തിരുവനന്തപുരം: സുകുമാര്‍ അഴീക്കോട് സി പി ഐ എം ഔദ്യോഗിക നേതൃത്വത്തിന് അനഭിമതനാകുന്നു. സി പി ഐ എം ഔദ്യോഗിക വിഭാഗത്തോട് ഒട്ടിനിന്നിരുന്ന അഴീക്കോട് അടുത്ത കാലത്തായി നടത്തുന്ന ചില ഇടപെടലുകളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. സിനിമാ വിവാദത്തില്‍ ഇടപെട്ട് അഴീക്കോട് സി പി ഐ വേദിയില്‍ വെച്ച് മമ്മൂട്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് രസിച്ചിട്ടില്ല. ഇതിന് പുറമെ അടുത്തിടെ സി പി ഐ എമ്മിന് പ്രത്യേക താല്‍പര്യമുള്ള ശോഭാ ഡവലപ്പേഴ്‌സിന്റെ വളന്തക്കാട് ഹൈടെക് സിറ്റി പദ്ധതിക്കെതിരെ അഴീക്കോട് പരസ്യമായി രംഗത്തെത്തിയതും സി പി ഐ എം നേതൃത്വം ഗൗരവമായാണ് കാണുന്നത്. സി പി ഐ എം ഔദ്യോഗിക പക്ഷത്തിന്റെ വിമര്‍ശകനായ സി ആര്‍ നീലകണ്ഠനൊപ്പമായിരുന്നു അന്ന് അഴീക്കോടിന്റെ വളന്തക്കാട് സന്ദര്‍ശനം.

തിലകന്‍ വിവാദത്തില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്നുവെന്ന് കരുതപ്പെടുന്ന മമ്മൂട്ടി സി പി ഐ എം സഹയാത്രികനും പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനുമാണ്. മമ്മൂട്ടിക്കെതിരെ അഴീക്കോട് ഇത്തരത്തില്‍ രംഗത്ത് വരരുതായിരുന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതിന് പുറമെ സി പി ഐയാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന മട്ടില്‍ അഴീക്കോട് ചില പരാമര്‍ശങ്ങള്‍ നടത്തിയതായും അവര്‍ ആരോപിക്കുന്നു.

സിനിമാ തര്‍ക്കത്തില്‍ പരസ്യമായില്ലെങ്കിലും അമ്മയുടെ പക്ഷത്താണ് സി പി ഐ എമ്മും സി ഐ ടി യുവുമുള്ളത്. മുമ്പ് മമ്മൂട്ടിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് മാക്ട മാര്‍ച്ച് നടത്തിയപ്പോള്‍ തടയാനെത്തിയത് സി ഐ ടി യുവും ഡി വൈ എഫ് ഐയുമായിരുന്നു. പരമാവധി പാര്‍ട്ടി പരിപാടികളില്‍ നിന്ന് അഴീക്കോടിനെ ഒഴിവാക്കിനാണ് നീക്കം. സര്‍ക്കാര്‍ പരിപാടികളിലും ഇനി അഴീക്കോടിന് വലിയ പ്രാതിനിധ്യം ലഭിക്കണമെന്നില്ല.

ഒരു കാലത്ത് സി പി ഐ എം ഔദ്യോഗിക പക്ഷത്തിന് പ്രിയങ്കരനായിരുന്നു അഴീക്കോട്. സി പി ഐ എം പ്രത്യശാസ്ത്ര ചര്‍ച്ചകളില്‍ ഇടപെടുകയും വി എസിനെതിരെ ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുകയും ചെയ്തിരുന്നു അഴീക്കോട്. ഒരു ഘട്ടത്തില്‍ വി എസിനെ കൂട്ടില്‍ കാഷ്ടിക്കുന്ന ജീവിയെന്ന് വിളിക്കുക പോലുമുണ്ടായി അഴീക്കോട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ എം ശക്തമായ തിരിച്ചടി ഏറ്റുവാങ്ങിയ ശേഷം വി എസ് മാധ്യമങ്ങളോട് ചിരിച്ചതിനെ വഞ്ചകന്റെ ചിരിയെന്നായിരുന്നു അഴീക്കോട് വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍ ശക്തമായ ആശയ പോരാട്ടത്തിന്റെ ചിന്ത ഉയര്‍ത്തിക്കൊണ്ട് വന്ന എം എന്‍ വിജയന്‍മാഷുടെയും ശക്തനായ വിമര്‍ശകനായിരുന്നു അഴീക്കോട്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാമായിരുന്നു അഴീക്കോട് ഔദ്യോഗിക പക്ഷത്തിന് പ്രയങ്കരനായത്. എന്നാല്‍ പഴയ ചരിത്രം ഇപ്പോള്‍ അഴീക്കോട് സ്വീകരിക്കുന്ന നിലപാടിനുള്ള അംഗീകാരമാകില്ലെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്.