കോഴിക്കോട്: അര്‍ബുദ രോഗത്തിന് മരുന്നു കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ട് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ നൂറ് കണക്കിന് ആളുകളില്‍ നിന്ന് പണം വാങ്ങിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കാരന്തൂര്‍ മുണ്ടിക്കല്‍ താഴത്ത് അതുല്യ ആയുര്‍യുര്‍വേദിക് റിസര്‍ച്ച് സെന്റര്‍ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന സക്കറിയ ജേക്കബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിനിരയായവരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറിലേറെ പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. ഗവേഷണ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് അയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ഇയാള്‍ പലരില്‍ നിന്നായി വാങ്ങിയിട്ടുണ്ട്. 21 ദിവസത്തിനകം അര്‍ബുദ രോഗം പൂര്‍ണ്ണമായി ഭേദപ്പെടുത്തുന്നുമെന്ന് അവകാശപ്പെട്ട് നിരവധി പേരെ ഇയാള്‍ സ്ഥാപനത്തില്‍ ചികിത്സിപ്പിക്കുന്നുമുണ്ട്.

എസ്.ജെ എന്ന പേരില്‍ ഇയാള്‍ വികസിപ്പിച്ചെടുത്ത മരുന്നിന് രോഗം മാറ്റാന്‍ കഴിവുണ്ടെന്നും ഇതിന് ആഗോള പേറ്റന്റ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്. റിസര്‍ച്ച് സെന്ററിനുള്ള ചെലവിനായാണ് രോഗികളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പണം വാങ്ങിയത്. ലാഭവിഹിതവും ജോലിയും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. സംഭവത്തില്‍ വ്യാജ ഡോക്ടറുടെ സഹോദരന്‍ തമ്പി ജേക്കബ്, വയനാട് സ്വദേശി സലീം തയ്യില്‍, ഇയാളുടെ ഭാര്യ എന്നിവര്‍ ഒളിവിലാണ്.