ന്യൂദല്‍ഹി: അയോധ്യ രഥയാത്രയെ ന്യായീകരിക്കുന്നതാണെന്ന് കോടതി വിധിയെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. നിയമം വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നും കോടതിയിലൂടെ വിധി നിയമത്തെ വിശ്വാസം അട്ടിമറിച്ചുവെന്ന് പറയാനാകില്ലെന്നും അദ്വാനി പറഞ്ഞു.

പി ടി ഐ പ്രതിനിധിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തിലാണ് 1989ല്‍ രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുകയും ബാബരി പള്ളി തകര്‍ക്കുന്നതിനിടയാക്കിയ രഥയാത്ര നയിക്കുകയും ചെയ്ത അദ്വാനി ഇക്കാര്യം വ്യക്തമാക്കിയത്.

വിധിയില്‍ തങ്ങള്‍ വിജയിച്ചതായി അവകാശപ്പെടുന്നില്ലെന്നും രാജ്യത്തെ മുസ്് ലിം വിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ അതെ അത് ശരിയായിരുന്നുവെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. 1989 വരെ ബി.ജെ.പി രാമക്ഷേത്ര പ്രക്ഷോഭത്തില്‍ പങ്കാളിയായിരുന്നില്ല- 1989ല്‍ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് നടത്തിയ രഥയാത്രക്കുള്ള ന്യായീകരണമാണോ കോടതിവിധിയെന്ന ചോദ്യത്തോട് അദ്വാനിയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇനി അവരെ ജോലി ചെയ്യാന്‍ അനുവദിക്കുകയാണ് വേണ്ടത്’- അദ്വാനി ചോദ്യത്തിനുത്തരമായി പറഞ്ഞു.

ഫൈസബാദില്‍ സരയു നദിയുടെ തീരത്ത് കോംപ്ലക്‌സിന് പുറത്തായി മുസ്‌ലിംള്‍ക്ക് പള്ളി പണിയാമെന്ന ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ അഭിപ്രായത്തെ അദാനിയും പൂര്‍ണമായും അംഗീകരിച്ചു.

അതേസമയം രഥയാത്രയെ ന്യായീകരിക്കുന്നതാണ് വിധിയെന്ന് അദ്വാനി പറഞ്ഞതിലൂടെ അദ്ദേഹം പള്ളി പൊളിച്ചതിനെയും ന്യായീകരിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അയോധ്യയിലെ തര്‍ക്ക സ്ഥലം മൂന്നായി വിഭജിച്ച് നിര്‍മോഹി അഖാരക്കും രാംലല്ലക്കും സുന്നി വഖഫ് ബോര്‍ഡിനും നല്‍കാനായിരുന്നു കഴിഞ്ഞ ആഴ്ച അലഹാബാദ് ഹൈകോടതി വിധിച്ചത്.