ന്യൂദല്‍ഹി: ‘ആസാദി’ എന്ന മുദ്രാവാക്യം വിളി രാജ്യദ്രോഹമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം പറഞ്ഞത്.

‘ഇത് രാജ്യദ്രോഹമല്ലെങ്കില്‍ ഇതെന്താണെന്ന് എനിക്കറിയില്ല.’ അദ്ദേഹം പറഞ്ഞു. നിലവിലെ രാജ്യദ്രോഹനിയമം കൂടുതല്‍ കര്‍ശനമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാറെന്നും അദ്ദേഹം വ്യക്തമാക്കി.

ആസാദി മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യമായ കര്‍ശന നിയമം പരിശോധനകള്‍ക്കുശേഷം ആഭ്യന്തരമന്ത്രാലയവും നിയമമന്ത്രാലയവും കൊണ്ടുവരും എന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത്.

‘മുദ്രാവാക്യമുയര്‍ത്തുന്ന ഇവരാണ് കശ്മീരിലും ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും ആയുധമെടുക്കുന്നത്. ബലപ്രയോഗത്തിലൂടെ തങ്ങള്‍ക്ക് സ്വാതന്ത്ര്യം (ആസാദി) ലഭിക്കുമെന്നാണ് തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍മാര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അക്രമത്തിനു പിന്നാലെയാണ് ആസാദി മുദ്രാവാക്യം ഉയരുന്നത്.’ അദ്ദേഹം പറഞ്ഞു.