ഹൈദരാബാദ്: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോണ്ഗ്രസ് എം.പിയുമായ മുഹമ്മദ് അസഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. അപകട സമയത്ത് ലണ്ടനിലായിരുന്ന അസഹറുദ്ദീന്‍ തിങ്കളാഴ്ച ഹൈദരാബാദിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

അയാസുദ്ദീന്‍ പെട്ടെന്ന് അപകട നില തരണം ചെയ്ത് സുഖം പ്രാപിക്കാനായി സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ബോളിവുഡ് താരങ്ങളുടെയും സ്‌പോര്‍ട്‌സ് താരങ്ങളുടെയും പ്രാര്‍ത്ഥനാ പ്രവാഹമാണ്. ടെന്നീസ് താരം സാനിയ മിര്‍സ, ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ, അഭിനേതാക്കളായ ഭുമാന്‍ ഇറാനി, റിതേശ് ദേശ്മുഖ് എന്നിവര്‍ അയാസുദ്ദീന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാംശസിച്ച ട്വിറ്റര്‍ സന്ദേശങ്ങല്‍ കുറിച്ചു.

ഞായറാഴ്ച രാവിലെയാണ് ബൈക്ക് അപകടത്തെതുടര്‍ന്ന അയാസുദ്ദീനെ അപ്പോളേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയാസുദ്ദീന്റെ നില അതീവഗുരുതരാവസ്തയില്‍ തുടരുകയാണെന്നും രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അസഹറുദ്ദീന്റെ ആദ്യഭാര്യയിലെ പുത്രനാണ് പത്തൊമ്പത്കാരനായ അയാസുദ്ദീന്‍.