടാഴ്ച്ചത്തെ സമയം വേണമെന്ന് അഡ്വ. ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് ലഭിച്ച ശേഷം ഹരജികളില്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഹൈക്കോടതി കോടതി അറിയിച്ചു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതെ നിയമനടപടിയെടുക്കണമെന്നും ഹരജയില്‍ ആവശ്യപ്പെടുന്നുണ്ട്.

1957 ലെ മുസ്‌ലീം വിവാഹ നിയമപ്രകാരമാണ് ഇപ്പോള്‍ വിവാഹ പ്രായം 16 ആക്കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയതെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ വിശദീകരണം.

എന്നാല്‍ 1957 ല്‍ ഇങ്ങനെയൊരു നിയമം ഇല്ലെന്നും സര്‍ക്കുലറില്‍ പറയുന്നത് ജമൈക്കന്‍ നിയമമാണെന്നും തെളിഞ്ഞിരുന്നു.

Advertisement