ന്യൂദല്‍ഹി: മാവോവാദി നേതാവ് രാജ് കുമാര്‍ എന്ന ആസാദ്, പത്രപ്രവര്‍ത്തകനായ ഹേമേന്ദ്ര പാണ്ഡെ എന്നിവരുടെ കൊലപാതകക്കേസിലെ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് സുപ്രീം കോടതി ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അബ്താബ് ആലം, ആര്‍.എം ലോധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മനുഷ്യാവശ കമ്മീഷനെ ഉള്‍പ്പെടുത്തിയാണോ കേസ് അന്വേഷിക്കുന്നത് എന്ന് സര്‍ക്കാറിനോട് ആരാഞ്ഞ കോടതി പ്രത്യേക അന്വേഷണ സംഘത്തെ കേസിന്റെ ചുമതല ഏല്‍പ്പിക്കണമെന്ന ഹരജിക്കാരി ബിനേതാ പാണ്ഡെയുടെ ആവശ്യം തള്ളി. ഹേമേന്ദ്ര പാണ്ഡെയുടെ വിധവയാണ് ബിനിത പാണ്ഡെ.

2010 ജൂലായ് രണ്ടിന് ആന്ധ്രാപ്രദേശിലെ അഡിലാബാദില്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ആസാദ് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ നാഗ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് ആസാദ് കൊല്ലപ്പെട്ടതെന്ന് മാവോവാദികളും മറ്റ് മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.

സി.പി.ഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ആസാദിന്റെ തലയ്ക്ക് സര്‍ക്കാര്‍ 12 ലക്ഷംരൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. നാലു പതിറ്റാണ്ടായി മാവോവാദികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലക്കാരനായ ആസാദ്.

എന്നാല്‍ സര്‍ക്കാറുമായി സമാധാന ചര്‍ച്ചക്ക് മുന്‍കയ്യെടുത്ത ആസാദ് കൊല്ലപ്പെട്ടത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വാമി അഗ്നിവേശ് ഉള്‍പ്പെടെയുള്ളവര്‍ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നുവെങ്കിലും അദ്ദേഹം ആവശ്യം നിരസിക്കുകയായിരുന്നു.