എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.ജെ.പി നേതാവ് അയ്യപ്പന്‍പിള്ള രാജിവെച്ചു
എഡിറ്റര്‍
Monday 6th February 2017 4:22pm

ayyapp
തിരുവനന്തപുരം:  തിരുവനന്തപുരം ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.ജെ.പി നേതാവ് അയ്യപ്പന്‍ പിള്ള രാജിവെച്ചു. രാജി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാജി അംഗീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയഴ്ചയായിരുന്നു ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ അയ്യപ്പന്‍പിള്ള വി.വി രാജേഷിന്റെ സമരപന്തലില്‍ എത്തി വിദ്യാഭ്യാസ മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ അയ്യപ്പന്‍പിള്ളയുടെ ഭാഗത്ത് നിന്ന് പിന്നീട് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

നാല് പതിറ്റാണ്ട് കാലമായി ലോ അക്കാദമി മാനേജ്‌മെന്റിന്റെ ഭാഗമായയാളാണ് അയ്യപ്പന്‍ പിള്ള. അതേസമയം അയ്യപ്പന്‍പിള്ളയുടെ രാജിക്കത്ത് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരം ആദ്യം ഏറ്റെടുത്ത രാഷ്ട്രീയ പാര്‍ട്ടിയും ബി.ജെ.പിയായിരുന്നു. അക്കാദമി ചെയര്‍മാന്‍ ബി.ജെ.പി മുന്‍ നേതാവാണെന്നിരിക്കെ പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പിയ്ക്ക് നേരിട്ട് മാനേജ്‌മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താമല്ലോ എന്ന ചോദ്യം ആദ്യമേ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുമായി ആദ്യം മുതല്‍ക്കേ നടത്തി വരുന്ന ചര്‍ച്ചകളിലും അയ്യപ്പന്‍പിള്ള മാനേജ്‌മെന്റിനെ പ്രതിനിധികരിച്ച് പങ്കെടുത്തിരുന്നു.

എ.ബി.വി.പി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്.എഫ്.ഐയോട് മാത്രമായി മാനേജ്‌മെന്റ് ഒത്തുതീര്‍പ്പില്‍ എത്തി എന്നാരോപിക്കുന്ന ചര്‍ച്ചയിലും അയ്യപ്പന്‍പിള്ള പങ്കെടുത്തിരുന്നു. ബി.ജെ.പി നേതാവായ വി. മുരളീധരന്‍ നിരാഹാര സമരം കിടന്നപ്പോള്‍ മാനേജ്‌മെന്റിനായി അയ്യപ്പന്‍പിള്ള രംഗത്തെത്തിയതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു

Advertisement