തൃശൂര്‍: ഞാന്‍ ധരിച്ചുവെച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്തനായ ഒരു മോഹന്‍ലാലിനെയാണ് പ്രണയം എന്ന സിനിമയില്‍ കണ്ടതെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. ഈ ചിത്രത്തിലൂടെ മോഹന്‍ലാലിന് സ്വയം കണ്ടെത്താനായെന്നും അഴീക്കോട് പറഞ്ഞു.

തൃശൂര്‍ കൈരളി തിയ്യേറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയ അഴീക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ആത്മസുഹൃത്തിന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലും പ്രണയം കാണാനുള്ള തീരുമാനത്തില്‍ നിന്നും അഴീക്കോട് പിന്മാറിയില്ല. മുന്‍ നിശ്ചയിച്ച പ്രകാരം ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ അദ്ദേഹം തിയ്യേറ്ററിലേക്ക് പോകുകയായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കുറേ നാളായി ‘ പ്രണയം’ കാണാന്‍ തന്നെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഇപ്പോഴാണ് അതിന് സമയം ലഭിച്ചതെന്നും അഴീക്കോട് പറഞ്ഞു.

പ്രണയത്തിലെ ലാലിന്റെ അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അഴീക്കോടിന് നൂറ് നാവായിരുന്നു. ‘ ലാലിന് സ്വയം കണ്ടെത്താനായതിന് പിന്നില്‍ സംവിധായകന്റെ മിടുക്കുണ്ട്. സംവിധായകനാണ് സിനിമയുടെ സൂത്രധാരന്‍. കഥാപാത്രങ്ങളുടെ ഐക്യം ഈ സിനിമയില്‍ വ്യക്തമാകുന്നുണ്ട്. പ്രണയത്തിന്റെയല്ല, മറിച്ച് ഒരു പ്രയാണത്തിന്റെ കഥയാണിത്. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയെക്കുറിച്ചാണ് സിനിമ പറയുന്നത്. സിനിമക്ക് വൈകല്യങ്ങളില്ല എന്നല്ല.’

‘വ്യത്യസ്തതയുള്ള ചിത്രം തന്നെയാണിത്. സിനിമയിലെ അഭിനേതാക്കളെക്കാല്‍ സിനിമ തന്നെയാണ് പ്രധാനം. അഭിനേതാക്കള്‍ പലപ്പോഴും വിറകുകളാണ്. മലയാള സിനിമ വീണ്ടും അതിന്റെ ഇടം കണ്ടെത്തുന്നു എന്നതിന്റെ തെളിവുകൂടിയാണ് ‘ പ്രണയം’. മലയാള സിനിമ ഇടക്കാലത്ത് വഴിപിഴച്ചുപോയ ഒരു കാലമുണ്ടായിരുന്നു. വെറുമൊരു നിസ്സാര വിനോദമാണ് സിനിമ എന്ന് ധരിച്ചു തുടങ്ങിയ ഒരു കാലം. എന്തായാലും മാറ്റത്തിന്റെ മേന്മ തിരിച്ചറിഞ്ഞു. യൗവനം നിശ്ചിതകാലത്തെ ചില ഗ്രന്ഥികളുടെ പ്രവര്‍ത്തനം കൊണ്ടുള്ള ഒരു ജീവിതാവസ്ഥയാണ്. യൗവനത്തിന് പ്രണയം കീഴടങ്ങരുതെന്നാണ് ഈ സിനിമ നല്‍കുന്ന സന്ദേശം’ അഴീക്കോട് പറഞ്ഞു.

ഇരുവരും തമ്മിലുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ അഴീക്കോട് ‘പ്രണയം’ കാണാനെത്തിയത്.