ദോഹ: ഖത്തര്‍ ഓപ്പണില്‍ സെറീനയുടെ സ്വപ്‌നം തകര്‍ത്ത് വിക്ടോറിയ അസരങ്കെ കിരീടം നേടി. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏറെ വിയര്‍ത്തതിന് ശേഷമായിരുന്നു അസരങ്കെയുടെ വിജയം.

7-6(8-), 2-6, 6-3 എന്ന സ്‌കോറിനായിരുന്നു അസരങ്കെയുടെ വിജയം. പുതിയ വിജയത്തോടെ അസരങ്കെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 23 കാരിയായ അസരങ്കെ 2009 ലാണ് അവസാനമായി സെറീനയെ പരാജയപ്പെടുത്തിയത്.

Ads By Google

കഴിഞ്ഞ ദിവസം ടെന്നീസ് ലോകത്തെ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരിയായി സെറീന വില്യംസ് എത്തിയിരുന്നു. ഖത്തര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് താരം പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തിയതിന് ശേഷം പുറത്ത് വിട്ട റാങ്കിങ്ങിലായിരുന്നു സെറീന വീണ്ടും ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്.

അന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അസരങ്കെ വീണ്ടും തന്റെ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. സെറീനയുടെ ഇരുപതാം വയസ്സിലാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമാകുന്നത്. ഇതുവരെ ആറ് തവണ ഒന്നാം സ്ഥാനത്ത് സെറീന എത്തിയിട്ടുണ്ട്.