ഹൈദരാബാദ്: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോണ്ഗ്രസ് എം.പിയുമായ മുഹമ്മദ് അസഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍ (19)മരിച്ചു. അഞ്ച് ദിവസം മുന്‍പാണ് അയാസുദ്ദീന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ലണ്ടനിലായിരുന്ന അസഹറുദ്ദീന്‍ തിങ്കളാഴ്ച ഹൈദരാബാദിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 6.30 ഓടെ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വെച്ചായിരുന്നു അപകടം. അമിതവേഗതയില്‍ സ്‌പോര്‍ട്‌സ് ബൈക്കില്‍ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു.

അപകടത്തെതുടര്‍ന്ന അയാസുദ്ദീനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാസുദ്ദീന്റെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അസഹറുദ്ദീന്റെ ആദ്യഭാര്യയിലെ പുത്രനാണ് പത്തൊമ്പത്കാരനായ അയാസുദ്ദീന്‍.

അയാസുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന അസ്ഹറുദ്ദീന്റെ സഹോദരിപുത്രന്‍ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.