തൃശൂര്‍: വൃദ്ധനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ പദേശം താന്‍ സ്വീകരിക്കില്ലെന്ന് സുകുമാര്‍ അഴീക്കോട്. നടന്‍ മോഹന്‍ലാലുമായി താന്‍ വിവാദത്തില്‍ ഇടപെടരുതായിരുന്നുവെന്ന് കൃഷ്ണയ്യരുടെ ഉപദേശം നല്ല ഉദ്ദേശ്യത്തോടെയല്ല. ഡി വൈ എഫ് ഐയുടെ മുഖപത്രമായ യുവധാര മാസികയുടെ സംസ്ഥാന തല പ്രചാരണ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവാദത്തില്‍ ഇടപെടരുതെന്ന പ്രസ്താവന കൃഷ്ണയ്യരുടെ വാര്‍ധക്യത്തെയും എന്റെ യൗവ്വനത്തെയുമാണ് സൂചിപ്പിക്കുന്നത്. തത്വമസി എഴുതിയതു ഗീതയുടെ അര്‍ഥം ഉള്‍ക്കൊണ്ടു തന്നെയാണ്. കുപ്പി കൈയിലെടുത്ത് വൈകിട്ടെന്താ പരിപാടിയെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. അത്തരമൊരാളെ ഖദറിന്റെ അംബാസഡറാക്കാന്‍ വ്യവസായ മന്ത്രിക്ക് എന്താണ് അധികാരമെന്ന് വ്യക്തമാക്കണം. മദ്യം കഴിക്കുന്ന ഒരാള്‍ ഖദര്‍ പ്രചാരണത്തിന് അനുയോജ്യനാണെന്ന് നാണെന്നു മന്ത്രി കണ്ടെത്തിയത് മോശമാണ്. മോഹന്‍ലാലിനെ ഖദര്‍ വസ്ത്രത്തിന്റെ അംബാസഡര്‍ ആക്കിയത് വ്യവസായ മന്ത്രി പുനരാലോചിക്കണം. ചരക്കിനു ഗുണനിലവാരം ഇല്ലാതെ വരുമ്പോള്‍ വിറ്റഴിക്കാനാണ് അംബാസഡര്‍മാരെ നിയമിക്കുന്നത്. വ്യവസായ വകുപ്പിന്റെ നടപടി ഗാന്ധിജിയെ അപമാനിക്കലാണ്. ഗാന്ധിജിയെ ഗോഡ്‌സെ കൊന്നതിലും വലിയ കൊലയാണത്്. ഖദറിന്റെ അംബാസഡര്‍ ഗാന്ധിജിയാണ്. മഹാത്മാവിന്റെ സ്ഥാനത്ത് മോഹന്‍ലാലിനെ പ്രതിഷ്ഠിക്കാന്‍ കേരളത്തില്‍ സമ്മതിക്കില്ലെന്നും അഴീക്കോട് പറഞ്ഞു.

തന്റെ സ്വത്തുവിവരം പ്രഖ്യാപിക്കണമെന്ന കെ എസ് യുക്കാരുടെ ആവശ്യം സോക്രട്ടീസിന് വിഷം കൊടുത്തതുപൊലെയാണ്. വി സിയായിരുന്നതിന്റെ പെന്‍ഷനും തത്വമസിയുടെ റോയല്‍റ്റിയുമാണ് തന്റെ വരുമാനം. ഇതിന്റെ എല്ലാ വിവരങ്ങളും ഇന്‍കം ടാക്‌സ് ഓഫിസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുവാക്കള്‍ രാജ്യത്തിന്റെ കാവല്‍ക്കാരാകണം. അതാണ് സാരേ ജഹാം സേ എഴുതിയ മഹാകവി ഇഖ്ബാല്‍ ആവശ്യപ്പെട്ടത്.

യുവധാര പത്രാധിപര്‍ സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, സി പി ഐ എം ജില്ലാ സെക്രട്ടറി ബേബി ജോണ്‍,കവി രാവുണ്ണി, എം സ്വരാജ്, പി എസ് വിനയന്‍, ടി കെ. വാസു പ്രസംഗിച്ചു.