തൃശൂര്‍: വ്യാഴാഴ്ച അന്തരിച്ച കവി എ അയ്യപ്പന്റെ സംസ്‌കാരച്ചടങ്ങ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാനാവാത്തത് കൊണ്ടാണ് സംസ്‌കാര ചടങ്ങ് മാറ്റിയതെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു.

എന്നാല്‍ അയ്യപ്പന്റെ സംസ്‌കാരം മാറ്റിവെച്ചതിനെതിരേ സുകുമാര്‍ അഴീക്കോട് രംഗത്തെത്തി. തീരുമാനം സാംസ്‌കാരിക വകുപ്പിന്റെ ധിക്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘അയ്യപ്പന്റേത് അനാഥശവമാണെന്ന് കരുതേണ്ട, അദ്ദേഹത്തിന്റെ വായനക്കാരെല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കളാണ്. സര്‍ക്കാരിന്റെ സൗകര്യം നോക്കിയല്ല കവിയുടെ സംസ്‌കാരം നടത്തേണ്ടത്. അയ്യപ്പന്റെ സംസ്‌കാരം ഇനി ജനങ്ങള്‍ നടത്തും’- അഴീക്കോട് പറഞ്ഞു.