Categories

എന്റെ ശവപ്പെട്ടിചുമക്കുന്നവരോട് എ അയ്യപ്പന്‍

കവിത/ എ അയ്യപ്പന്‍

എന്റെ ശവപ്പെട്ടിചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്ത്തിന്റെ
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണ് മുടും മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍  കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്കു തിരിച്ചു പോകണം,
പൂവിലൂടെ എനിക്കു തിരിച്ചു പോകണം.
മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും.
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്
മൃതിയിലൂടെ ഒളിച്ചു പോകും.
ഇല്ലെങ്കില്‍
ഈ ശവപ്പെട്ടി മൂടാതെ പോകുക
ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലോ.

Tagged with:

One Response to “എന്റെ ശവപ്പെട്ടിചുമക്കുന്നവരോട് എ അയ്യപ്പന്‍”

 1. cp aboobacker

  അയ്യപ്പന്‍

  എഴുതിയെഴുതിയെന്‍ രുധിരമായ് മാറി-
  യൊഴുകിയെത്തിയെന്‍ കരളിലേക്കവന്‍.

  ഒരുപഴംകഥയല്ലവന്‍ മണ്ണും
  മരണവും തന്നില്‍ നിറച്ചുനിന്നവന്‍
  തിളങ്ങും നക്ഷത്രത്തുയിലുണരവേ
  മധുരരസലങ്ങളറുത്തു ചോരയില്‍
  പൊതിഞ്ഞരൂപമായ് കുരിശില്‍ നിന്നവന്‍
  കൊലക്കയര്‍താണു കഴുത്തിലെത്തുമ്പോള്‍
  പലകുറിയാര്‍ത്തുചിരിച്ചകന്നവന്‍
  നരച്ചനീള്‍മുടിച്ചുരുളുകള്‍ക്കുള്ളില്‍
  വരഞ്ഞനേര്‍വര നടന്നു തീര്‍ത്തവന്‍
  കവിതയും വാക്കും വിളഞ്ഞഭൂമിയെ
  കവിഞ്ഞുനിന്നവന്‍, പദങ്ങളാല്‍ സ്വന്തം
  നിലമുഴുതവന്‍, മണ്ണിന്‍ നിറം മണത്തവന്‍.
  വരാനിരിക്കുന്നവസന്തകാലത്താല്‍ വയര്‍നിറച്ചവന്‍
  ഋതുക്കളെ നോക്കി പകച്ചുപോയവന്‍
  കരളുകള്‍തേടി കരങ്ങള്‍ നീട്ടിയോന്‍
  മൊഴികള്‍ മാറുന്ന ചിറകുകള്‍ക്കൊപ്പം
  മഴയില്‍ ചേക്കേറിയുറക്കിളച്ചവന്‍
  നനഞ്ഞുതുപ്പിയൊരുമിനീരാകവേ
  കഴിഞ്ഞപോരിന്റെ നിണം ചുരത്തിയോന്‍
  ഇനിവരാനുള്ളരണങ്ങളെയോര്‍ത്ത്
  കിനിഞ്ഞവീഞ്ഞിലെ പുളപ്പായ് നിന്നവന്‍

  അവനെനിക്കാര്?
  കവിയോ,
  കാലപരിധിയും കട-
  ന്നമൃതമായ് വന്ന വചസ്സോ?
  സ്വത്വഹതമോ?
  പറയുക.
  (2)

  ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
  കുരുവിതന്‍ ലക്ഷ്യമെന്താവാം?
  കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
  തെണ്ടിനടക്കണമെന്നോ?

  നീലക്കടമ്പില്‍ കുടിവെച്ചു പാര്‍ക്കുമീ
  കാലപ്പിഴയുടെ മാറില്‍
  ഉരുള്‍കല്ല് വെള്ളം പതിക്കുന്ന നോവിന്റെ-
  യടമഴച്ചുഴലികള്‍ക്കൊപ്പം
  ഒരു ചെറുനാരുമായൊഴുകുന്നചോരയില്‍
  കുരലുയര്‍ത്തുന്നവര്‍ക്കൊപ്പം
  തെരുവും കിനാവും നിലാവും നിറഞ്ഞ തന്‍
  മരണവൃത്താന്തത്തിനൊപ്പം
  ഗഗനത്തിലൊഴുകും കരിമേഘരാശികള്‍
  ജഘനത്തിലേല്ക്കും കണിമാര്‍
  ഇനിയും നടക്കാത്തപോരിന്റെയുര്‍വ്വര-
  പ്പിനിയുന്ന മാന്‍പേടയെല്ലാം
  എവിടെയാണുന്മത്തമിഴിയില്‍ പെടാതവ-
  രെവിടേക്കകന്നുപോവുന്നു?
  അവരകലുന്നൊരീ ചിത്തഭ്രമത്തിന്റെ
  കവരങ്ങളില്‍ വന്നുനിന്ന്
  കവിതയില്ലാത്തജഡത്തില്‍ നിന്നേറ്റവന്‍
  കഴുതപ്പുറത്തേറിനില്‌ക്കേ
  പരിഹസിച്ചെത്തും പുരുഷാരമൊരുനിമിഷ-
  മെന്തേ പകച്ചുനില്ക്കുന്നൂ?

  അവനൊരു കിളിയായ് പറന്നു മരക്കൊമ്പില്‍
  മിഴിചെരിച്ചാരെ നോക്കുന്നൂ?
  എങ്ങളെ? യെന്നെ?യതോനമ്മെയൊക്കെയു-
  മലിവാര്‍ന്നവന്‍നോക്കിനിന്നൂ.
  പുല്ലും പുഴുവും പ്രിയപ്പെട്ടവന്‍, തന്റെ
  തല്ലും തടവും ത്യജിച്ചു
  അജ്ഞാതമേതോ മഹാശൂന്യരാശിയില്‍
  സ്വന്തമിടവുമായ് ചെന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.