തൃക്കരിപ്പൂര്‍ : കാര്യമറിയാതെ മോഹന്‍ലാല്‍ പുലമ്പുന്നത് വിഡ്ഢിത്തമാണെന്ന് സുകുമാര്‍ അഴീക്കോട്. ആരുടെ പെരുമാറ്റത്തിലാണ് ദോഷമുള്ളതെന്ന് മോഹന്‍ലാല്‍ മനസിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലയില്‍ യുവരാജകുമാരനെന്ന ഭാവത്തില്‍ എല്ലാ കാലത്തുമിരിക്കാന്‍ സാധിക്കില്ല.വാനപ്രസ്ഥം ആവശ്യമായി വരും. ആ സമയത്ത് തനെഴുതിയ തത്വമസി വായിക്കാമെന്നും അഴീക്കോട് പറഞ്ഞു.

തനിക്ക് ലഭിച്ച പ്രതിയോഗികളില്‍ ഏറ്റവും താഴ്ന്നയാളാണ് മോഹന്‍ലാലെന്നും അഴീക്കോട് കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എന്റെ കോലം കത്തിക്കുന്തോറും തന്റെ ആയുസ്സ് കൂടിവരികയാണ്. കോലത്തുനാടിന്റെ സംസ്‌കാരം കോലം കത്തിക്കലല്ല, കോലം കെട്ടലാണ്. ഈ നാട്ടുകാര്‍ക്ക് കോലം കത്തിക്കല്‍ അപരിചിതമാണ്. ചരിത്രത്തിന്റെ പ്രഭാവവും പ്രചോദനവും ഉള്‍ക്കൊള്ളാത്തവരാണ് കോലം കത്തിക്കലുമായി നടക്കുന്നതെന്ന് പിന്നീട് കണ്ണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കലാസാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അഴീക്കോട് പറഞ്ഞു.

കലാകാരന്റെയും എഴുത്തുകാരന്റെയും ഇടയില്‍ അധികാരശക്തികള്‍ കയറിനില്ക്കുമ്പോള്‍ അവരെ പിടിച്ചുമാറ്റി ഒരു സാംസ്‌കാരിക സമ്മര്‍ദം അധികാരികളുടെ മുന്നിലെത്തിക്കണം. അതിന് എഴുത്തുകാരനും കലാകാരനും തയ്യാറാവണം. ഒരു രാഷ്ട്രീയപ്രസ്ഥാനവും ആരോടും ഒന്നിച്ചുനടക്കാന്‍ ആഹ്വാനം ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബോംബെ ബോംബെക്കാര്‍ക്കാണെന്ന് പറഞ്ഞാല്‍ ആ മഹാ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യുന്നത ഗവേഷണ സ്ഥാപനങ്ങളിലൊക്കെ പഠിപ്പിക്കാന്‍ പ്രൊഫസര്‍മാര്‍ക്ക് പകരം ശിവസേനക്കാര്‍ തന്നെ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.