ന്യൂദല്‍ഹി:ബാബാ രാംദേവിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തുമെന്ന് ബി.ജെ.പി. 24 മണിക്കൂര്‍ നീളുന്ന സത്യഗ്രഹമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് രാത്രി 7 മണി മുതല്‍ സത്യാഗ്രഹം ആരംഭിക്കുമെന്നും ബി.ജെ.പി വക്താക്കള്‍ അറിയിച്ചു.

എന്നാല്‍ ബാബ, പ്രശ്‌നത്തെ രാഷ്ട്രീയവല്‍കരിക്കാനാണ് ശ്രമിച്ചതെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ബാബ ഉറപ്പുകളെല്ലാം ലംഘിച്ചതുകൊണ്ടാണ് അറസ്റ്റു ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗാഭ്യാസത്തിനുള്ള അനുമതി മാത്രമേ അദ്ദേഹത്തിനു നല്‍കിയിരുന്നുള്ളുവെന്നും കേവലം 5000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് സ്‌പോണ്‍സേഡ് സമരമാണ് രാംലീലാ മൈതാനിയില്‍ നടന്നതന്നും ഇതെല്ലാവര്‍ക്കും ഒരു പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ അറസ്റ്റുചെയ്ത രാംദേവിനെ അതിര്‍ത്തിസുരക്ഷാസേനയുടെ ഹെലികോപ്റ്ററില്‍ ഡെറാഡൂണിലെത്തിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.