കോഴിക്കോട്: സുകുമാര്‍ അഴീക്കോടിനെതിരെ അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ രൂക്ഷ വിമര്‍ശനം. സ്വന്തം പ്രശ്‌നങ്ങള്‍ തീര്‍ത്ത ശേഷം അഴീക്കോട് സിനിമാ പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ മതിയെന്ന് ഇന്നസെന്റ് വ്യക്തമാക്കി. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സുകുമാര്‍ അഴീക്കോട് അസൂയ കാണിച്ചിട്ട് കാര്യമില്ല. സമൂഹത്തിലെ വലിയ ആളുകളെ അധിക്ഷേപിക്കുന്ന വ്യക്തിയാണ് അഴീക്കോടെന്ന് മനസിലായിട്ടുണ്ട്.

മോഹന്‍ലാല്‍ സ്വര്‍ണ പരസ്യത്തില്‍ അഭിനയിക്കുന്നതാണ് അഴീക്കോടിന്റെ പരാതി. അഴീക്കോടിന് സ്വര്‍ണ പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിയില്ല. ഇനി അഭിനയിച്ചാല്‍ തന്നെ ആളുകള്‍ വാങ്ങിയ സ്വര്‍ണം കടയില്‍ തിരിച്ച് കൊണ്ട് കൊടുക്കും. ഇനിയുള്ള കാലം അഴീക്കോട് രാമ നാമം ജപിച്ച് നല്ല സിനിമികള്‍ കണ്ട് കഴിയുകയാണ് വേണ്ടത്. അല്ലാതിരുന്നാല്‍ പിന്നീട് ഇന്നസെന്റ് പറഞ്ഞച് ചെയ്തില്ലല്ലോയെന്ന് പശ്ചാത്തപിക്കേണ്ടി വരും.

താന്‍ നാല്‍പത് പുസ്തകമെഴുതിയ ആളാണെന്ന് ഇടക്കിടെ പറയേണ്ട ഗതികേടിലാണ് അഴീക്കോട്. അമ്മയുടെ പ്രശ്‌നം തീര്‍ക്കാന്‍ അമ്മക്ക് തന്നെയറിയാം. പട്ടിണി കിടന്ന ആള്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ സ്ഥിതിയാണ് ഇപ്പോഴുള്ളത്. മാധ്യമങ്ങളില്‍ മുഖം കാണിക്കാനുള്ള ശ്രമമാണ് അഴീക്കോട് നടത്തുന്നത്. തിലകനുമായി ചര്‍ച്ചക്ക് അമ്മ തയ്യാറാണ്. എന്നാല്‍ തിലകന്‍ ആദ്യം അമ്മ നല്‍കിയ നോട്ടീസിന് മറുപടി നല്‍കണമെന്നും ഇന്നസെന്റ് പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയിലാണ് തിലകന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്.